മുക്കം∙ കൊയിലാണ്ടി എടവണ്ണ സംസ്ഥാന പാതയിൽ മുക്കം അരീക്കോട് റോഡിൽ വീണ്ടും അപകട പരമ്പര. കഴിഞ്ഞ ഞായറാഴ്ച മാത്രം റോഡിലുണ്ടായത് 5 അപകടങ്ങൾ. ശക്തമായ മഴയിൽ റോഡിൽ വാഹനങ്ങൾ തെന്നിയാണ് മിക്ക അപകടങ്ങളും. അടുത്തിടെ ഒട്ടേറെ അപകടങ്ങൾ നടന്നിരുന്നു. ഗോതമ്പ് റോഡിൽ കാറിന്റെ പിൻവശം പോസ്റ്റിൽ ഇടിച്ചും കറുത്തപറമ്പിൽ മിനി ലോറി മറിഞ്ഞുമാണ് അപകടം. ഓടത്തെരുവ് വളവിൽ ഗുഡ്സും മറിഞ്ഞു.
വലിയപറമ്പ് പള്ളിക്ക് സമീപം രണ്ട് കാറുകൾ കൂട്ടിയിടിച്ചായിരുന്നു അപകടം. കറുത്തപറമ്പിനും വലിയപറമ്പിനും ഇടയിൽ ബസും ബൈക്കും കൂട്ടിമുട്ടി ഗോതമ്പ് റോഡ് സ്വദേശിയായ യുവാവു മരിച്ചതും ഈ മാസമാണ്. റോഡ് നിർമാണത്തിലെ അശാസ്ത്രീയതയാണ് അപകടങ്ങൾക്ക് കാരണമെന്ന് ആരോപിച്ച് ജനകീയ കമ്മിറ്റി നേരത്തെ കാരശ്ശേരി പഞ്ചായത്ത് പ്രസിഡന്റ് വി.പി.സ്മിതയുടെ നേതൃത്വത്തിൽ സംസ്ഥാന പാത ഉപരോധിച്ചിരുന്നു. ചില സ്ഥലങ്ങളിൽ റോഡിലെ അശാസ്ത്രീയമായ നിർമാണത്തിനു പരിഹാരവും കണ്ടിരുന്നു. കോടികൾ ചെലവഴിച്ചുള്ള നവീകരണത്തിലെ വീഴ്ചകളെക്കുറിച്ചു വ്യാപക പരാതികളാണ് ഉയർന്നിട്ടുള്ളത്.