കല്ലാച്ചി∙ വിദഗ്ധ ചികിത്സയ്ക്കായി രോഗികളെയും കൊണ്ടു കോഴിക്കോട്ടെയും വടകരയിലെയും ആശുപത്രികളിലേക്കു കുതിക്കുന്ന ആംബുലൻസുകളും രോഗികളും കല്ലാച്ചിയിലെ ഗതാഗതക്കുരുക്കിൽ പെട്ടു വലയുന്നു. വിംസ് ആശുപത്രി റോഡിൽ നിന്നു രോഗിയെയും കൊണ്ടു വിദഗ്ധ ചികിത്സയ്ക്കു പുറപ്പെട്ട ആംബുലൻസ് ഇന്നലെ സംസ്ഥാന പാതയിലേക്കു കടത്തി വിടാൻ ട്രാഫിക് ഡ്യൂട്ടിയിലുള്ള ഹോംഗാർഡ് ഏറെ പാടുപെട്ടു.
ഏതാനും സമയം മുൻപ് മറ്റൊരു ആംബുലൻസും ഗതാഗതക്കുരുക്കിൽ പെട്ടിരുന്നു. വാണിമേൽ, വിലങ്ങാട്, വളയം തുടങ്ങിയ സ്ഥലങ്ങളിൽ നിന്ന് രോഗികളുമായെത്തുന്ന വാഹനങ്ങൾക്കു കോഴിക്കോട്ടും വടകരയിലുമുള്ള ആശുപത്രികളിലെത്താൻ കല്ലാച്ചി ടൗൺ വഴിയല്ലാതെ മറ്റു മാർഗങ്ങളില്ല. കല്ലാച്ചിയിലാകട്ടെ വാഹനങ്ങളുടെ നീണ്ട നിരയായിരിക്കും പലപ്പോഴും. ട്രാഫിക് ഡ്യൂട്ടിയിൽ ആളില്ലാത്ത സമയത്താണെങ്കിൽ സ്ഥിതി ഏറെ ഗുരുതരമാകും.