ADVERTISEMENT

കോഴിക്കോട് ∙ ട്രോളിങ് പിൻവലിച്ചതോടെ അറ്റകുറ്റപ്പണി കഴിഞ്ഞു കടലിലേക്ക് പോകുന്ന ബോട്ടുകളുടെ ലൈസൻസും റജിസ്ട്രേഷനും കർശനമായി പരിശോധിക്കാൻ ഫിഷറീസ്. 3 വർഷങ്ങളായി ജില്ലയിൽ റജിസ്റ്റർ ചെയ്ത 1,380 യന്ത്രവൽകൃത യാനങ്ങളിൽ 746 എണ്ണം മാത്രമാണ് ഫിഷറീസിന്റെ പരിശോധനയിൽ കണ്ടെത്തിയത്. ബാക്കിയുള്ള അറുനൂറിലേറെ ബോട്ടുകൾ കണ്ടെത്താൻ ഉദ്യോഗസ്ഥർ കർശന പരിശോധന തുടങ്ങി. 

ബോട്ടുകൾ സംസ്ഥാനം വിട്ടുപോകുക, സർവീസ് അവസാനിപ്പിക്കുക, പൊളിച്ചു മാറ്റുക എന്നിവ ചെയ്യുമ്പോൾ റജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് ഹാജരാക്കി അനുമതി വാങ്ങേണ്ടതാണ്. എന്നാൽ, ഫിഷറീസ് ജോയിന്റ് ഡയറക്ടറുടെ നിർദേശത്തെ തുടർന്നു കഴിഞ്ഞ മാസം നടത്തിയ പരിശോധനയിലാണ് ബോട്ടുകളും യന്ത്രം ഘടിപ്പിച്ച വഞ്ചികളും ഉൾപ്പെടെ ജില്ലയിൽ റജിസ്റ്റർ ചെയ്ത അറുനൂറോളം യാനങ്ങൾ കാണുന്നില്ലെന്നു തിരിച്ചറിഞ്ഞത്.

ഡേറ്റ ബാങ്കിൽ ഉൾപ്പെട്ട, കണ്ടെത്താൻ കഴിയാത്ത യാനങ്ങളുടെ ഉടമകൾക്ക് ഫിഷറീസ് വകുപ്പ് നോട്ടിസ് അയച്ചു തുടങ്ങിയതായി ഉദ്യോഗസ്ഥർ അറിയിച്ചു. തീര സുരക്ഷയുടെ ഭാഗമായി സംസ്ഥാന രഹസ്യാന്വേഷണ വിഭാഗവും പരിശോധന നടത്തുന്നുണ്ട്.ഉൾക്കടലിൽ മീൻപിടിക്കാൻ പോകുന്ന ബോട്ടുകൾക്കും യന്ത്രം ഘടിപ്പിച്ച കൂറ്റൻ വഞ്ചികൾക്കും ജില്ലയിൽ  ലൈസൻസ്, റജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് എന്നിവ നിർബന്ധമാണ്.

റജിസ്റ്റർ ചെയ്ത യാനങ്ങൾ നാഷനൽ ഇൻഫർമേഷൻ സെന്റർ ഡേറ്റ ബാങ്കിൽ അപ്‌ലോഡ് ചെയ്യും. ഇത്തരം യാനങ്ങൾ സംസ്ഥാന അതിർത്തി വിടുകയോ സർവീസ് നിർത്തുകയോ പൊളിച്ചു മാറ്റുകയോ ചെയ്യുമ്പോൾ ഫിഷറീസ് ജില്ലാ അസിസ്റ്റന്റ് ഡയറക്ടർക്ക് രേഖ ഹാജരാക്കി ഡേറ്റ ബാങ്കിൽ നിന്നു നീക്കം ചെയ്യണം. എന്നാൽ യാനം ഉടമകൾ ഉപയോഗ ശൂന്യമായ യാനങ്ങളുടെ രേഖകൾ കൃത്യമായി ഹാജരാക്കാത്തതിൽ വന്ന പിഴവാണോ എന്നും പരിശോധിക്കുന്നുണ്ട്.

പുതിയാപ്പയിൽ കഴിഞ്ഞ ദിവസം കത്തിയ 'സ്വസ്ത' ബോട്ടിനു ഇൻഷുറൻസ് ഇല്ലെന്നു കോസ്റ്റൽ പൊലീസിന്റെ പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. ഉടമയുടെ പരാതി ലഭിച്ചാൽ അന്വേഷണം നടത്തി ഫിഷറീസ് ഡപ്യൂട്ടി ഡയറക്ടർക്ക് റിപ്പോർട്ട് നൽകുമെന്നു കോസ്റ്റൽ പൊലീസ് അറിയിച്ചു.എന്നാൽ, യാനങ്ങൾക്ക് പെർമിറ്റ്, റജിസ്ട്രേഷൻ എന്നിവ പുതുക്കുമ്പോൾ മറ്റു വാഹനങ്ങളെപ്പൊലെ ഇൻഷുറൻസ് നിർബന്ധമല്ല. എന്നാൽ പുതിയ യാനം റജിസ്ട്രേഷന് അപേക്ഷിക്കുന്നതിന് ഇൻഷുറൻസ് നിർബന്ധമാണെന്നു ഫിഷറീസ് ഉദ്യോഗസ്ഥർ പറഞ്ഞു.

English Summary: About registered six hundred boats were not to be seen; The intelligence department has started an investigation

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com