ADVERTISEMENT

രാമനാട്ടുകര ∙ ദേശീയപാത ബൈപാസിൽ സേവാമന്ദിരം സ്കൂൾ പരിസരത്ത് ഓട നിർമാണം പൂർത്തിയാക്കാത്തതിനാൽ മഴ പെയ്താൽ വെള്ളപ്പൊക്കം സൃഷ്ടിക്കുമെന്നു ഭീതി. കഴിഞ്ഞ മഴക്കാലത്ത് നടപ്പാതയിലും പരിസരത്തെ വീടുകളിലും വെള്ളം കയറിയത് ഓർത്ത് ആശങ്കയിലാണ് ജനം. സേവാമന്ദിരം പടിഞ്ഞാറ് എൻഎസ്എസ് സ്കൂൾ നടവഴി പരിസരത്തെ 50 മീറ്ററിലാണു ഓടയുടെ പ്രവൃത്തി തടസ്സപ്പെട്ടിരിക്കുന്നത്. പാതയോരത്തെ വ്യക്തിയുടെ മതിലും ഭൂമിയും ബൈപാസിന് ഏറ്റെടുത്ത ഭൂമിയാണെന്നു പറഞ്ഞു അധികൃതർ ഒഴിപ്പിച്ചിരുന്നു. 

തുടർന്നു വ്യക്തി ഹൈക്കോടതിയെ സമീപിച്ചു സ്റ്റേ വാങ്ങി. 2022 ജൂണിൽ തുടങ്ങിയ കേസ് നടപടികൾ ഇതുവരെ തീർപ്പായിട്ടില്ല. ഇതിനാൽ ഓട നിർമാണം തുടരാൻ പറ്റാത്ത സ്ഥിതിയാണ്. അരികിൽ ഭിത്തി കെട്ടി ഓട നിർമിച്ചാൽ മാത്രമേ സർവീസ് റോഡ് പൂർത്തിയാക്കാനാകൂ. രണ്ടാഴ്ച മുൻപ് ഇവിടെ പകുതി സ്ഥലത്തു സർവീസ് റോഡ് നിർമിച്ച് അപായ സൂചന നൽകി കോൺക്രീറ്റ് ബാരിക്കേഡ് സ്ഥാപിച്ചിട്ടുണ്ട്.      ഇടുങ്ങിയ റോഡിലൂടെ വാഹനങ്ങൾ കടന്നു പോകുന്നുണ്ടെങ്കിലും അപകടകരമാണ്. മഴ പെയ്താൽ ഇവിടെ സർവീസ് റോഡ് ഇടിയാനും സാധ്യതയുണ്ട്.

പാറമ്മൽ റോഡ്, പൊക്കിണിക്കൽ താഴം, ചിറക്കാംകുളം പ്രദേശങ്ങളിലെ മഴവെള്ളം എൻഎസ്എസ് സ്കൂൾ പരിസരത്തെ ഓടയിലൂടെ ബൈപാസ് വഴിയായിരുന്നു നീലിത്തോട്ടിൽ ചേർന്നിരുന്നത്. ഓട നിർമാണം പൂർത്തിയാക്കാത്തതിനാൽ മഴ തുടങ്ങിയാൽ ഒഴുക്ക് തടസ്സപ്പെട്ട് വെള്ളക്കെട്ട് ഉണ്ടാകുമെന്നാണു നാട്ടുകാർ പറയുന്നത്. ദേശീയപാത ബൈപാസിൽ രാമനാട്ടുകര മുതൽ അഴിഞ്ഞിലം വരെ സർവീസ് റോഡിന്റെയും ഓടയുടെയും പ്രവൃത്തി ഏതാണ്ട് പൂർത്തിയായിട്ടുണ്ട്.

എന്നാൽ റോഡിനു ഇരുവശത്തും ഓട നിർമിച്ച ശേഷം ബാക്കിയുള്ള സ്ഥലത്ത് വെള്ളം ഒഴുകിപ്പോകാൻ ചാലുകൾ ഒരുക്കിയിട്ടില്ല. ഇതും ബൈപാസ് പരിസരപ്രദേശങ്ങളിൽ സ്വാഭാവിക ഒഴുക്ക് തടസ്സപ്പെടാൻ കാരണമാകും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com