മെഡിക്കൽ കോളജ് പീഡനം: സസ്പെൻഷൻ പിൻവലിച്ചത് അതിജീവിതയുടെ മൊഴിയെടുക്കാതെ
Mail This Article
കോഴിക്കോട്∙ ഗവ. മെഡിക്കൽ കോളജ് ആശുപത്രി ഐസിയുവിൽ പീഡനത്തിനിരയായ യുവതിയെ ഭീഷണിപ്പെടുത്തിയ ജീവനക്കാരുടെ സസ്പെൻഷൻ പിൻവലിക്കാൻ വകുപ്പുതല അന്വേഷണ റിപ്പോർട്ട് തയാറാക്കിയത് അതിജീവിതയുടെ മൊഴിയെടുക്കാതെ. ജീവനക്കാർക്കെതിരെ കുറ്റം തെളിയിക്കപ്പെട്ടില്ലെന്നായിരുന്നു അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ.
എന്നാൽ, പരാതി പിൻവലിക്കണമെന്നാവശ്യപ്പെട്ട് തന്നെ ഭീഷണിപ്പെടുത്തിയ 5 പേരെയും താൻ തിരിച്ചറിഞ്ഞതാണെന്ന് അതിജീവിത പറഞ്ഞു. സിആർപിസി 164 പ്രകാരം മജിസ്ട്രേട്ട് മുൻപാകെയും മൊഴി നൽകിയിരുന്നു. മൊഴിയുടെ അടിസ്ഥാനത്തിൽ 5 പേർക്കെതിരെയും പൊലീസ് കേസെടുത്തതുമാണ്. കോടതിയിൽ നിന്നു മുൻകൂർ ജാമ്യം കിട്ടിയെങ്കിലും ഇവരുടെ അറസ്റ്റ് മെഡിക്കൽ കോളജ് പൊലീസ് രേഖപ്പെടുത്തിയിരുന്നു. കേസിൽ ഈ മാസം അവസാനം പൊലീസ് കുറ്റപത്രം നൽകാനിരിക്കുകയാണ്. 5 പേരെയും തിരിച്ചെടുക്കാൻ ശുപാർശ തയാറാക്കിയപ്പോൾ പൊലീസിനോട് റിപ്പോർട്ട് ആവശ്യപ്പെട്ടിരുന്നില്ല.
അതേ സമയം, ജീവനക്കാരുടെ സസ്പെൻഷൻ പിൻവലിച്ചത് സിപിഎം നേതാവിന്റെ ഇടപെടലിനെ തുടർന്നാണെന്ന് ആരോപണമുണ്ട്. പ്രിൻസിപ്പൽ ഡോ. ഇ.വി.ഗോപി വിരമിക്കുന്ന ദിവസം കോളജിലെത്തിയ ജില്ലാ നേതാവ് അന്വേഷണ സംഘത്തിലെ ഒരു ഡോക്ടർക്കൊപ്പം പ്രിൻസിപ്പലിനെ കണ്ടിരുന്നു. ഈ കൂടിക്കാഴ്ചയിലാണ് സസ്പെൻഷൻ പിൻവലിക്കാൻ തീരുമാനമായതെന്നാണു ജീവനക്കാർക്കിടയിലെ സംസാരം.
ഡിഎംഇ വിശദീകരണം തേടി
5 പേരുടെയും സസ്പെൻഷൻ പിൻവലിച്ചതു സംബന്ധിച്ച് മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർ പ്രിൻസിപ്പലിനോടു വിശദീകരണം തേടിയതായി അറിയുന്നു. ആരോഗ്യ മന്ത്രിയുടെ നിർദേശ പ്രകാരമായിരുന്നു മാർച്ച് 23ന് 5 പേരെയും സസ്പെൻഡ് ചെയ്തത്.
കോൺഗ്രസ് സമരത്തിന്
കോഴിക്കോട് ∙ ഗവ.മെഡിക്കൽ കോളജ് ആശുപത്രിയിൽ തീവ്രപരിചരണ യൂണിറ്റിൽ അതിജീവിതയെ ഭീഷണിപ്പെടുത്തിയ സംഭവത്തിൽ സസ്പെൻഡ് ചെയ്ത ജീവനക്കാരെ തിരിച്ചെടുത്ത നടപടിക്കെതിരെ കോൺഗ്രസ് പ്രക്ഷോഭത്തിന്. സസ്പെൻഷൻ കാലാവധിയിലെ ശമ്പളം ഉൾപ്പെടെയുള്ള എല്ലാ ആനുകൂല്യങ്ങളും അനുവദിച്ചാണ് 5 പേരെയും തിരിച്ചെടുത്തിരിക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. വിരമിച്ച ശേഷം പുനർനിയമനത്തിനു സിപിഎമ്മിന്റെ പിന്തുണ ലഭിക്കാനാണു മെഡി. കോളജ് പ്രിൻസിപ്പൽ നീതിക്കു നിരക്കാത്ത നടപടി ചെയ്തത്.
നീതിക്കു നിരക്കാത്ത നടപടിയെടുത്ത പ്രിൻസിപ്പൽ ഡോ. ഇ.വി.ഗോപിയുടെ റിട്ടയർമെന്റ് ആനുകൂല്യങ്ങൾ തടഞ്ഞ് വയ്ക്കുകയും അദ്ദേഹത്തിനെതിരെ കേസെടുക്കുകയും വേണം. ഇതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിക്കും ആരോഗ്യമന്ത്രിക്കും കത്ത് നൽകി. പ്രിൻസിപ്പലിനെതിരെ ഉടൻ നടപടി എടുത്തില്ലെങ്കിൽ ശക്തമായ പ്രക്ഷോഭം നടത്തുമെന്നു കെ.പ്രവീൺകുമാർ പറഞ്ഞു.