അത്തോളി ∙ ലക്ഷങ്ങൾ ഒഴുക്കിയിട്ടും വേനൽച്ചൂടിലും വെള്ളം കിട്ടാതെ കോളനി നിവാസികൾ. 5 വർഷം മുൻപ് പണി തുടങ്ങിയ പുതിയ കുന്നുമ്മൽ മീത്തൽ ജലപദ്ധതിയാണ് ഇപ്പോഴും പൂർത്തിയാകാതെ നിൽക്കുന്നത്. 2018ൽ ജില്ലാ പഞ്ചായത്ത് അനുവദിച്ച 25 ലക്ഷം രൂപ കൊണ്ടാണ് പദ്ധതി ആരംഭിച്ചത്. വീടുകളിലേക്ക് കണക്‌ഷൻ നൽകുന്നതിന് വേണ്ടി 10 ലക്ഷം രൂപ അടുത്ത വർഷം അനുവദിച്ചിരുന്നു. ടെൻഡർ നടപടികൾ പൂർത്തിയായി 5 വർഷമായിട്ടും പദ്ധതി ലക്ഷ്യം കണ്ടില്ല.
തിരുമംഗലത്ത് താഴെ നിലവിലുള്ള കിണറിൽ നിന്നാണ് വെള്ളം പമ്പ് ചെയ്യേണ്ടത്. അവിടെ പമ്പും പമ്പ് ഹൗസും സ്ഥാപിക്കുകയും പുതിയ കുന്നുമ്മൽ മലയിൽ ടാങ്കും ടാങ്കിലേക്കുള്ള പൈപ്‌ലൈനും സ്ഥാപിച്ചുവെങ്കിലും ജലവിതരണം ആരംഭിച്ചില്ല. വൈദ്യുതി കണക്‌ഷൻ കിട്ടാൻ വൈകിയത് കാരണമാണ് പദ്ധതി വൈകുന്നതെന്നാണ് കറാറുകാരൻ പറയുന്നത്.
ഇപ്പോൾ വൈദ്യുത കണക്‌ഷൻ ലഭിച്ചെങ്കിലും പമ്പിങ് തുടങ്ങിയിട്ടില്ല. 4 വർഷം മുൻപ് മണ്ണിനടിയിൽ സ്ഥാപിച്ച പൈപ്പുകൾ പലയിടത്തും പൊട്ടിയിട്ടുണ്ട്. അവ അറ്റകുറ്റപ്പണി ചെയ്യേണ്ടതുണ്ട്. 7 മീറ്ററിലധികം ഉയരമുള്ള ടാങ്കിന്മേൽ കയറാൻ കോണി സ്ഥാപിച്ചിട്ടുമില്ല. പഞ്ചായത്തിലെ 4, 5, 6, 7 എന്നീ വാർഡുകളിൽ വെള്ളം എത്തിക്കാൻ വിഭാവനം ചെയ്ത പദ്ധതിയാണിത്.