രാമനാട്ടുകര ∙ പൊതു റോഡിലേക്ക് മലിനജലം ഒഴുക്കിയതിനെതിരെ സിപിഎം നേതൃത്വത്തിൽ പ്രതിഷേധം. രാവിലെ സുരഭി മാളിൽ നിന്നുള്ള അഴുക്കുവെള്ളം എൻഎച്ച്–ജിയുപി സ്കൂൾ റോഡിലേക്ക് ഒഴുക്കി എന്നാണു പരാതി. സിപിഎം പ്രവർത്തകർ പ്രതിഷേധിച്ചതോടെ ഫറോക്ക് എസ്ഐ പി.ടി.സൈഫുല്ലയുടെ നേതൃത്വത്തിൽ പൊലീസും നഗരസഭ ജെഎച്ച്ഐ പി.എൻ.സുരാജും സ്ഥലത്തെത്തി.
മാൾ വളപ്പിലേക്ക് വെള്ളം ഒഴുക്കിയ പൈപ്പ് ആരോ റോഡിലേക്ക് എടുത്തിട്ടു എന്നാണു സ്ഥലത്തുണ്ടായ തൊഴിലാളികൾ പൊലീസിനോടു പറഞ്ഞത്. പ്രതിഷേധത്തിനു കൗൺസിലർ എം.കെ.ഗീത, പി.ദിലീപ് കുമാർ, വിജയൻ പി.മേനോൻ, രാജൻ പുൽപറമ്പിൽ എന്നിവർ നേതൃത്വം നൽകി.