ADVERTISEMENT

കോഴിക്കോട്∙ ജില്ലയിൽ ലഹരിമരുന്നു സംഘം പിടിമുറുക്കിയ 25 ഹോട്സ്പോട്ടുകളുണ്ടെന്ന് പൊലീസ്. അധ്യയന വർഷം ആരംഭിക്കുമ്പോൾ തന്നെ  ഹോട്സ്പോട്ടുകൾ കേന്ദ്രീകരിച്ച് പൊലീസ്, എക്സൈസ് സംഘത്തിന്റെ പ്രത്യേക പരിശോധന നടത്തും.

എല്ലാ സ്കൂളിലും അധ്യാപകരും പിടിഎ ഭാരവാഹികളും ഉൾപ്പെടുന്ന സ്കൂൾ പ്രൊട്ടക്‌ഷൻ ഗ്രൂപ്പുകൾ സജീവമാക്കി. സ്കൂളിൽ നിരീക്ഷണം നടത്താനും ലഹരിയുമായി ബന്ധപ്പെട്ട വിവരങ്ങൾ പൊലീസ്, എക്സൈസ് അധികൃതരെ അറിയിക്കാനുമാണ് ഗ്രൂപ്പ് സജീവമാക്കുന്നത്. പെട്ടെന്നു പെരുമാറ്റ പ്രശ്നങ്ങൾ കാണിക്കുന്ന കുട്ടികളെ നിരീക്ഷിക്കാനും ലഹരി സംഘത്തിന്റെ ഇടപെടലുണ്ടെങ്കിൽ പൊലീസ്, എക്സൈസ് അധികൃതരെ അറിയിക്കാനും സ്കൂളുകളിലെ കൗൺസിലർമാർക്കു നിർദേശം നൽകി. 

എല്ലാ സ്കൂളുകളിലെയും പിടിഎ യോഗങ്ങൾ എക്സൈസ് വകുപ്പിനെ മുൻകൂട്ടി അറിയിക്കണം. യോഗങ്ങളിൽ ഒരു എക്സൈസ് ഉദ്യോഗസ്ഥൻ പങ്കെടുക്കും. ഏതെങ്കിലും രക്ഷിതാക്കൾ ലഹരിയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടുന്നുണ്ടെങ്കിൽ നേരിട്ട് ഇടപെടാൻ വേണ്ടിയാണിത്. 

ലഹരിസംഘത്തിന്റെ ഇടപെടൽ ഉണ്ടായാൽ എത്രയും പെട്ടെന്ന് പൊലീസിനെയോ എക്സൈസിനെയോ അറിയിക്കാൻ അധ്യാപകർക്കും പിടിഎ അംഗങ്ങൾക്കും നിർദേശം നൽകിയിട്ടുണ്ട്. 

ഇതിനായി പൊലീസിന്റെയും എക്സൈസിന്റെയും നേതൃത്വത്തിൽ അധ്യാപകരുടെയും രക്ഷിതാക്കളുടെയും യോഗങ്ങൾ വിളിക്കുന്നുണ്ട്. രഹസ്യമായി വിവരശേഖരണം നടത്താനുള്ള പരിശീലനവും നൽകുന്നുണ്ട്. ലഹരിയുമായി ബന്ധപ്പെട്ട പരാതികൾ അറിയിക്കാൻ നമ്പറുകളും പ്രസിദ്ധപ്പെടുത്തി

ലഹരി വിൽപനയും ഉപയോഗവും ശ്രദ്ധയിൽപെട്ടാൽ പൊലീസിനെ വിളിക്കാം– 999 5966 666

എക്സൈസിനെ വിളിക്കേണ്ട നമ്പറുകൾ: 14405 (ടോൾ ഫ്രീ നമ്പർ),9447178000, 9061178000. ഈ നമ്പറുകളിൽ വിളിക്കുകയും വാട്സാപ്പിലും പരാതികൾ അറിയിക്കുകയും ചെയ്യാം. 

ലഹരിയുമായി ബന്ധപ്പെട്ട വിവരങ്ങൾ നൽകുന്നവരുടെ പേരു വിവരങ്ങളും വിശദാംശങ്ങളും രഹസ്യമായി സൂക്ഷിക്കും. 

 

ലഹരിസംഘം സജീവമായി ഇടപെടുന്ന ഇരുപത്തഞ്ചോളം ഹോട്സ്പോട്ടുകൾ പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ഇവിടെ പ്രത്യേക പൊലീസിനെ നിയോഗിച്ച് കർശന നിരീക്ഷണം നടത്തും. സ്കൂളുകളുമായി ബന്ധപ്പെട്ട് നിരന്തര അവലോകനം നടത്താൻ പൊലീസിനെ ചുമതലപ്പെടുത്തിയിട്ടുണ്ട്. സ്കൂളുകൾ കേന്ദ്രീകരിച്ചു ലഹരി വിൽപനയ്ക്കു ശ്രമിക്കുന്നവരെ ഉടൻ പിടികൂടാനും നിർദേശം നൽകിയിട്ടുണ്ട്. 

 

നീരജ് കുമാർ ഗുപ്ത

(ഉത്തര മേഖലാ ഐജി)

 

ലഹരിക്കെതിരെയുള്ള പോരാട്ടം മുൻപ് എക്സൈസ് വകുപ്പിന്റെ മാത്രം ചുമതല ആയാണ് എല്ലാവരും കണ്ടിരുന്നത്.  ഇതു സമൂഹത്തിന്റെ മൊത്തം ഉത്തരവാദിത്തമാണെന്ന് എല്ലാവരും തിരിച്ചറിഞ്ഞിട്ടുണ്ട്. സ്കൂൾ അധികൃതരും അധ്യാപകരും മറ്റു വകുപ്പുകളുമെല്ലാം ലഹരിസംഘത്തിനെതിരെ പോരാടാൻ സജീവമാണ്. മുൻപില്ലാത്തവിധം കരുതലോടെയാണ് ഈ അധ്യയന വർഷം ആരംഭിക്കാൻ പോകുന്നത്.

 

വി.രാജേന്ദ്രൻ 

(എക്സൈസ് ഡപ്യൂട്ടി കമ്മിഷണർ )

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com