ADVERTISEMENT

കോഴിക്കോട് ∙ കിഡ്സൺ കോർണറിൽ പാർക്കിങ് പ്ലാസ നിർമാണവുമായി ബന്ധപ്പെട്ട് അനധികൃതമായി പിഎം താജ് റോഡിൽ നിർമിച്ചു പൊളിച്ചു മാറ്റാൻ ഉത്തരവിട്ട 9 കട മുറികളെ ചൊല്ലി വ്യാപാരികളും ഓണ വ്യാപാരത്തിന് എത്തിയവരും തമ്മിൽ തർക്കം. വ്യാപാരികളെ ഒഴിവാക്കി ഓണത്തിനു പായസം കച്ചവടത്തിനെത്തിയ സംഘത്തിനു കിഡ്സൺ കോർണറിൽ ഈ സ്ഥലത്തു കച്ചവടം നടത്താൻ താൽക്കാലിക അനുമതി കോർപറേഷൻ നൽകിയെങ്കിലും തർക്കത്തെ തുടർന്ന് അനുമതി റദ്ദാക്കി.

പൊളിച്ചു മാറ്റാൻ 8 മാസം മുൻപ് കോർപറേഷൻ എൻജിനീയറിങ് വിഭാഗം റിപ്പോർട്ട് നൽകിയിട്ടും കോർപറേഷനിലെ ഭരണതലത്തിലെ ചിലരുടെ അനുമതിയോടെ അനധികൃതമായി നിർമിച്ച 9 മുറികളിൽ വീണ്ടും കച്ചവടം നടത്തുന്നതുമായി ബന്ധപ്പെട്ടാണ് തർക്കം നടന്നത്. പൊളിക്കാനുള്ള കെട്ടിടത്തിൽ ഓണത്തോടനുബന്ധിച്ച് കച്ചവടം നടത്താൻ കിഡ്സൺ കോർണർ സത്രം കെട്ടിടത്തിൽ നിന്നു ഒഴിവായ വ്യാപാരികൾ രണ്ടു മാസം മുൻപ് കോർപറേഷൻ മേയർ, ഡപ്യൂട്ടി മേയർ എന്നിവർക്ക് അനുമതി തേടി കത്തു നൽകിയിരുന്നു.

എന്നാൽ, അനുമതി ലഭിച്ചില്ല. വ്യാപാരികൾക്ക് അനുമതി നൽകാതെ പുറത്തു നിന്ന് എത്തിയവർക്ക് ഈ പരിസരത്ത് കച്ചവടത്തിനു അനുമതി നൽകിയത് ചൂണ്ടിക്കാട്ടി വ്യാപാരികൾ കഴിഞ്ഞ ദിവസം കോർപറേഷൻ മേയർ, ഡപ്യൂട്ടി മേയർ എന്നിവരെ എതിർപ്പ് അറിയിച്ചു. തുടർന്ന് ഇന്നലെ മുതൽ കച്ചവടം നടത്താൻ അനുമതി ലഭിച്ച താൽക്കാലിക കച്ചവടക്കാർ സാധനങ്ങളുമായി എത്തിയെങ്കിലും പെരുവഴിയിലായി.

സത്രം കെട്ടിടം പൊളിച്ചു മാറ്റുന്നതിന്റെ ഭാഗമായി ഒഴിയുന്ന 13 വ്യാപാരികൾക്ക് കിഡ്സൺ കോർണർ സമീപം സെൻട്രൽ ലൈബ്രറിക്ക് മുന്നിൽ കോംട്രസ്റ്റ് റോഡിലും താജ് റോഡിലും താൽക്കാലിക ഷെഡിനു കോർപറേഷൻ 2022 ഒക്ടോബറിൽ അനുമതി നൽകിയിരുന്നു. എന്നാൽ ഈ സ്ഥലത്ത് വ്യാപാരികൾ കോർപറേഷൻ ഭരണത്തിലെ ചിലരുടെ മൗനാനുവാദത്തോടെ കോൺക്രീറ്റ് ഉപയോഗിച്ച് സ്ഥിരം കെട്ടിടം നിർമിക്കുകയായിരുന്നു. കോംട്രസ്റ്റ് റോഡിൽ 4 എണ്ണവും താജ് റോഡിൽ 9 എണ്ണവും നിർമിച്ചു.

ഗതാഗത തടസ്സവും അനധികൃത നിർമാണവും ചൂണ്ടിക്കാട്ടി ട്രാഫിക് പൊലീസിന്റെയും ജില്ലാ ദുരന്തനിവാരണ വിഭാഗത്തിന്റെയും റിപ്പോർട്ടിനെ തുടർന്ന് 2022 ഡിസംബർ 20 ന് അനധികൃതമായി നിർമിച്ച 13 മുറികളും പൊളിച്ചുമാറ്റാൻ കോർപറേഷൻ എൻജിനീയറിങ് വിഭാഗം അറിയിച്ചു. ഈ സാഹചര്യത്തിൽ കോംട്രസ്റ്റ് റോഡിലെ 4 കോൺക്രീറ്റ് കെട്ടിട നിർമാണം മാത്രം വ്യാപാരികൾ പൊളിച്ചുമാറ്റി. താജ് റോഡിലെ അനധികൃത നിർമാണം പൊളിക്കാതെ കോർപറേഷൻ നിലനിർത്തുകയായിരുന്നു. ഈ അനധികൃത കെട്ടിടത്തിലാണ് വീണ്ടും കച്ചവടത്തിനായി നീക്കം നടത്തിയത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com