കോഴിക്കോട്∙ ഞെളിയൻപറമ്പിലെ മാലിന്യ സംസ്കരണത്തിൽ വീഴ്ചയുണ്ടെന്ന പരാതിയിൽ കോർപറേഷൻ സെക്രട്ടറി മനുഷ്യാവകാശ കമ്മിഷനു റിപ്പോർട്ട് നൽകി. യുഡിഎഫ് മനുഷ്യാവകാശ കമ്മിഷനു സമർപ്പിച്ച പരാതിയെ തുടർന്നാണു സെക്രട്ടറി കോർപറേഷനു മുൻപാകെ വിശദീകരണം നൽകിയത്.
റിപ്പോർട്ടിൽ പറയുന്ന കാര്യങ്ങൾ കള്ളവും അപൂർണവുമാണെന്ന് യുഡിഎഫ് എതിർവാദം ഉന്നയിച്ചതോടെ കോർപറേഷൻ സെക്രട്ടറി നേരിട്ട് ഹാജരാകാനായി കേസ് ജൂൺ 27ലേക്ക് മാറ്റി. ഞെളിയൻപറമ്പിലെ മാലിന്യ സംസ്കരണം അശാസ്ത്രീയമാണെന്നും ബ്രഹ്മപുരത്തിനു സമാനമായ തീപിടിത്തമുണ്ടാകുമെന്നും ചൂണ്ടിക്കാട്ടി യുഡിഎഫ് കൗൺസിലർ കെ.സി.ശോഭിത, പന്നിയങ്കര സ്വദേശി എസ്.വി.സയ്യിദ് മുഹമ്മദ് ഷമീൽ എന്നിവരാണു പരാതി നൽകിയത്. തുടർന്നു കമ്മിഷൻ കോർപറേഷനിൽ നിന്നു വിശദീകരണം തേടുകയായിരുന്നു.
തീപിടിത്തമുണ്ടായാൽ തടയാനുള്ള നടപടികൾ സ്വീകരിച്ചെന്നാണ് കോർപറേഷൻ വിശദീകരണത്തിൽ പറയുന്നത്. തീ പെട്ടെന്ന് അണയ്ക്കാനായി സ്പ്രിങ്ക്ളർ സ്ഥാപിച്ചിട്ടുണ്ട്. തീകെടുത്താനുള്ള സാമഗ്രികൾ, സിസിടിവി ക്യാമറ എന്നിവ സ്ഥാപിച്ചു. റോഡ് സൗകര്യം ഏർപ്പെടുത്തി. രണ്ടു ടാങ്കുകളിൽ വെള്ളം സംഭരിച്ചിട്ടുണ്ട്. മോട്ടർ സ്ഥാപിക്കുന്നതിനുള്ള നടപടികൾ പുരോഗമിക്കുന്നു. മാലിന്യം സംസ്കരിച്ചു വളമാക്കുന്നതിനുള്ള യൂണിറ്റുകൾ നന്നായി പ്രവർത്തിക്കുന്നുവെന്നും വിശദീകരണത്തിൽ വ്യക്തമാക്കി. വിശദീകരണത്തിൽ പറഞ്ഞ പല കാര്യങ്ങളും തെറ്റാണെന്ന് കെ.സി.ശോഭിത മനുഷ്യാവകാശ കമ്മിഷനെ അറിയിച്ചു. 3 വളം നിർമാണ യൂണിറ്റിൽ ഒന്നു മാത്രമാണ് പ്രവർത്തിക്കുന്നത്.
പമ്പ് സെറ്റ്, മോട്ടർ എന്നിവ വാങ്ങാനുള്ള നടപടി സ്വീകരിക്കുന്നു എന്നു പറയുന്നതല്ലാതെ ഇതുവരെ വാങ്ങി സ്ഥാപിച്ചിട്ടില്ല. ബയോമൈനിങ് നടത്തിയ ശേഷമുള്ള മാലിന്യങ്ങൾക്കാണു (റിജക്ട്സ്) തീ പിടിച്ചതെന്ന വാദവും ശരിയല്ല. ബയോമൈനിങ് പൂർണമായും നടന്നിട്ടില്ലെന്നു കോർപറേഷൻ നിയോഗിച്ച ടെക്നിക്കൽ കമ്മിറ്റി തന്നെ ചൂണ്ടിക്കാട്ടിയിട്ടുണ്ടെന്നും കെ.സി.ശോഭിത മനുഷ്യാവകാശ കമ്മിഷനെ അറിയിച്ചു. തുടർന്നാണു 27നു വീണ്ടും വാദം കേൾക്കാൻ കേസ് മാറ്റിയത്. അന്നു കോർപറേഷൻ സെക്രട്ടറിയോട് ഹാജാരാകാനും കമ്മിഷൻ നിർദേശിച്ചു. കമ്മിഷൻ മുൻപാകെയെത്തിയ 75 പരാതികൾ പരിഗണിച്ചു. 11 പരാതികളിൽ തീർപ്പാക്കി. 25 പരാതികൾ അടുത്ത സിറ്റിങ്ങിലേക്ക് മാറ്റി.