കോഴിക്കോട് ∙ വയറ്റിൽ കത്രിക കുടുങ്ങിയ സംഭവത്തിൽ നീതി തേടി മെഡിക്കൽ കോളജിനു മുൻപിൽ അനിശ്ചിതകാല സത്യഗ്രഹം നടത്തുന്നതിനിടെ കെ.കെ.ഹർഷിന സമരപ്പന്തലിൽ കുഴഞ്ഞുവീണു. ഇന്നലെ വൈകിട്ട് 5.30ന് സമരത്തിന് വിവിധ സംഘടനകൾ ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നതിനിടയിലാണ് ഹർഷിന വീണത്.
ഉടനെ സമരപ്പന്തലിൽ ഉണ്ടായ സമര സഹായ സമിതി ചെയർമാൻ ദിനേശ് പെരുമണ്ണയുടെ നേതൃത്വത്തിൽ മെഡിക്കൽ കോളജ് അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ചു. നീതിക്കായി ഹർഷിന നടത്തുന്ന സമരം 10 ദിവസം പിന്നിട്ടു. ഒന്നാം ഘട്ട സമരത്തിനിടെ മന്ത്രി വീണാ ജോർജ് ഹർഷിനയുമായി നടത്തിയ ചർച്ചയിൽ നൽകിയ വാക്കു പാലിക്കാത്തതിനെ തുടർന്നാണ് അവർ വീണ്ടും സമര സഹായ സമിതി നേതൃത്വത്തിൽ കഴിഞ്ഞ 22 മുതൽ മെഡിക്കൽ കോളജ് പരിസരത്ത് രണ്ടാംഘട്ട സമരം തുടങ്ങിയത്.