ADVERTISEMENT

കോഴിക്കോട് ∙ ട്രോളിങ് നിരോധനം ആരംഭിക്കുന്നതിന്റെ ഭാഗമായി ജില്ലാതല അവലോകന യോഗം ചേർന്നു. 9ന് അർധരാത്രി മുതൽ ജൂലൈ 31 വരെ 52 ദിവസമാണ് ട്രോളിങ് നിരോധനം. കടൽ സുരക്ഷയുടെയും തീരസുരക്ഷയുടെയും ഭാഗമായി കടലിൽ പോകുന്ന എല്ലാ മത്സ്യത്തൊഴിലാളികളും സുരക്ഷാ ഉപകരണം ധരിച്ചിട്ടുണ്ടെന്ന് ഉറപ്പുവരുത്തണമെന്നു യോഗത്തിൽ അധ്യക്ഷത വഹിച്ച കലക്ടർ എ.ഗീത നിർദേശിച്ചു.

ട്രോളിങ് നിരോധനം തുടങ്ങും മുൻപ് അന്യസംസ്ഥാന ബോട്ടുകൾ തീരംവിട്ടു പോകണം. ജില്ലയിൽ മേയ് 15 മുതൽ കൺട്രോൾ റൂം പ്രവർത്തിച്ചു വരുന്നുണ്ട്. ജില്ലയിലെ 4 ഹാർബറുകളിലായി ട്രോളിങ് നിരോധന കാലയളവിൽ കടൽ രക്ഷാപ്രവർത്തനത്തിനായി 32 റെസ്ക്യൂ ഗാർഡുമാരെ സജ്ജമാക്കിയിട്ടുണ്ട്. കടൽ രക്ഷാപ്രവർത്തനത്തിനും മറ്റുമായി 106 പേരാണ് ഗോവയിൽ നിന്നു പരിശീലനം പൂർത്തിയാക്കിയത്. കടൽ രക്ഷാപ്രവർത്തനത്തിന് കൂടുതൽ പൊലീസ് ഉദ്യോഗസ്ഥരുടെ സേവനവും ലഭ്യമാക്കും. ആവശ്യമായ ബോട്ടുകളും മറൈൻ ആംബുലൻസ് സൗകര്യവും സജ്ജമാക്കിയിട്ടുണ്ട്.

9നു വൈകിട്ടോടെ എല്ലാ ട്രോളിങ് ബോട്ടുകളും കടലിൽ നിന്നു സുരക്ഷിത സ്ഥാനങ്ങളിലേക്കു മാറ്റണം. നിരോധനം ലംഘിക്കുന്ന ബോട്ടുകൾക്കെതിരെ നിയമ നടപടി സ്വീകരിക്കും. ട്രോളിങ് നിരോധന കാലയളവിൽ ഇൻ ബോർഡ് വള്ളങ്ങളോടൊപ്പം ഒരു കാരിയർ വള്ളം മാത്രമേ അനുവദിക്കൂ. ബോട്ടുകൾ കളർ കോഡിങ് നടത്തിയോ എന്ന് ഉറപ്പാക്കാൻ  ഉദ്യോഗസ്ഥർക്കും പട്രോളിങ് ഓഫിസർമാർക്കും നിർദേശം നൽകി.

ട്രോളിങ് നിരോധനവുമായി ബന്ധപ്പെട്ട് 24 മണിക്കൂറും പ്രവർത്തിക്കുന്ന സ്പെഷൽ കൺട്രോൾ റൂം കൂടുതൽ പേരെ ഉൾപ്പെടുത്തി പ്രവർത്തനക്ഷമമാക്കാൻ നടപടികൾ സ്വീകരിച്ചതായി ഫിഷറീസ് ഡപ്യൂട്ടി ഡയറക്ടർ സുധീർ കിഷൻ അറിയിച്ചു. ഫിഷറീസ് കൺട്രോൾ റൂം നമ്പർ: 0495-2414074, 0495-2992194, 9496007052, കോസ്റ്റ് ഗാർഡ്: 1554.സിറ്റി സ്പെഷൽ ബ്രാഞ്ച് എസിപി എ.ഉമേഷ്, ഇന്ത്യൻ കോസ്റ്റ്ഗാർഡ് ഡപ്യൂട്ടി കമൻഡാന്റ് എ.സുജേഷ്, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ, വിവിധ സംഘടനാ പ്രതിനിധികൾ തുടങ്ങിയവരും പങ്കെടുത്തു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com