ADVERTISEMENT

മുക്കം∙ നഗരസഭയിൽ സെക്രട്ടറിയില്ല, സൂപ്രണ്ടില്ല, ക്ലീൻ സിറ്റി മാനേജരില്ല. നഗരസഭയുടെ പ്രവർത്തനം കുത്തഴിയുന്നു. നഗരസഭ കൗൺസിൽ യോഗങ്ങളിൽ കയ്യാങ്കളിയും സ്ഥിരം. നഗരസഭ സ്ഥിരം സെക്രട്ടറി തസ്തിക ഒഴിഞ്ഞ് കിടക്കാൻ തുടങ്ങിയിട്ട് ഒരു വർഷം പിന്നിട്ടു. സൂപ്രണ്ട് സ്ഥലം മാറിയിട്ടും ആഴ്ചകൾ പിന്നിട്ടു. ഹെൽത്ത് സൂപ്പർവൈസർ പദവിയുള്ള ക്ലീൻ സിറ്റി മാനേജരുടെ തസ്തികയും ഒഴിഞ്ഞ് കിടക്കുന്നു. പ്രധാന കസേരകളിൽ ആളില്ലാത്തത് മൂലം ഭരണ പ്രതിസന്ധിയാണ്.‌

നഗരസഭയുടെ വാഹനങ്ങളിൽ പെട്രോൾ നിറയ്ക്കാൻ വരെ സെക്രട്ടറി തസ്തികയിൽ ആളില്ലാത്തത് മൂലം ബുദ്ധിമുട്ടുകയാണെന്നാണ് പരാതി. സെക്രട്ടറി ഇല്ലാത്തതിനാൽ ഓൺ ഫണ്ടിൽ നിന്നു പണം ചെലവഴിക്കാൻ പ്രയാസം അനുഭവിക്കുന്നു. സെക്രട്ടറിയുടെ ഇൻ ചാർജ് അസിസ്റ്റന്റ് എൻജിനീയർക്കായിരുന്നു. കഴിഞ്ഞ ദിവസം കൗൺസിൽ യോഗത്തിൽ കൗൺസിലർമാർ തമ്മിൽ കയ്യാങ്കളിയും വാക്കേറ്റവും ഉണ്ടായപ്പോൾ എഇയും ഇല്ലാത്ത അവസ്ഥയായിരുന്നു. റവന്യു ഇൻസ്പെക്ടർക്കായിരുന്നു സെക്രട്ടറിയുടെ ചുമതല.

ഭരണ സമിതിക്ക് വൻ ഭൂരിപക്ഷം ഇല്ലാത്തതും പ്രതിസന്ധി വർധിപ്പിക്കുന്നു. പ്രധാന അജൻഡകൾ പാസാക്കാൻ പ്രയാസപ്പെടുന്നു. 33 അംഗ ഭരണ സമിതിയിൽ സിപിഎമ്മിന് വ്യക്തമായ ഭൂരിപക്ഷമില്ലാത്ത അവസ്ഥയാണ്. 7ാം വാർഡ് കൗൺസിലർ സിപിഎമ്മിലെ കെ.അനിത വിദേശത്തേക്ക് പോയതോടെ ഭരണപക്ഷത്തിന് വീണ്ടും ഒരംഗം കുറഞ്ഞു. 

കൗൺസിൽ അനുമതിയില്ലാതെയാണ് കെ.അനിത വിദേശത്തേക്ക് ജോലി ആവശ്യാർഥം പോയതെന്ന പ്രതിപക്ഷ ആരോപണമാണ് കഴിഞ്ഞ ദിവസം കൗൺസിൽ യോഗത്തിലെ കയ്യാങ്കളിക്ക് കാരണം. കൗൺസിലറുടെ അവധി അപേക്ഷ പരിഗണിക്കാനുള്ള അജൻഡയെ തുടർന്നാണ് വാക്കേറ്റവും കയ്യാങ്കളിയും ഉണ്ടായത്. വികസന കാര്യങ്ങൾ ചർച്ച ചെയ്യുന്നതിനും നടപ്പാക്കുന്നതിനുമുള്ള കൗൺസിൽ യോഗങ്ങൾ രാഷ്ട്രീയ കണക്കു തീർക്കലിന്റെ സ്ഥിരം വേദിയായി മാറിയതായി ബിജെപി മണ്ഡലം പ്രസിഡന്റ് സി.ടി.ജയപ്രകാശ് കുറ്റപ്പെടുത്തി.

പദ്ധതി വിഹിതം വിതരണം ചെയ്യുന്നതിൽ പക്ഷപാതം കാണിക്കുന്നതിനെതിരെ യുഡിഎഫ് അംഗങ്ങൾ ഹൈക്കോടതിയെ വരെ സമീപിച്ച ചരിത്രമാണ് നഗരസഭയിൽ. യു‍ഡിഎഫ് അംഗങ്ങളുടെ വാർഡുകളിൽ പദ്ധതി ഫണ്ട് വെട്ടികുറയ്ക്കുന്നുവെന്നായിരുന്നു പരാതി. ആസൂത്രണ സമിതിക്കെതിരെയായിരുന്നു യുഡിഎഫ് കൗൺസിലർമാർ ഹൈക്കോടതിയെ സമീപിച്ചതും അനുകൂല ഉത്തരവ് ലഭ്യമാക്കിയതും.തെരുവു നായ്ക്കളുടെ വിളയാട്ടവും നഗരസഭയുടെ വിവിധ ഭാഗങ്ങളിൽ വർധിച്ചിട്ടും നടപടി സ്വീകരിക്കുന്നില്ലെന്ന് വ്യാപകമായ പരാതിയും ഉണ്ട്.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com