ADVERTISEMENT

കോഴിക്കോട്∙ ‘‘ കോർപറേഷൻ നടത്തിയ ലേലത്തിൽ പങ്കെടുത്ത് മാർക്കറ്റ് നടത്തിപ്പിനുള്ള അവകാശം നേടി എന്ന ഒറ്റ തെറ്റേ ഞാൻ ചെയ്തിട്ടുള്ളൂ. അതിനു വേണ്ടി 2 മാസമായി ഞാൻ കോർപറേഷൻ കയറി ഇറങ്ങുന്നു. സ്വന്തക്കാർക്കു വേണ്ടി ഒത്തുകളിക്കാനാണെങ്കിൽ എന്തിനാണ് എന്നെ പോലെയുള്ളവരെ ലേലത്തിനു വിളിക്കുന്നത്?. നമ്മുടെ ഭാഗത്ത് എത്രയൊക്കെ ന്യായമുണ്ടെങ്കിലും സാധാരണക്കാരനായ ഒരാളുടെ പരാതിക്ക് ഒരു വിലയുമില്ലെന്നു മനസ്സിലായി. കോർപറേഷനെ വിശ്വസിച്ചു ഒരു തൊഴിലിനായി ഇറങ്ങിയ ഞാൻ ഇപ്പോൾ വെട്ടിലായി..’’– കോർപറേഷന്റെ കാരപ്പറമ്പ് മാർക്കറ്റ് ലേലത്തിൽ പിടിച്ച കക്കോടി സ്വദേശി വി.ഇ.അശ്വന്തിന്റെ വാക്കുകളാണിത്.

കോർപറേഷൻ നടത്തിപ്പിനു കൊടുത്ത മാർക്കറ്റിൽ നിയമപരമായ എല്ലാ അവകാശവുമുണ്ടായിട്ടും മാർക്കറ്റിൽ കയറാൻ പോലും അനുവദിക്കാതെ ഭീഷണിപ്പെടുത്തിയിരിക്കുയാണ് ചിലർ. ഇതിനെതിരെ പരാതി നൽകിയിട്ടും കോർപറേഷൻ ഒരു നടപടിയുമെടുത്തിട്ടുമില്ല. പരാതി പരിശോധിച്ചു കൊണ്ടിരിക്കുകയാണെന്ന വിചിത്രമായ മറുപടിയാണ് 2 മാസമായി കോർപറേഷൻ നൽകുന്നത്. 

കോർപറേഷന്റെ ഉടമസ്ഥതയിലുള്ള കാരപ്പറമ്പ് മാർക്കറ്റ് നടത്തിപ്പ് ഓരോ വർഷവും ലേലത്തിൽ നൽകുകയാണു പതിവ്. ഈ വർഷം 9000 രൂപ ലൈസൻസ് ഫീസ് നൽകി വിളിച്ചെടുത്ത് അശ്വന്താണ്. ഏപ്രിൽ 1 മുതൽ ഒരു വർഷത്തേക്കു മാർക്കറ്റിലെ കടകളിൽ നിന്നു പണം പിരിക്കാനുള്ള അവകാശം അശ്വന്തിനാണ്. പകരം മാർക്കറ്റിൽ ആവശ്യമായ അറ്റകുറ്റപ്പണികൾ നടത്തണം. 

എന്നാൽ  2 മാസമായിട്ടും ഇവിടെ നിന്നു പണം പിരിക്കാൻ ചിലർ അശ്വന്തിനെ അനുവദിച്ചിട്ടില്ല. പണം പിരിക്കാനോ മാർക്കറ്റിൽ കയാറാനോ അനുവദിക്കില്ലെന്നാണു ഭീഷണി. കോർപറേഷൻ ഉദ്യോഗസ്ഥരുമായും ഭരിക്കുന്നവരുമായും ബന്ധമുള്ള ചിലരാണ് ഭീഷണിപ്പെടുത്തുന്നതെന്ന് അശ്വന്ത് പറയുന്നു.  ഏപ്രിൽ 10 നു കോർപറേഷനിൽ ഇതു സംബന്ധിച്ചു പരാതി നൽകി. പിന്നീട് മേയർ ബീന ഫിലിപ്പിനും നേരിട്ടു പരാതി നൽകി. പരിശോധിക്കാം എന്നല്ലാതെ ഒരു മറുപടിയും ഉണ്ടായില്ല. 

ജീവിക്കാൻ അനുവദിക്കില്ലെന്ന ഭീഷണിയും സമ്മർദവും ചൂണ്ടിക്കാട്ടി കലക്ടറേറ്റിലും നടക്കാവ് പൊലീസ് സ്റ്റേഷനിലും പരാതി നൽകിയിട്ടും നടപടിയുമുണ്ടായില്ല. സ്വന്തക്കാരായ ചിലർക്കു വേണ്ടിയാണ് കോർപറേഷന്റെ ഈ ഒത്തുകളി, താൽപര്യമില്ലെങ്കിൽ ലേല അവകാശം തിരിച്ചു തന്നിട്ട് പൊയ്ക്കോളാനാണ് ഇപ്പോൾ പറയുന്നത് – അശ്വന്ത് പറയുന്നു. 

നിയമപരമായി ഒരു അവകാശവുമില്ലാത്ത ഒരു വ്യക്തിയാണ് ഇവിടെ നിന്ന് ഇപ്പോൾ പണം പിരിച്ചു കൊണ്ടിരിക്കുന്നത്. മാർക്കറ്റിലെ 2 കടകൾ മാത്രമാണ് ഇയാൾക്കു നടത്തിപ്പിനു നൽകിയിരിക്കുന്നത്. എന്നാൽ വർഷങ്ങളായി ഇവിടെയുള്ള മുഴുവൻ കടക്കാരിൽ നിന്നും ഇയാൾ പണം പിരിക്കുന്നു. ലക്ഷക്കണക്കിനു രൂപ ഇയാൾ ഇത്തരത്തിൽ പിരിച്ചെടുത്തു. എന്നാൽ ലൈസൻസ് ഫീ ഇനത്തിൽ ഒരു രൂപ പോലും ഇയാൾ കോർപറേഷനു നൽകുന്നുമില്ല. സ്വന്തം ആസ്തി ചിലർ കയ്യടക്കി വച്ചിട്ടും കോർപറേഷന്റെ ഭാഗത്തു നിന്നു നടപടിയുമില്ല. 

മാർക്കറ്റ് ലേലത്തിൽ എടുക്കാൻ പോയപ്പോൾ മുതൽ പലരും പിന്തിരിപ്പിക്കാൻ ശ്രമിച്ചെന്ന് അശ്വന്ത് പറയുന്നു. ലേലത്തിന് അപേക്ഷ ക്ഷണിച്ചു കോർപറേഷൻ നൽകിയ പത്രപരസ്യത്തിൽ ‘കാരപ്പറമ്പ് മാർക്കറ്റ്’ എന്നാണു രേഖപ്പെടുത്തിയിരിക്കുന്നത്. എന്നാൽ ലേലത്തിനു ശേഷം ഇത് മത്സ്യമാർക്കറ്റ് എന്നു മാത്രമായി ചുരുക്കി. ഇതും ഒത്തുകളിയുടെ ഭാഗമായിരുന്നുവെന്നും അശ്വന്ത് ആരോപിക്കുന്നു. 

അശ്വന്തിന്റെ പരാതി ലഭിച്ചെന്നും പരിശോധിച്ചു വരികയാണെന്നുമാണ് കോർപറേഷൻ അധികൃതരുടെ മറുപടി. ഷാഫി എന്നു പറയുന്നയാൾക്ക് അവിടെയുള്ള 2 മുറികൾ നൽകിയിട്ടുണ്ട്. എന്നാൽ ഇയാൾക്ക് പണം പിരിക്കാനുള്ള അവകാശമില്ല. ഇയാളുടെ നേതൃത്വത്തിൽ അശ്വന്തിനെ തടയുന്നു എന്നാണു പരാതി. അശ്വന്തിനെയും ഷാഫിയെയും വിളിച്ചു വരുത്തി പരാതി പരിഹരിക്കാൻ ശ്രമിക്കുമെന്നും കോർപറേഷൻ അധികൃതർ പറഞ്ഞു. 

കോർപറേഷനു ലക്ഷങ്ങളുടെ നഷ്ടം

കോർപറേഷൻ ആസ്തികളും കെട്ടിടങ്ങളും ലൈസൻസ് ഫീ അടയ്ക്കാതെയും മറ്റും ഒട്ടേറെ പേർ നിരന്തരം ഉപയോഗിക്കുന്നതായി ഓഡിറ്റ് റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടിയിട്ടും ഇതു പരിഹരിക്കാൻ കോർപറേഷൻ നടപടിയെടുക്കാറില്ല.  എല്ലാ വർഷത്തെയും ഓഡിറ്റിൽ ഇതു ചൂണ്ടിക്കാട്ടാറുണ്ട്.  കോർപറേഷൻ ഉടമസ്ഥതയിലുള്ള കെട്ടിടങ്ങൾ നടത്തിപ്പിന് എടുത്തവർ വൻ തുകയ്ക്കു മറിച്ചു നൽകുന്നതും വർഷങ്ങളായി ലൈസൻസ് ഫീസ് അടയ്ക്കാത്തവരും ഒട്ടേറെയാണ്. ഓരോ മാസവും ലക്ഷക്കണക്കിനു രൂപയാണ് കോർപറേഷന് ഇത്തരത്തിൽ നഷ്ടം.

എന്നാൽ ഇവരിൽ നിന്നു പണം പിരിച്ചെടുക്കാനോ ലൈസൻസ് റദ്ദാക്കാനോ കോർപറേഷൻ ശ്രമിക്കുന്നില്ലെന്നും ഓഡിറ്റ് റിപ്പോർട്ടിൽ പറയുന്നു. ബസ് സ്റ്റാൻഡ് ലേലത്തിന് എടുത്തയാൾക്കു കരാർ ഇല്ലാതെ തന്നെ ഫീസ് പിരിക്കാൻ ഡപ്യൂട്ടി സെക്രട്ടറി അനുവദിച്ചതായും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടിയിരുന്നു.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com