മരുന്നില്ലെന്നു പറഞ്ഞ് രോഗികളെ മടക്കി അയച്ചതായി പരാതി
Mail This Article
കോഴിക്കോട് ∙ തലസീമിയ മേജർ രോഗികൾക്ക് ജീവൻ രക്ഷിക്കാനാവശ്യമായ ആസുൺറ (Asunra) മരുന്ന് വിതരണത്തിന് എത്തിയെന്ന അധികൃതരുടെ അറിയിപ്പിനെ തുടർന്ന് എത്തിയ രോഗികളെ മരുന്നില്ലെന്നു പറഞ്ഞു മടക്കി അയച്ചതായി പരാതി. അധികൃതരുടെ അറിയിപ്പിനെ തുടർന്നു ഡോക്ടറുടെ കുറിപ്പടിയുമായി ഗവ.മെഡിക്കൽ കോളജ് ആശുപത്രി ഫാർമസിയിലെത്തിയ രോഗികളാണു വലഞ്ഞത്. രണ്ടോ മൂന്നോ രോഗികൾക്ക് നാമമാത്രമായി മരുന്നു നൽകിയ ശേഷം മറ്റുള്ളവരെ മടക്കി അയച്ചതായി കേരള ബ്ലഡ് പേഷ്യന്റ്സ് പ്രൊട്ടക്‌ഷൻ കൗൺസിൽ ഭാരവാഹികൾ പറഞ്ഞു. ഈ ഈ മരുന്ന് കഴിച്ച് മാത്രം ജീവൻ നിലനിർത്തുന്നവരും മറ്റു മരുന്നുകൾ ഫലിക്കാത്തവരുമുണ്ട്.
ആശാധാര പദ്ധതി വഴിയാണ് രോഗികൾക്ക് മരുന്നു നൽകുന്നത്. ഇതിനു 60% കേന്ദ്രവും 40% സംസ്ഥാനവുമാണ് വഹിക്കുന്നത്. തലസീമിയ രോഗികൾക്ക് വർധിച്ച തോതിൽ ആവശ്യമായ രക്തത്തിന്റെ അളവ് മൂന്നിലൊന്നായി കുറയ്ക്കുന്ന ലുസ്പാറ്റർസെറ്റ് ഇഞ്ചക്‌ഷൻ മരുന്നു നൽകുന്നതിലും മെഡിക്കൽ കോളജ് അധികൃതർ കുറ്റകരമായ അനാസ്ഥയാണു പുലർത്തുന്നതെന്നും പരാതിയുണ്ട്. മരുന്ന് നൽകുന്നതിലെ വീഴ്ചയെ കുറിച്ച് ആശാധാര സംസ്ഥാന നോഡൽ ഓഫിസറെ അറിയിച്ചതായും അന്വേഷിക്കാമെന്ന മറുപടി ലഭിച്ചതായും കേരള ബ്ലഡ് പേഷ്യന്റ്സ് പ്രോട്ടക്‌ഷൻ കൗൺസിൽ സംസ്ഥാന ജനറൽ കൺവീനർ കരീം കാരശ്ശേരി പറഞ്ഞു.