ADVERTISEMENT

കോഴിക്കോട്∙ ജാനകിക്കാട് മേഖലയിലെ വവ്വാലുകളിൽ നിപ്പവൈറസുകളുടെ  സാന്നിധ്യമെന്ന് സൂചന. കേന്ദ്ര മൃഗസംരക്ഷണവകുപ്പ് സംഘം ശേഖരിച്ച സാംപിളുകൾ പരിശോധിച്ചപ്പോഴാണ് വവ്വാലുകളിൽ വൈറസ് സാന്നിധ്യം കണ്ടെത്തിയത്. മുൻപ് നിപ്പ സ്ഥിരീകരിച്ചപ്പോഴും ജില്ലയിലെ വവ്വാലുകളിൽ വൈറസ് സാന്നിധ്യം കണ്ടെത്തിയിരുന്നു. എന്നാൽ ഇവയെങ്ങനെ മനുഷ്യരിലെത്തി എന്നതു കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. തുടർപഠനങ്ങൾ നടത്തിയിട്ടുമില്ല. ഇത്തവണ ആദ്യരോഗി ആരാണെന്നു സ്ഥിരീകരിച്ചതിനാൽ എങ്ങനെ വൈറസ് മനുഷ്യരിലെത്തിയെന്നു കണ്ടെത്താനാവുമെന്നാണ് പ്രതീക്ഷ.

കുറ്റ്യാടി പുഴയുടെ കരയിലും ജാനകിക്കാട് മേഖലയിലുമായി കേന്ദ്രസംഘത്തിന്റെ നിർദേശപ്രകാരം മൃഗസംരക്ഷണവകുപ്പ് വവ്വാലുകൾക്കായി വല വിരിച്ചിരുന്നു.  വിവിധയിടങ്ങളിൽനിന്നു പിടികൂടിയ വവ്വാലുകളെ പരിശോധനയ്ക്കായി അയയ്ക്കുകയും ചെയ്തിരുന്നു. കുറ്റ്യാടിയിലെ തോട്ടത്തിലും ജാനകിക്കാട് മേഖലകളിൽനിന്നുമാണ് ഇരുപത്തിനാലോളം വവ്വാലുകളെ പിടികൂടിയത്. ഇവയെ പരിശോധിച്ചപ്പോഴാണ് വൻതോതിൽ വൈറസ് ഉണ്ടെന്നുകണ്ടെത്തിയത്. ഇക്കാര്യം അവലോകനയോഗത്തിൽ ചർച്ച ചെയ്തതായും സൂചനയുണ്ട്.

വിദഗ്ധ സംഘം ഇന്നലെയും വവ്വാലുകളെ പിടികൂടി സ്രവം പരിശോധനയ്ക്ക് എടുത്തു. തളീക്കരയിൽ സ്വകാര്യ വ്യക്തിയുടെ തോട്ടത്തിൽ വലവിരിച്ചാണു വവ്വാലുകളെ പിടികൂടിയത്. നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി സെന്റർ കേരള യൂണിറ്റിലെ ശാസ്ത്രജ്ഞൻ ഡോ.ബാലസുബ്രഹ്മണ്യത്തിന്റെ നേതൃത്വത്തിലാണ് വവ്വാലുകളെ പിടികൂടി സ്രവം എടുത്തത്. വൈകിട്ടു കുറ്റ്യാടിയിൽ കുട്ടികളുടെ പാർക്കിന് അടുത്തുള്ള മരങ്ങളിൽ നിന്നും വവ്വാലുകളെ പിടികൂടി.

കൂടുതൽ വവ്വാലുകളെ പിടികൂടുന്നതിന് വല വിരിക്കുകയും ചെയ്തിട്ടുണ്ട്. കുറ്റ്യാടി ഫോറസ്റ്റ് റേഞ്ച് ഓഫിസർ അബ്ദുല്ല കുഞ്ഞിപ്പറമ്പത്തിന്റെ നേതൃത്വത്തിൽ വനംവകുപ്പ് ജീവനക്കാരും സംഘത്തിൽ ഉണ്ടായിരുന്നു. ഇന്നും വവ്വാലുകളെ പിടികൂടി സ്രവ പരിശോധന നടത്തുമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.

ആദ്യരോഗിക്ക് വൈറസ് ബാധ ഉണ്ടായതിന്റെ  ഉറവിടം കണ്ടെത്തുന്നതിനായി  മൃഗസംരക്ഷണ വിദഗ്ധ സംഘം മരുതോങ്കരയിൽ എത്തി. കള്ളാട് മരിച്ച മുഹമ്മദിന്റെ വീടും പരിസരവും സന്ദർശിച്ച സംഘം അയൽ വീടുകളിലെ പശുവിന്റെയും പശുക്കിടാവിന്റെയും വളർത്തു പൂച്ചയുടെയും സ്രവം പരിശോധനയ്ക്ക് എടുത്തു.

കൂടുതൽ വാർത്തകൾക്ക് സന്ദർശിക്കുക: www.manoramaonline.com/local

മുഹമ്മദിന്റെ തറവാട് വീട്ടിൽ എത്തി വിവരം ചോദിച്ചറിഞ്ഞ ശേഷം മുഹമ്മദിന്റെ കൃഷി സ്ഥലം, തൊട്ടടുത്ത പുഴയോരം എന്നിവിടങ്ങളും സന്ദർശിച്ചു. പ്രദേശത്ത് വവ്വാലുകൾ കൂടുതലായി കാണുന്നുണ്ടോയെന്നതു നാട്ടുകാരിൽ നിന്ന് ചോദിച്ചറിഞ്ഞു. മുഹമ്മദിന്റെ തോട്ടത്തിൽ നിന്ന് വവ്വാലുകൾ കടിച്ചിട്ട അടയ്ക്ക പരിശോധനയ്ക്കായി ശേഖരിച്ചു.

അതിനിടെ, നിപ്പ പരിശോധനയ്ക്കുള്ള സാംപിൾ ആലപ്പുഴയിലെ വൈറോളജി ലാബിലേക്ക് അയച്ചു തുടങ്ങി. നിപ്പ ബാധിതരുടെ സമ്പർക്ക പട്ടികയിൽ ആളുകളുടെ എണ്ണം വർധിച്ച സാഹചര്യത്തിൽ ദിവസേന സാംപിളുകളുടെ എണ്ണം കൂടി. കോഴിക്കോട്ട് എത്തിയ രാജീവ് ഗാന്ധി സെന്റർ ഫോർ ബയോടെക്നോളജി മൊബൈൽ ലാബിൽ പരിശോധന നടക്കുന്നുമില്ല. ഈ സാഹചര്യത്തിലാണ് ആലപ്പുഴ വൈറോളജി ലാബിലേക്കു സാംപിൾ അയയ്ക്കുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com