ADVERTISEMENT

കോടഞ്ചേരി∙ ഇരുവഞ്ഞിപ്പുഴയുടെ ഓളപ്പരപ്പിൽ കയാക്കർമാർ മാന്ത്രികത തീർത്തപ്പോൾ കാണികളും ആവേശ തിമർപ്പിൽ. സംസ്ഥാന ടൂറിസം വകുപ്പ് സംഘടിപ്പിക്കുന്ന ഒൻപതാമത് മലബാർ റിവർ ഫെസ്റ്റിവൽ രാജ്യാന്തര വൈറ്റ് വാട്ടർ കയാക്കിങ് ചാംപ്യൻഷിപ്പിന്റെ രണ്ടാം ദിനത്തിൽ ഇരുവഞ്ഞിപ്പുഴയിൽ ആനക്കാംപൊയിൽ മാവാതുക്കൽ കൊച്ചരിപ്പാറയിൽ ഒട്ടേറെ പേരാണ് കയാക്കിങ് മാമാങ്കം കാണാൻ എത്തിയത്.

ഇരുവഞ്ഞിപുഴയിൽ ഇന്നലെ പെട്ടെന്നുണ്ടായ മലവെള്ളപ്പാച്ചിലിൽ, ഫിനിഷിങ് ലൈനിൽ നിന്നിരുന്ന 4 വൊളന്റിയർമാരെ രക്ഷപ്പെടുത്തുന്നു.
ഇരുവഞ്ഞിപുഴയിൽ ഇന്നലെ പെട്ടെന്നുണ്ടായ മലവെള്ളപ്പാച്ചിലിൽ, ഫിനിഷിങ് ലൈനിൽ നിന്നിരുന്ന 4 വൊളന്റിയർമാരെ രക്ഷപ്പെടുത്തുന്നു.

പുലിക്കയത്ത് ചാലിപ്പുഴയിൽ ജലനിരപ്പ് കുറവായതിനാൽ രണ്ടാം ദിനം മത്സരങ്ങൾ ഇരുവഞ്ഞിപ്പുഴയിലെ കൊച്ചരിപ്പാറയിലേക്ക് മാറ്റുകയായിരുന്നു.വൈറ്റ് വാട്ടർ കയാക്കിങിൽ എക്സ്ട്രീം സ്ലാലം (പ്രഫഷനൽ) പുരുഷ –വനിത സെമി ഫൈനൽ മത്സരങ്ങളാണ് ഇന്നലെ നടന്നത്. ഫൈനൽ ഇന്ന് നടക്കും. കൂടാതെ സൂപ്പർ ഫൈനൽ മത്സര ഇനമായ ഡൗൺ റിവർ കയാക്കിങ് മത്സരം ഇന്ന് നടക്കും. 

വിവിധ മത്സരങ്ങളിലെ വ്യക്തിഗത പോയിന്റുകൾ അടിസ്ഥാനപ്പെടുത്തിയാണ് റാപ്പിഡ് രാജയെയും റാപ്പിഡ് റാണിയെയും തിരഞ്ഞെടുക്കുക. മലബാർ റിവർ ഫെസ്റ്റിവലിന്റെ സമാപന ചടങ്ങ് ഇന്ന് 4ന് പുല്ലൂരാംപാറ ഇലന്തുകടവിൽ മന്ത്രി പി.എ.മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യും.

മലവെള്ളപ്പാച്ചിൽ; രക്ഷകരായിറെസ്ക്യു ടീം 

മലബാർ റിവർ ഫെസ്റ്റിവൽ ഒൻപതാമത് രാജ്യാന്തര വൈറ്റ് വാട്ടർ ചാംപ്യൻഷിപ് നടക്കുന്ന ഇരുവഞ്ഞിപുഴയിൽ ഇന്നലെ ഉച്ചകഴിഞ്ഞ് നടന്ന മത്സരത്തിനിടെ പെട്ടെന്നുണ്ടായ മലവെള്ളപ്പാച്ചിലിൽ ഫിനിഷിങ് ലൈനിൽ നിന്നിരുന്ന 4 വൊളന്റിയർമാർ പുഴയിൽ കുടുങ്ങിയത് പരിഭ്രാന്തി പരത്തി. പുഴയിൽ ക്രമാതീതമായി വെള്ളം ഉയരുന്നത് കണ്ട് സ്റ്റാർട്ടിങ് പോയിന്റിൽ ഉണ്ടായിരുന്ന എല്ലാ കയാക്കിങ് താരങ്ങളെയും കാണികളെയും കേരള അഡ്വഞ്ചർ ടൂറിസം പ്രമോഷൻ സൊസൈറ്റി സിഇഒ ബിനു കുര്യാക്കോസും കയാക്കിങ് മത്സരങ്ങളുടെ ടെക്നിക്കൽ തലവൻ മാണിക് തനേജയും ചേർന്ന് പുഴയിൽ നിന്നും കരയിലേക്ക് കയറുന്നതിന് ഉച്ചഭാഷണിയിലൂടെ നിർദേശം നൽകി എല്ലാവരെയും കരയ്ക്ക് എത്തിച്ചു.

അപ്പോഴേക്കും ഫിനിഷിങ് പോയിന്റിൽ പുഴയിൽ ഉണ്ടായിരുന്ന 4 വൊളന്റിയർമാർക്ക് പെട്ടെന്ന് പുഴയിൽ വെള്ളം ഉയർന്നതിനാൽ കരയിലെത്താൻ കഴിഞ്ഞില്ല. പുഴയിലെ ഉയർന്ന പാറയിൽ കയറി നിന്ന 4 പേരെയും റെസ്ക്യു ടീം കയർ വഴി കരക്കെത്തിക്കുകയായിരുന്നു. സംഭവ സ്ഥലത്ത് മുക്കം അഗ്നിരക്ഷാ സേനയും തിരുവമ്പാടി പൊലീസും ഇവർക്ക് സഹായത്തിനുണ്ടായിരുന്നു.

മത്സരങ്ങളുടെ പ്രാദേശിക വൊളന്റിയർമാരായ പുല്ലൂരാംപാറ സ്വദേശികളായ ഷാലു അമാൻ (32), ഷൈനിജിൻ സാദിഖ് (22), അക്ഷയ് ബിജു (22), മുഹമ്മദ് അൻസിൽ (22) എന്നിവരാണ് പുഴയുടെ നടുവിലെ ഉയർന്ന പാറയിൽ കയറി രക്ഷപ്പെട്ടത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com