ADVERTISEMENT

താമരശ്ശേരി∙ കള്ളുഷാപ്പിൽ പാട്ടു പാടിയത് സംബന്ധിച്ച തർക്കം മൂത്ത് പുതുപ്പാടിയിൽ അടിയോടടി. ബിജെപി പ്രാദേശിക നേതാവിന്റെയും സിപിഎം  പ്രവർത്തകന്റെയും വീടിനുനേരെ ആക്രമണം. സംഭവത്തിൽ സിപിഎം പുതുപ്പാടി ലോക്കൽ സെക്രട്ടറി പി.കെ.ഷൈജൽ, ചെമ്മരംപറ്റ ബ്രാഞ്ച് സെക്രട്ടറി ശ്യാമിൽ, ഷാപ്പ് ജീവനക്കാരനും സിപിഎം പ്രവർത്തകനുമായ കെ.എസ്.ബിജു, ബിജെപി തിരുവമ്പാടി നിയോജക മണ്ഡലം വൈസ് പ്രസിഡന്റ് കെ.കെ.ശശിയുടെ ഭാര്യ രത്നവല്ലി, മക്കളായ ശരൂപ്, സനൂപ്, സഹോദരി പുത്രൻ ജിജീഷ് ചന്ദ്രൻ എന്നീ 6 പേരാണ് പരുക്കേറ്റ് താമരശ്ശേരി താലൂക്ക് ആശുപത്രിയിലും മറ്റുമായി ചികിത്സ തേടിയത്. 

ഇതിന്റെ തുടർച്ചയായി ബിജെപി നേതാവ് കെ.കെ.ശശിയുടെ വീട് അർധരാത്രി ഒരു സംഘം ആളുകൾ ആക്രമിച്ചു. അടുക്കളയിലെ റഫ്രിജറേറ്ററും ഫർണിച്ചറും അലമാരയും മറ്റും അടിച്ച് തകർത്തു. മുറ്റത്ത് നിർത്തിയിട്ടിരുന്ന 4 ബൈക്കുകൾക്ക് കേടുപാട് വരുത്തുകയും ഓട്ടോറിക്ഷയുടെ ചില്ല് തകർക്കുകയും ചെയ്തു. സംഘർഷ സാധ്യത കണക്കിലെടുത്ത് അടിവാരത്ത് പൊലീസ് ക്യാംപ് ചെയ്യുന്നുണ്ട്. 

തിങ്കളാഴ്ച രാത്രി 8.45ന് കൈതപ്പൊയിൽ കള്ളുഷാപ്പിലാണു സംഘർഷത്തിനു തുടക്കം.ഷാപ്പിൽ പാട്ടുപാടിക്കൊണ്ടിരുന്നവരോട്, ഷാപ്പ് അടക്കാനായപ്പോൾ പാട്ട് നിർത്തിപ്പോകാൻ ജീവനക്കാരൻ കെ.എസ്.ബിജു ആവശ്യപ്പെട്ടതാണ് പ്രകോപനത്തിനു കാരണം. ജീവനക്കാരനെ അനുകൂലിച്ച് കൂടുതൽ ആളുകൾ വന്നതോടെ വാക്കേറ്റം കയ്യാങ്കളിയിലെത്തി. 

kozhikode-window
കെ.എസ്.ബിജുവിന്റെ വീടിന്റെ ജനൽച്ചില്ല് എറിഞ്ഞു തകർത്ത നിലയിൽ

പാട്ട് പാടിയ സംഘം പുറത്ത് പോയ ശേഷം ഇവരുമായി ബന്ധപ്പെട്ട ചിലർ രാത്രി പത്തരയോടെ ഷാപ്പ് ജീവനക്കാരൻ കെ.എസ്.ബിജുവിന്റെ ചിപ്പിലിത്തോട്ടിലുള്ള വീട്ടിൽ എത്തി ഭീഷണി മുഴക്കുകയും വീടിന്റെ ചില്ല് എറിഞ്ഞ് തകർക്കുകയും ചെയ്തു. ബിജു വീട്ടിൽ എത്തിയില്ലെന്ന് അറിഞ്ഞ സംഘം അടിവാരത്ത് എത്തി ബിജുവിനെ കാത്തു നിൽക്കുമ്പോഴാണ് ഇവിടെ എത്തിയ സിപിഎം പ്രവർത്തകരുമായി വീണ്ടും വാക്കേറ്റം ഉണ്ടായി അടിയിൽ കലാശിച്ചത്.

ഒരു സംഘം കാത്തു നിൽക്കുന്നത് കണ്ട് കെ.എസ്.ബിജു അടിവാരത്തെ ഒരു ഹോട്ടലിലേക്ക് ഓടിക്കയറി രക്ഷപ്പെടുകയായിരുന്നു. സംഘർഷം അയയുകയും പൊലീസ് സ്ഥലത്തെത്തി സ്ഥിതിഗതികൾ ശാന്തമാക്കുകയും ചെയ്ത  ശേഷമാണ് പതിനഞ്ചോളം പേർ വരുന്ന സംഘം ബിജെപി മണ്ഡലം വൈസ് പ്രസിഡന്റ് കെ.കെ. ശശിയുടെ വീട്  ആക്രമിച്ചത്. മുറ്റത്തുണ്ടായിരുന്ന വാഹനങ്ങളും വീട്ടുപകരണങ്ങളും സംഘം അടിച്ച് തകർത്തു. ബഹളം കേട്ട് എത്തിയപ്പോഴാണ് ശശിയുടെ ഭാര്യ രത്നവല്ലിക്കു നേരെ അതിക്രമം ഉണ്ടായത്. 

കെ.കെ.ശശിയുടെ വീട് ആക്രമിച്ച സംഭവത്തിൽ കണ്ടാലറിയുന്ന 15 പേരുടെ പേരിൽ താമരശ്ശേരി പൊലീസും കെ.എസ്.ബിജുവിന്റെ വീട് ആക്രമിച്ച കേസിൽ കണ്ടാലറിയുന്ന 3 പേർക്കെതിരെ കോടഞ്ചേരി പൊലീസും കേസ് എടുത്തു. കള്ളുഷാപ്പിൽ അതിക്രമം കാണിച്ചതിന് ഉടമയുടെ പരാതി പ്രകാരം 3 പേർക്കെതിരെയും  താമരശ്ശേരി പൊലീസ് കേസ് എടുത്തിട്ടുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com