ഇൻഡോർ സ്റ്റേഡിയത്തിൽ ഗുസ്തി മത്സരം; പ്രതിഷേധം

Mail This Article
കോഴിക്കോട് ∙ ജില്ലയിൽ നിപ്പ നിയന്ത്രണം നിലനിൽക്കെ ജില്ലാ വിദ്യാഭ്യാസ വകുപ്പിന്റെ നേതൃത്വത്തിൽ ഇൻഡോർ സ്റ്റേഡിയത്തിൽ ഗുസ്തി മത്സരം നടത്തിയതിൽ വ്യാപക പ്രതിഷേധം. നിപ്പ പ്രോട്ടോക്കോൾ നിലനിൽക്കെയാണ് സ്കൂൾ ഗെയിംസിനു മുന്നോടിയായി റവന്യു ജില്ലാ തല റസലിങ് ചാംപ്യൻഷിപ് നടത്തിയത്.
സ്പോർട്സ് ആൻഡ് ഗെയിംസ് ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ നേതൃത്വത്തിൽ 23, 24 ദിവസങ്ങളിൽ തിരുവനന്തപുരത്ത് സ്കൂൾ സംസ്ഥാന തല റസലിങ് ചാംപ്യൻഷിപ് മത്സരം അരങ്ങേറും. വിവിധ ജില്ലകളിൽ മത്സരം പൂർത്തിയായി. നിപ്പ സാഹചര്യത്തിൽ ജില്ലയിൽ മത്സരം നടന്നില്ല. അവസാന ദിവസം ഇന്നലെയായിരുന്നു. ജില്ലയിൽ നിന്നുള്ള വിദ്യാർഥികളെ പങ്കെടുപ്പിക്കാനാണ് മത്സരം നടത്തിയതെന്നാണ് ഔദ്യോഗിക വിശദീകരണം. മത്സരം നടത്താൻ വിദ്യാഭ്യാസ വകുപ്പ് കലക്ടറിൽ നിന്ന് അനുമതിയും വാങ്ങി.
എന്നാൽ മത്സരത്തിൽ പങ്കെടുക്കാൻ കുറ്റ്യാടി, കല്ലാച്ചി എന്നിവിടങ്ങളിൽ നിന്നും വിദ്യാർഥികൾ എത്തിയിരുന്നു. കഴിഞ്ഞ ദിവസം കിനാലൂരിൽ കായിക പരിശീലനം കലക്ടർ ഇടപെട്ട് നിർത്തി വയ്പ്പിച്ചിരുന്നു. ഈ വിവരം പലരും സംഘാടകരെ അറിയിച്ചു. രാവിലെ 8നു മത്സരം ആരംഭിക്കാമെന്നു അറിയിച്ചെങ്കിലും അനിശ്ചിതാവസ്ഥയ്ക്കിടെ പത്തരയോടെയാണു തുടങ്ങിയത്.
അതിനിടെ മത്സരം നടത്തുന്നതുമായി ബന്ധപ്പെട്ട ഒരുക്കങ്ങൾ ചെയ്യാത്തതിൽ രക്ഷിതാക്കളുടെ പ്രതിഷേധവും ഉണ്ടായി. കളിക്കാൻ ഗ്രൗണ്ട് മാറ്റ് എത്തിയില്ല. ഡോക്ടറുടെ സേവനവും കുടിവെള്ള സൗകര്യവും ഒരുക്കാത്തതും പരാതിക്ക് ഇടയായി.മത്സരം ആരംഭിച്ചതോടെ ആൾക്കൂട്ടമായി.
ഒഴിവാക്കാൻ സ്റ്റേഡിയത്തിന്റെ പരിസരങ്ങളിൽ മാറി നിൽക്കാൻ നിർദേശിച്ചെങ്കിലും പലരും കൂട്ടമായാണു മത്സരത്തിനായി കാത്തിരുന്നത്. കാണികൾ സ്‌റ്റേഡിയത്തിൽ എത്തിയതിൽ വീണ്ടും രക്ഷിതാക്കൾക്കിടയിൽ പ്രതിഷേധമായി. പരാതിയെ തുടർന്ന് കസബ പൊലീസ് എത്തിയെങ്കിലും കലക്ടറുടെ അനുമതി പത്രം കണ്ട് അവർ മടങ്ങി.
പിന്നീട് ഡപ്യൂട്ടി കലക്ടർ ഇ.അനിത കുമാരി സ്റ്റേഡിയത്തിൽ എത്തി. കളി വീണ്ടും തുടരുകയായിരുന്നു. നിപ്പ പ്രോട്ടോക്കോൾ ലംഘിച്ചതിനു സ്പെഷൽ ബ്രാഞ്ച് ഉന്നത ഉദ്യോഗസ്ഥർക്ക് റിപ്പോർട്ട് നൽകി. പ്രോട്ടോക്കോൾ പാലിച്ചാണു മത്സരം നടത്തിയതെന്നു റവന്യു ജില്ല സ്കൂൾ ഗെയിംസ് അധികൃതർ പറഞ്ഞു.