ADVERTISEMENT

കോഴിക്കോട് ∙ ചേളന്നൂ‍ർ ഏഴേ ആറ് – പുളിയോളിക്കാവ് ക്ഷേത്രം റോഡിൽ ചത്തു പുഴുവരിച്ച നിലയിൽ കണ്ട വവ്വാലിനെ നാട്ടുകാരോടു കുഴിച്ചിടാൻ നിർദേശിച്ച സംഭവത്തിൽ വീഴ്ചയുണ്ടോയെന്നു പൊലീസ് അന്വേഷിക്കുന്നു. വവ്വാലിനെ കണ്ട വിവരം നിപ്പ കൺട്രോൾ സെല്ലിൽ അറിയിച്ചവരോടും കുഴിച്ചിട്ടവരോടുമെല്ലാം സംസ്ഥാന രഹസ്യാന്വേഷണ വിഭാഗം വിവരങ്ങൾ ശേഖരിച്ചു. ശനിയാഴ്ച വൈകിട്ട് മൂന്നോടെയാണ് വവ്വാലിനെ കണ്ടത്. മഴ പെയ്യുന്നതിനാൽ റോഡിൽ വെള്ളമുണ്ടായിരുന്നു. ഇതിലാണു വവ്വാലുണ്ടായിരുന്നത്.

ജില്ലയിൽ നിപ്പ വൈറസ് ബാധ സ്ഥിരീകരിച്ചതിന്റെ അടിസ്ഥാനത്തിൽ നാട്ടുകാരിൽ ചിലർ നിപ്പ കൺട്രോൾ സെല്ലിൽ വരെ വിവരം അറിയിച്ചു. 6 അടി താഴ്ചയുള്ള കുഴി എടുത്ത് അതിനു മുകളിലും താഴെയും ബ്ലീച്ചിങ് പൗഡറിട്ട് മൂടാനായിരുന്നു കൺട്രോൾ റൂമിൽ നിന്ന് നൽകിയ നിർദേശം. ആരോഗ്യ, മൃഗസംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥരെയും വിവരം അറിയിച്ചതായാണു നാട്ടുകാർ പറയുന്നത്. ‌എന്നാൽ, ബന്ധപ്പെട്ട അധികൃതരിൽ ആരും ഇവിടെ എത്തിയില്ല. ഇതിനിടെ കൺട്രോൾ സെല്ലിൽ നിന്ന് ഉൾപ്പെടെ അറിയിച്ച പ്രകാരം സന്നദ്ധ പ്രവർത്തകരായ 4 പേർ ചേർന്ന് റോഡരികിലെ പറമ്പിൽ വവ്വാലിനെ കുഴിച്ചു മൂടുകയായിരുന്നു.

നിപ്പ:തിരുവമ്പാടിയിൽ ജാഗ്രതാ നിർദേശം 

തിരുവമ്പാടി ∙ ജില്ലയിൽ നിപ്പ റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ മലയോര മേഖലയായ തിരുവമ്പാടിയിൽ ജാഗ്രത തുടരുന്നതിനു അവലോകന യോഗം തീരുമാനിച്ചു. പൊതുജനങ്ങൾ പാലിക്കേണ്ട നിർദേശങ്ങൾക്ക് അവലോകന യോഗം രൂപം നൽകി. പഞ്ചായത്ത് പ്രസിഡന്റ് മേഴ്സി പുളിക്കാട്ട് അധ്യക്ഷത വഹിച്ചു. മെഡിക്കൽ ഓഫിസർ ഡോ.കെ.വി.പ്രിയ പ്രതിരോധ പ്രവർത്തനങ്ങൾ വിശദീകരിച്ചു. വൈസ് പ്രസിഡന്റ് കെ.എ. അബ്ദു റഹ്മാൻ, സ്ഥിരം സമിതി അധ്യക്ഷൻ രാമചന്ദ്രൻ കരിമ്പിൽ, പഞ്ചായത്ത് അംഗം കെ. എം. മുഹമ്മദലി, ഹെൽത്ത് ഇൻസ്പെക്ടർ എം. സുനീർ,എൻ.വി.ഷില്ലി എന്നിവർ പ്രസംഗിച്ചു.

പൊതുജനങ്ങൾക്കുള്ള നിർദേശങ്ങൾ 

വവ്വാലുകൾ, പന്നി, മറ്റു മൃഗങ്ങൾ എന്നിവയുടെ അസ്വാഭാവിക മരണം പഞ്ചായത്ത് അംഗങ്ങളെ അറിയിക്കണം. പക്ഷി മൃഗാദികളുടെ സ്രവങ്ങൾ, വിസർജ്യം എന്നിവയുമായി സമ്പർക്കം ഉണ്ടായാൽ സോപ്പ് ഉപയോഗിച്ച് നന്നായി കഴുകണം. പക്ഷി മൃഗാദികളുടെ ശരീര സ്രവങ്ങൾ, വിസർജ്യം എന്നിവ കലരാത്ത രീതിയിൽ ഭക്ഷണ പദാർഥങ്ങളും കുടിവെള്ളവും അടച്ചു സൂക്ഷിക്കുക. പക്ഷികളുടെയും മൃഗങ്ങളുടെയും കടിയും പോറലും ഏറ്റ പഴങ്ങൾ, പച്ചക്കറികൾ എന്നിവ കഴിക്കരുത്. വീണു കിടക്കുന്ന പഴങ്ങൾ കഴിക്കരുത്. പഴങ്ങൾ സോപ്പ് ഉപയോഗിച്ചു കഴുകി തൊലി കളഞ്ഞ ശേഷം ഉപയോഗിക്കണം.

നിപ്പ: കണ്ടെയ്ൻമെന്റ് സോണിൽ പച്ചക്കറി കിറ്റ് വിതരണം ചെയ്തു 

കുറ്റ്യാടി∙ നിപ്പ ജാഗ്രതയുടെ ഭാഗമായി കണ്ടെയ്ൻമെന്റ് സോണായി പ്രഖ്യാപിച്ച മരുതോങ്കര പഞ്ചായത്തിലെ അടുക്കത്ത്, മുണ്ടക്കുറ്റി ഭാഗങ്ങളിലെ ‌100 വീടുകളിൽ പച്ചക്കറി കിറ്റുകൾ വിതരണം ചെയ്തു. പ്രദേശവാസിയായ വേട്ടോറേമ്മൽ ബാബുരാജ് ആണ് കിറ്റുകൾ നൽകിയത്. ആർആർടി പ്രവർത്തകരായ കെ.കെ.പാർഥൻ, കോവുമ്മൽ സുനി, അഷറഫ് വാഴയിൽ എന്നിവർ വിതരണത്തിനു നേതൃത്വം നൽകി.

നിപ്പ: ലക്ഷണമുള്ളവർ നിപ്പ ട്രയാജിൽ എത്തുക

കോഴിക്കോട് ∙ നിപ്പ ലക്ഷണമുള്ളവർ ചികിത്സയ്ക്കായി ആശുപത്രിയിലെ നിപ്പ ട്രയാജിലാണ് എത്തേണ്ടതെങ്കിലും പലരും നേരെ അത്യാഹിത വിഭാഗത്തിലേക്കു പോകുന്നതായി ആക്ഷേപം. കണ്ടെയിൻമെന്റ് സോണിൽ നിന്നുള്ളവർ വരെ രോഗ ലക്ഷണം മറച്ചുവച്ചു നേരിട്ട് മെഡിക്കൽ കോളജ് ആശുപത്രി അത്യാഹിത വിഭാഗത്തിലെത്തുന്നതായാണ് ആരോഗ്യ പ്രവർത്തകർ പറയുന്നത്. നിപ്പ സമ്പർക്കപട്ടികയിൽ ഉൾപ്പെട്ടവർ ചികിത്സയ്ക്കായി ആശുപത്രിയിലേക്ക് പോകുന്നതിനു മുൻപേ ബന്ധപ്പെട്ട ആരോഗ്യ പ്രവർത്തകരെ അറിയിക്കണം. ഇതിനു ശേഷം ആംബുലൻസിലാണ് ആശുപത്രിയിലെ നിപ്പ ട്രയാജിലെത്തേണ്ടത്.

കൂടുതൽ വാർത്തകൾക്ക് സന്ദർശിക്കുക: www.manoramaonline.com/local

എന്നാൽ, പലരും ബൈക്കിൽ ഉൾപ്പെടെ അത്യാഹിത വിഭാഗത്തിലെത്തിയെന്നു ജീവനക്കാർ പറഞ്ഞു.  നിപ്പ പോസിറ്റീവായി ചികിത്സയിൽ കഴിയുന്ന ആൾ കഴിഞ്ഞ ദിവസം നേരെ അത്യാഹിത വിഭാഗത്തിലേക്കാണ് പോയത്. അവിടെ നിന്ന് ഡോക്ടർമാർ ഉൾപ്പെടെ വിശദമായി വിവരങ്ങൾ ചോദിച്ചപ്പോഴാണു നിപ്പ ബാധിച്ചയാൾ ചികിത്സ തേടിയ സ്വകാര്യ ആശുപത്രിയിൽ പോയ വിവരം ഉൾപ്പെടെ പറഞ്ഞത്. ഉടനെ കെഎച്ച്ആർഡബ്ല്യുഎസ് പേ വാർഡിനു സമീപത്തെ നിപ്പ ട്രയാജിലേക്കു മാറ്റി പരിശോധനയും തുടർ ചികിത്സയും നൽകി. ഇതിനു ശേഷവും ഇത്തരം സംഭവം ആവർത്തിക്കുന്നതായി ആരോഗ്യ പ്രവർത്തകർ പറയുന്നു.

പനി വീടുകൾ തിരക്കി ആരോഗ്യ പ്രവർത്തകർ

kozhikode news

ഫറോക്ക് ∙ ചെറുവണ്ണൂരിൽ യുവാവിനു നിപ്പ സ്ഥിരീകരിച്ചതിനെ തുടർന്നു കണ്ടെയ്ൻമെന്റ് സോണായ  നഗരസഭയിൽ പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കി. നഗരസഭയിലെ മുഴുവൻ വാർഡുകളിലും ജനപ്രതിനിധികൾ, ആരോഗ്യ പ്രവർത്തകർ, ആർആർടി വൊളന്റിയർമാർ എന്നിവരുടെ നേതൃത്വത്തിൽ ഗൃഹസന്ദർശനവും ബോധവൽക്കരണവും നടത്തി. നഗരസഭയിലുടനീളം മൈക്ക് അനൗൺസ്മെന്റ് നടത്തി വരുന്നുണ്ട്. ആരോഗ്യ വകുപ്പ് നിർദേശ പ്രകാരം മുഴുവൻ വീടുകളിലും പനി, ആരോഗ്യപ്രശ്നങ്ങൾ എന്നിവയുടെ സർവേ തുടങ്ങി. 4500 വീടുകളിൽ ഇതിനകം സർവേ പൂർത്തീകരിച്ചു.  നിപ്പ പ്രതിരോധ പ്രവർത്തനങ്ങളുടെ അവലോകന യോഗത്തിൽ നഗരസഭാധ്യക്ഷൻ എൻ.സി.അബ്ദുൽ റസാക്ക് അധ്യക്ഷത വഹിച്ചു. ഉപാധ്യക്ഷ കെ.റീജ, സ്ഥിരം സമിതി അധ്യക്ഷരായ കെ.കുമാരൻ, കെ.പി.നിഷാദ്, പി.ബൽക്കീസ്, കെ.പി.സുലൈഖ, നഗരസഭ ഹെൽത്ത് ഇൻസ്പെക്ടർ സി.എ.ഷംസുദ്ദീൻ, താലൂക്ക് ആശുപത്രി ഹെൽത്ത് ഇൻസ്പെക്ടർ സി.സി.ജാഫർ എന്നിവർ പ്രസംഗിച്ചു.

ഫറോക്ക് ,  ചെറുവണ്ണൂർ മേഖലകളി‍ൽ പൊലീസ് പരിശോധന ശക്തം 

ഫറോക്ക് ∙ നിപ്പ പ്രതിരോധത്തിന്റെ ഭാഗമായി കണ്ടെയ്ൻമെന്റ് സോണായി പ്രഖ്യാപിച്ച ഫറോക്ക്, ചെറുവണ്ണൂർ മേഖലകളിൽ സർവ സന്നാഹവുമായി പൊലീസ് നിരത്തിൽ. ഇൻസ്പെക്ടർമാരുടെ നേതൃത്വത്തിൽ വ്യാപക പരിശോധന. അത്യാവശ്യ കാര്യങ്ങൾക്ക് അല്ലാതെ പോകുന്ന യാത്രക്കാരെ മുഴുവൻ തിരിച്ചയച്ചു. നഗരസഭ അതിർത്തികളിൽ പ്രത്യേക ബാരിക്കേഡ് സ്ഥാപിച്ചു കൂടുതൽ പൊലീസിനെ വിന്യസിച്ചാണ് പരിശോധന വ്യാപിപ്പിച്ചത്. പകൽ ഒട്ടേറെ വാഹനങ്ങൾ എത്തിയെങ്കിലും യാത്രക്കാരുടെ കൃത്യമായ വിവരങ്ങൾ ശേഖരിച്ച ശേഷമാണ് കടത്തി വിടുന്നത്.

കൂടുതൽ വാർത്തകൾക്ക് സന്ദർശിക്കുക: www.manoramaonline.com/local

ചികിത്സ, മറ്റു അടിയന്തര ആവശ്യങ്ങൾ എന്നിവയ്ക്ക് മാത്രമേ യാത്രാ അനുമതിയുള്ളൂ. അത്യാവശ്യ കാര്യങ്ങൾക്ക് അല്ലാതെ ക്രിട്ടിക്കൽ മേഖലയിൽ നിന്നു പുറത്തേക്കോ മറ്റു പ്രദേശങ്ങളിൽനിന്നു മേഖലയിലേക്കോ പ്രവേശിക്കാൻ അനുവദിക്കുന്നില്ല. കണ്ടെയ്ൻമെന്റ് സോൺ ഒഴിവാകുന്നത് വരെ നിയന്ത്രണങ്ങൾ തുടരും. പൊലീസിനു പുറമേ നഗരസഭ ആരോഗ്യവിഭാഗവും പരിശോധന ശക്തമാക്കിയിട്ടുണ്ട്. യാത്രക്കാർ കൃത്യമായി മാസ്ക് ധരിക്കുന്നുണ്ടോ എന്നും പരിശോധിക്കുന്നുണ്ട്. പൊതു ഇടങ്ങളിലെ ആൾക്കൂട്ടം, മാസ്ക് ധരിക്കാതിരിക്കൽ എന്നിവയ്ക്കെതിരെ കർശന നടപടിയുണ്ടാകുമെന്നു പൊലീസ് അറിയിച്ചു.

ബേപ്പൂർ മേഖലയിലെ വാർഡുകൾ അടച്ചുപൂട്ടരുതെന്ന് ആവശ്യം 

ബേപ്പൂർ ∙ ചെറുവണ്ണൂരിൽ യുവാവിനു നിപ്പ സ്ഥിരീകരിച്ചതിനെ തുടർന്നു ബേപ്പൂർ മേഖലയിലെ വാർഡുകൾ അടച്ചുപൂട്ടി ജനത്തെ ബുദ്ധിമുട്ടിക്കുന്ന നിലപാട് അധികൃതർ മാറ്റണമെന്നു 48ാം വാർഡ് കോൺഗ്രസ് കമ്മിറ്റി ആവശ്യപ്പെട്ടു. ആരിലും രോഗ ലക്ഷണം കണ്ടിട്ടില്ലാത്ത സാഹചര്യത്തിൽ ജനത്തെ ഭീതിയിലാക്കി പ്രദേശം നിശ്ചലമാക്കാൻ കാണിക്കുന്ന ആവേശത്തിൽ ദുരൂഹതയുണ്ടെന്നും സാധാരണക്കാരുടെ സാഹചര്യം പരിഗണിച്ച് ജനത്തിനു ജീവിതമാർഗം കണ്ടെത്താൻ അനുവദിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. പ്രസിഡന്റ് ഒ.കെ.മൻസൂർ അലി, സെക്രട്ടറി സുരേഷ് അരിക്കനാട്ട്, ട്രഷറർ റാഷിദ് അമീൻ എന്നിവർ പങ്കെടുത്തു.

നിപ്പ: ജാഗ്രത തുടരുന്നു കേന്ദ്രസംഘം കുറ്റ്യാടിയിൽ

കോഴിക്കോട്∙ നിപ്പ വൈറസിന്റെ ഉറവിടം തേടി കേന്ദ്രസംഘം പ്രവർത്തനം തുടങ്ങി. ആദ്യം രോഗം ബാധിച്ചയാളുടെ  (ഇൻഡക്സ് കേസ്) നാടായ കുറ്റ്യാടിയിലാണ് സംഘം അന്വേഷണം തുടങ്ങിയത്. ഡോ.ഹിമാൻഷു ചൗഹാൻ, ഡോ. മാല ഛബ്ര, ഡോ.മീര ദൂരിയ, ഡോ.അജയ് അസ്രാന, ഡോ.ഹനുൽ തുക്രൽ, ഡോ.ഗജേന്ദ്ര സിങ് എന്നിവരാണ് സംഘത്തിലുള്ളത്. 

വൈറസ് ഉറവിടം കണ്ടെത്തുന്നതിനു മുന്നോടിയായി മരുതോങ്കരയിലെ കുടുംബാരോഗ്യ കേന്ദ്രത്തിലെത്തിയ സംഘം ചർച്ച നടത്തി. കുറ്റ്യാടി താലൂക്ക് ആശുപത്രി സുപ്രണ്ട് ഡോ. അനുരാധയുടെ നേതൃത്വത്തിലാണ് മരുതോങ്കര കുടുംബാരോഗ്യ കേന്ദ്രത്തിൽ പ്രത്യേക യോഗം ചേർന്നത്. ആരോഗ്യ പ്രവർത്തകരുടെയും ആശാവർക്കർമാരുടെയും നേതൃത്വത്തിൽ നടത്തിയ പ്രവർത്തനം സംഘം വിലയിരുത്തി. പ്രദേശത്തിന്റെ ഭൂമിശാസ്ത്ര പ്രത്യേകതകളടക്കമുള്ള വിവരങ്ങൾ ശേഖരിച്ചു. തുടർന്ന് നിപ്പ ബാധിച്ചു മരിച്ച കള്ളാട് സ്വദേശിയുടെ വീടും പരിസരവും തോട്ടവും സംഘം സന്ദർശിച്ചു.

കോഴിക്കോട്∙ കേന്ദ്ര ഗവൺമെന്റിന്റെ മൃഗസംരക്ഷണ വിദഗ്ധ സംഘം ഇന്നു ജില്ലയിലെത്തും. നിപ്പ ബാധിത പ്രദേശങ്ങളിൽ ഇന്നു മുതൽ 20 വരെ ജില്ലയിൽ വിശദമായ പഠനവും സാംപിൾ കലക്‌ഷനും നടത്തുമെന്ന് ജന്തുരോഗ നിയന്ത്രണ പദ്ധതി ജില്ലാ കോഓർഡിനേറ്റർ അറിയിച്ചു. ഇന്ന് മന്ത്രി ജെ.ചിഞ്ചു റാണിയുടെ അധ്യക്ഷതയിൽ ചേരുന്ന യോഗത്തിൽ സംഘം പങ്കെടുക്കുമെന്നും കോഓർഡിനേറ്റർ പറഞ്ഞു. കേന്ദ്ര സംഘത്തോടൊപ്പം മൃഗസംരക്ഷണ വകുപ്പിന്റെ സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ അനിമൽ ഡിസീസിൽ നിന്നും കേരള വെറ്ററിനറി ആൻഡ് അനിമൽ സയൻസ് സർവകലാശാലയിൽ നിന്നുമുള്ള ഡോക്ടർമാരും ചേരും. മൃഗസംരക്ഷണ വകുപ്പിന്റെ 24 മണിക്കൂറും പ്രവർത്തിക്കുന്ന നിപ കൺട്രോൾ റൂമിൽ വവ്വാലുകളുമായി ബന്ധപ്പെട്ട സംശയ നിവാരണത്തിനായി 9 കോളുകളാണ് ഇന്നലെ വന്നതെന്നും കോഓർഡിനേറ്റർ പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com