ADVERTISEMENT

ത്യാഗനിര്‍ഭരമായ ജീവിതം നയിക്കാനും പ്രതിസന്ധികളിൽ തളരാതെ മുന്നേറാനുമുള്ള  പ്രചോദനമാണ്‌ ബലിപെരുന്നാള്‍ നമുക്ക്‌ നല്‍കുന്നത്. പ്രകോപനങ്ങളെയും സാമൂഹിക പ്രതിസന്ധികളെയും സംയമനത്തോടെ നേരിടുകയും വിശ്വാസം മുറുകെപ്പിടിച്ച് പ്രതിരോധിക്കുകയും വേണം. മാനവിക സ്‌നേഹത്തിന്റെയും വിശ്വ സാഹോദര്യത്തിന്റെയും സ്‌നേഹാര്‍ദ്രമായ സന്ദേശമാണ്‌ ഹജ്ജ്‌ കര്‍മവും അതിന്റെ പരിസമാപ്‌തിയോടെ ആഘോഷിക്കുന്ന ബലിപെരുന്നാളും. 

വിശുദ്ധ ഹജ്ജ് കർമ്മത്തിനായി ലോകത്തിന്റെ നാനാ ഭാഗത്തുനിന്നുള്ള ജനങ്ങൾ ഒരുമിച്ചു കൂടുകയും പരസ്പര സഹോദര്യത്തിലും സ്നേഹത്തിലും ത്യാഗ സ്മരണകൾ പങ്കുവെച്ച് പിരിയുകയും ചെയ്യുന്നു. വ്യക്തിജീവിതത്തിലും സാമൂഹിക ജീവിതത്തിലും വിജയകരമായി മുന്നേറാൻ ക്ഷമയും സാഹോദര്യവും അനിവാര്യമാണ്. എല്ലാ സമൂഹങ്ങളുടെയും രാജ്യങ്ങളുടെയും കെട്ടുറപ്പ് ഈ പാരസ്പര്യത്തിലാണ്. 

പുതുവസ്ത്രത്തിലും മുന്തിയ വിഭവങ്ങളിലും മാത്രം ആഘോഷം ഒതുങ്ങാതെ സ്വയം വിലയിരുത്താനും ചുറ്റുമുള്ളവർക്ക് സ്നേഹവും കരുതലും സമ്മാനിക്കാനും നമുക്ക് സാധിക്കണം. തന്റെ പ്രവർത്തികൾ സ്വന്തം ശരീരത്തിനും സമൂഹത്തിനും ഗുണകരമാണോ എന്ന് പരിശോധിക്കാനും ജീവിതം സന്മാർഗത്തിൽ ചിട്ടപ്പെടുത്താനും ഇത്തരം വാർഷിക വേളകൾ നാം ഉപയോഗപ്പെടുത്തണം. 

സമൂഹത്തെ കാർന്നുതിന്നുന്ന ലഹരിയിൽനിന്നും ആഭാസങ്ങളിൽ നിന്നും നമ്മുടെ പരിസരങ്ങളിലുള്ളവർ അകപ്പെടാതെ ശ്രദ്ധിക്കണം. അത്തരം സാമൂഹ്യ വിപത്തുകളുടെ വിപാടനത്തിനായി ഏവരും ഒന്നിക്കണം. സാമുദായിക സ്നേഹവും സൗഹാർദവും തകർക്കുന്ന വാക്കോ പ്രവർത്തിയോ നമ്മിൽ നിന്നുണ്ടാവുകയില്ലെന്ന് ഉറപ്പുവരുത്തുകയും രാജ്യത്തിന്റെ അഖണ്ഡതക്കും പുരോഗതിക്കും വേണ്ടി ഊർജസ്വലതയോടെ മുന്നിൽ നിൽക്കുകയും വേണം. 

പരസ്പര സ്നേഹത്തിന്റെ ഭാഷ്യങ്ങൾ സംസാരിക്കുകയും പ്രവർത്തിക്കുകയും ചെയ്യുമ്പോഴാണ് വിശുദ്ധ ഹജ്ജിന്റെയും മറ്റു പുണ്യങ്ങളുടെയും അന്തസത്ത ഉൾക്കൊണ്ട് ബലി പെരുന്നാളിനെ സാർത്ഥകമാക്കാൻ കഴിയുന്നത്. ലോകത്തുള്ള എല്ലാ വിശ്വാസി സമൂഹങ്ങൾക്കും ഇന്ത്യയിലെ മുഴുവൻ ജനങ്ങൾക്കും എന്റെയും മർകസിന്റെയും ഹൃദയം നിറഞ്ഞ ഈദുൽ അള്ഹ ആശംസകൾ. അല്ലാഹു നമ്മെ ഇരുലോകത്തും വിജയികളില്‍ ഉള്‍പെടുത്തട്ടെ. ആമീൻ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com