കുറ്റ്യാടി∙ തേങ്ങയുടെ വില ഓരോ ദിവസവും കുറയുന്നത് കാരണം കേരകർഷകർ വലയുന്നു. സാധാരണയായി നാട്ടിൻപുറങ്ങളിലെ കർഷകർ തേങ്ങ ഉണ്ടയാക്കി വിൽക്കുകയാണ് പതിവ്. ഒരു പരിധിവരെയെ ഇത് സൂക്ഷിക്കാൻ കഴിയൂ. വില വർധിക്കുമെന്ന് കരുതി പലരും തേങ്ങ പൊതിക്കാതെ സൂക്ഷിച്ചു വച്ചിരിക്കുകയാണ്. ഇതും അധികനാൾ കൊണ്ട് പോകാനാവില്ലെന്നാണ് കർഷകർ പറയുന്നത്.
പച്ചത്തേങ്ങ കിലോയ്ക്ക് 23 രൂപയാണ്. തേങ്ങ പൊതിച്ച് വിപണിയിൽ എത്തിച്ചാൽ ഒരെണ്ണത്തിന് 5രൂപ മാത്രമാണ് ഉടമയ്ക്ക് ലഭിക്കുന്നത്. ഇതുകാരണം തേങ്ങ പറിച്ച് വിൽപന നടത്താതെ കൃഷിസ്ഥലങ്ങളിൽ തന്നെ കൂട്ടിയിട്ടിരിക്കുകയാണ്. മഴക്കാലം വരുന്നതോടെ തെങ്ങിന്റെ ചുവട് കിളക്കാനും വളമിടാനുമൊക്കെ പച്ചത്തേങ്ങ വിറ്റാണ് കർഷകർ പണം കണ്ടെത്തുക.
വിലയില്ലാതെ വന്നതോടെ ആരും കൃഷിപ്പണി എടുപ്പിക്കുന്നില്ല. ഇത് ക്ഷീരകർഷകരെ സംബന്ധിച്ചിടത്തോളം വലിയ പ്രയാസം ഉണ്ടാക്കുകയാണ്. ചാണക വളം വാങ്ങാൻ കർഷകർ എത്തുന്നില്ല. സർക്കാർ പ്രഖ്യാപനം ഉണ്ടാകുന്നതല്ലാതെ കൊപ്ര സംഭരണം മലയോര മേഖലയിൽ തുടങ്ങിയിട്ടില്ല. പച്ചത്തേങ്ങ സംഭരണവും കാര്യക്ഷമ മല്ലെന്നാണ് കർഷകർ പറയുന്നത്.