ബാലുശ്ശേരി ∙ പുറംമോടിയിൽ മാത്രമല്ല വൃത്തിയിലും വെടിപ്പിലും സ്കൂൾ മുന്നിട്ടു നിൽക്കണമെന്ന നിർബന്ധം കാരണം ശുചീകരണത്തിനായി അധ്യാപികമാർ തന്നെ കിണറ്റിലിറങ്ങി. എരമംഗലം ജിഎൽപി സ്കൂളിലാണ് അധ്യാപികമാർ ഇറങ്ങി ചെളി നീക്കി കിണർ വൃത്തിയാക്കിയത്. അധ്യയന വർഷം ആരംഭിക്കുന്നതിനു മുന്നോടിയായി ‘മുന്നൊരുക്കം’ പരിപാടി ഇന്നലെ നടത്താൻ നിശ്ചയിച്ചിരുന്നു. കുറെ നേരം കാത്തിരുന്നിട്ടും അധ്യാപകരല്ലാതെ മറ്റാരും എത്തിയില്ല.
അതോടെ കൂടുതലൊന്നും ആലോചിക്കാതെ അധ്യാപിക സി.കെ.ധന്യയും താൽക്കാലിക അധ്യാപിക വി.സിൽജയും കോണി വച്ച് പത്തിലേറെ കോൽ താഴ്ചയുള്ള കിണറ്റിൽ ഇറങ്ങുകയായിരുന്നു. വലിയ ബക്കറ്റിൽ നിറച്ചു നൽകിയ ചെളി മറ്റു അധ്യാപികമാരും പ്രധാനാധ്യാപകനും ചേർന്ന് വലിച്ച് പുറത്ത് എത്തിച്ചു. അധ്യാപികമാർ വിശ്രമമില്ലാതെ 2 മണിക്കൂറിലേറെ സമയമാണ് കിണറ്റിൽ കഠിനാധ്വാനം ചെയ്തത്. ഏറ്റെടുത്ത ദൗത്യം പൂർത്തിയാക്കി ഇരുവരും തിരികെ കയറി മണിക്കൂറുകൾക്കുള്ളിൽ കിണറ്റിൽ തെളിനീർ വെട്ടിത്തിളങ്ങി. പുതിയ അധ്യയന വർഷത്തെ തെളിനീർ കൊണ്ട് വരവേൽക്കുകയാണ് എരമംഗലം ജിഎൽപി സ്കൂൾ.