ADVERTISEMENT

താമരശ്ശേരി∙ ഐഎച്ച്ആർഡി കോളജ് ഓഫ് അപ്ലൈഡ് സയൻസിൽ പുറത്തുനിന്ന് എത്തിയവരും നാട്ടുകാരും തമ്മിൽ ഉണ്ടായ സംഘർഷത്തിൽ വിദ്യാർഥികൾ ഉൾപ്പെടെ 8  പേർക്ക് പരുക്ക്. ഡിഗ്രി രണ്ടാം വർഷ വിദ്യാർഥികളെ മൂന്നാം വർഷ വിദ്യാർഥികൾ റാഗിങ് നടത്തിയെന്ന പരാതിയെത്തുടർന്ന് ചിലർ ഇന്നലെ വൈകിട്ട് കോളജിൽ എത്തി ആരോപണ വിധേയനായ ഒരു വിദ്യാർഥിയെ പിടികൂടിയിരുന്നു. ഇത്  നാട്ടുകാരിൽ ചിലർ ചോദ്യം ചെയ്തതോടെ ഇരുകൂട്ടരും തമ്മിൽ വാക്കേറ്റവും അടിപടിയുമായി. 

പൊലീസ് എത്തി ആളുകളെ വിരട്ടി ഓടിച്ചാണ് രംഗം ശാന്തമാക്കിയത്. പരുക്കേറ്റവരെ പ്രവേശിപ്പിച്ച താമരശ്ശേരി താലൂക്ക് ആശുപത്രി വളപ്പിലും പുറത്തും ഇരുകൂട്ടരും തമ്മിൽ വാക്കേറ്റവും കയ്യേറ്റവും നടന്നു. ആശുപത്രി വളപ്പിനു പുറത്ത് പൊലീസ് ലാത്തി വീശിയാണ് രംഗം ശാന്തമാക്കിയത്. നേരത്തേ വിദ്യാർഥികൾ തമ്മിലുണ്ടായ സംഘർഷത്തിൽ പരുക്കേറ്റ മുഹമ്മദ് ജസിം (22), ഷാഹുൽ (21) എന്നിവർ താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്. 

നാട്ടുകാരും പുറത്തുനിന്ന് എത്തിയവരും തമ്മിലുണ്ടായ സംഘർഷത്തിൽ സാരമായി പരുക്കേറ്റ വിദ്യാർഥി സനിൽ, നാട്ടുകാരനായ കോരങ്ങാട് ഷാനവാസ് എന്നിവരെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ജീവൻരാജ് അമ്പായത്തോട്, ഗഫൂർ അമ്പായത്തോട്, അക്ഷയ് നെല്ലാംങ്കണ്ടി, വിശാഖ് കാരാടി എന്നിവർക്കും സംഘർഷത്തിൽ പരുക്കേറ്റു. ഇതിൽ ഗഫൂർ അമ്പായത്തോടിനെയും മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. കോളജിലെ ബിബിഎ വിദ്യാർഥികൾ തമ്മിലാണ് പ്രശ്നം ഉണ്ടായത്.

കോളജിലെ ക്ലാസ് കഴിഞ്ഞ് പോകുന്നത് സംബന്ധിച്ച വിഷയമാണ് ഇന്നലെ സംഘർഷത്തിനു കാരണം. ക്ലാസ് കഴിയുന്ന 3.30നു ശേഷം കോളജിൽ കാണാൻ പാടില്ലെന്ന സീനിയർ വിദ്യാർഥികൾ  താക്കീത് നൽകിയത് രണ്ടാം വർഷ വിദ്യാർഥികൾ ചോദ്യം ചെയ്തിരുന്നത്രെ. തുടർന്ന് ഇവർ സുഹൃത്തുക്കളെ വിളിച്ചുവരുത്തിയതാണ് നാട്ടുകാരുമായി ഏറ്റുമുട്ടൽ ഉണ്ടാകാൻ കാരണം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com