നായ്ക്കൾക്കുള്ള പേവിഷ പ്രതിരോധ കുത്തിവയ്പ് മന്ദഗതിയിൽ
Mail This Article
കോഴിക്കോട്∙ തെരുവുനായ്ക്കൾക്കുള്ള പേവിഷ പ്രതിരോധ കുത്തിവയ്പ് രണ്ടാം ഘട്ടം മന്ദഗതിയിൽ. സെപ്റ്റംബർ 1ന് ആരംഭിച്ച പ്രതിരോധ കുത്തിവയ്പ് യജ്ഞത്തിൽ ഇതുവരെ കുത്തിവയ്പ് നൽകിയത് 350 തെരുവുനായ്കൾക്കു മാത്രം. ജില്ലയിലെ തദ്ദേശ സ്ഥാപനങ്ങളിൽ ബഹുഭൂരിപക്ഷവും ഈ പദ്ധതിക്ക് പണം വകയിരുത്താത്തതിനാലാണ് കുത്തിവയ്പ് കാര്യമായി നടക്കാത്തതെന്നാണ് മൃഗസംരക്ഷണ വകുപ്പ് അധികൃതർ പറയുന്നത്. ഇപ്പോൾ 350 തെരുവ് നായകൾക്കെങ്കിലും പേവിഷ പ്രതിരോധ കുത്തിവയ്പുകൾ നടത്താൻ കഴിഞ്ഞത് കോഴിക്കോട് കോർപറേഷനിലും ബാലുശേരി പഞ്ചായത്തിലും എബിസി പ്രോജക്ടുകൾ തുടരുന്നതിനാലാണ്.
∙ സെപ്റ്റംബർ 1 മുതൽ ഇന്നലെ വരെ കോഴിക്കോട് കോർപറേഷനിൽ മാത്രം പേവിഷ പ്രതിരോധ കുത്തിവയ്പ് നടത്തിയത് 131 തെരുവുനായ്കൾക്ക്.
∙ എബിസി പ്രോജക്ട് നടക്കുന്ന ബാലുശ്ശേരി പഞ്ചായത്ത്, പദ്ധതിക്ക് പണം വകയിരുത്തിയ രാമനാട്ടുകര മുനിസിപ്പാലിറ്റി, ചാത്തമംഗലം, മുക്കം പഞ്ചായത്തുകൾ എന്നിവയിലും കൂടി നടത്തിയ കുത്തിവയ്പുകളിലൂടെയാണ് ജില്ലയിൽ ഇതുവരെ 350 എണ്ണം തികഞ്ഞത്.
∙ കുത്തിവയ്പിന് ആവശ്യമായ വാക്സീൻ ഉണ്ടെങ്കിലും പരിശീലനം നേടിയ നായപിടുത്തക്കാരും കുത്തിവയ്പുകാരും ഇല്ലാത്തതു പ്രശ്നം.
∙ ഈ മാസം അവസാനത്തോടെ രണ്ടാം ഘട്ട യജ്ഞം പൂർത്തിയാക്കണമെന്ന നിർദേശം ലഭിച്ചതോടെ ജില്ലാ മൃഗസംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥർ ആശങ്കയിൽ.
7 പേർക്ക് തെരുവുനായയുടെ കടിയേറ്റു
നരിക്കുനി ∙ കാരുകുളങ്ങരയിൽ 7 പേർക്ക് തെരുവുനായയുടെ കടിയേറ്റു. ഇന്നലെ വൈകിട്ടാണ് തെരുവുനായ പരക്കംപാഞ്ഞ് ആളുകളെയും വളർത്തുമൃഗങ്ങളെയും ആക്രമിച്ചത്. കരിയാട്ടിച്ചാലിൽ മറിയ (60), കുഞ്ഞിപ്പെണ്ണ് (60), ഖദീജ (65), ഫർഹ ഫാത്തിമ (7), പാത്തുമ്മ പൂളക്കോട്ട് (62), എടക്കണ്ടി അഖില (25) എന്നിവർക്കാണ് പരുക്കേറ്റത്. പരുക്കേറ്റവരെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വീട്ടു മുറ്റത്ത് കളിച്ചു കൊണ്ടിരിക്കെയാണ് ഫർഹ ഫാത്തിമക്ക് മുഖത്ത് കടിയേറ്റത്.
ഫർഹക്ക് ശസ്ത്രക്രിയ നടത്തേണ്ടി വരുമെന്ന് ഡോക്ടർമാർ അറിയിച്ചു. ചരപ്പറമ്പിൽ അമ്മത്, സലാം, പറക്കോട്ടുചാലിൽ ബഷീർ എന്നിവരുടെ ആടുകൾക്കും കുഞ്ഞൻപറമ്പത്ത് രാമചന്ദ്രന്റെ പശുവിനും കടിയേറ്റു. പിന്നീട് ചത്ത നിലയിൽ കണ്ടെത്തിയ തെരുവുനായയെ പേ വിഷബാധ പരിശോധനക്കായി പൂക്കോട് വെറ്ററിനറി കോളജിലേക്കു കൊണ്ടുപോയി.