ഒറ്റയാൻ വിലസുന്നു; പെരുവണ്ണാമൂഴിയിൽ ജനം ഭീതിയിൽ

Mail This Article
ചക്കിട്ടപാറ ∙ പഞ്ചായത്തിലെ പെരുവണ്ണാമൂഴി, പിള്ളപ്പെരുവണ്ണ മേഖലയിൽ ആഴ്ചകളായി വിലസുന്ന ഒറ്റയാനെ തുരത്താൻ വനം വകുപ്പ് അധികൃതർ അടിയന്തര നടപടിയെടുക്കണമെന്ന് ആവശ്യം ഉയരുന്നു. പകൽ സമയത്തു പോലും ഒറ്റയാൻ ജനവാസ കേന്ദ്രങ്ങളിൽ ഇറങ്ങുന്നതിനാൽ ജനങ്ങൾ ആശങ്കയിലാണ് കഴിയുന്നത്.
പിള്ളപ്പെരുവണ്ണയിലെ കാർഷിക നഴ്സറിയിൽ കാട്ടാന നാശം വിതച്ചു. എഴുത്തുപുരക്കൽ ഗോപി, കൊയിലോത്തുകണ്ടി പത്മനാഭൻ, തകിടിയിൽ രഘുനാഥ്, കൊയിലോത്തുകണ്ടി ബൈജു, മണിയൻകല്ലേൽ രാജു, കൊയിലോത്തുകണ്ടി ബാബുരാജ് എന്നിവരുടെ ഉൾപ്പെടെ ഒട്ടേറെ പേരുടെ വാഴക്കൃഷി നശിപ്പിച്ചിട്ടുണ്ട്.
പുലർച്ചെ ജോലിക്ക് പോകുന്ന പേരാമ്പ്ര എസ്റ്റേറ്റ് തൊഴിലാളികൾ, ജില്ലാ കൃഷി ഫാം തൊഴിലാളികൾ, റബർ ടാപ്പിങ് തൊഴിലാളികളും ഭീതിയോടെയാണു സഞ്ചരിക്കുന്നത്. രാവിലെ പത്രം വിതരണം ചെയ്യുന്നവരും പ്രതിസന്ധിയിലാണ്. കാട്ടാനയെ ജനവാസ മേഖലയിൽ നിന്നും വനത്തിലേക്ക് എത്തിക്കാൻ അധികൃതർ അടിയന്തരമായി ഇടപെടണമെന്നാണ് ജനങ്ങൾ ആവശ്യപ്പെടുന്നത്.
ജനങ്ങളുടെ ജീവനും, സ്വത്തിനും സംരക്ഷണം ഉറപ്പുവരുത്തണമെന്നും, ആളപായം സംഭവിക്കുന്നതിനു മുൻപ് വനം വകുപ്പ് പ്രശ്നത്തിൽ അടിയന്തരമായി ഇടപെടണമെന്ന് സിപിഐ ലോക്കൽ കമ്മിറ്റി ആവശ്യപ്പെട്ടു. സിപിഐ നേതാക്കളായ ടോമി അമ്പാട്ട്, എ.ജി.രാജൻ എന്നിവർ കാട്ടാന കൃഷി നശിപ്പിച്ച കാർഷിക നഴ്സറി സന്ദർശിച്ചു.