ലാപ്ടോപ്പിൽ വ്യാജ സന്ദേശം കണ്ടു വിദ്യാർഥി ജീവനൊടുക്കിയ സംഭവം: ഐപി വിലാസം പോളണ്ടിൽ

Mail This Article
കോഴിക്കോട്∙ ലാപ്ടോപ്പിൽ വ്യാജ സന്ദേശം കണ്ടു ഭയന്നു വിദ്യാർഥി ജീവനൊടുക്കിയ സംഭവത്തിൽ പൊലീസ് അന്വേഷണം തുടരുന്നു. വിദ്യാർഥിയുടെ ലാപ്ടോപ്പിൽ സന്ദേശം വന്ന വെബ്സൈറ്റിന്റെ ഇന്റർനെറ്റ് പ്രോട്ടോക്കോൾ (ഐപി) വിലാസം പോളണ്ടിലാണെന്നു കണ്ടെത്തി. ഇതേ വിലാസത്തിൽ വ്യാജമായി നിർമിച്ച 13 വെബ്സൈറ്റുകൾ നേരത്തെ അവിടെ നിരോധിച്ചിട്ടുണ്ട്. വീണ്ടും പുതിയ രീതിയിൽ തുടങ്ങിയ വെബ്സൈറ്റാണ് ഇതെന്നു സൈബർ അന്വേഷണത്തിൽ കണ്ടെത്തിയതായി പൊലീസ് പറഞ്ഞു. ഈ സൈറ്റ് ഏതു നമ്പറിലാണു ഇവിടെ റജിസ്റ്റർ ചെയ്തതെന്ന് അന്വേഷിക്കുന്നുണ്ട്.
സ്ക്രീനിൽ വന്ന ചിത്രത്തിന്റെ അടിയിൽ കാണുന്ന ‘ബാക്ക്’ ബട്ടൻ അമർത്തിയാൽ തട്ടിപ്പു സംഘത്തിന്റെ സൈറ്റിലേക്ക് നേരിട്ടു പ്രവേശിക്കാവുന്ന ലിങ്കാണെന്നു സൈബർ വിദഗ്ധർ പറഞ്ഞു. ഇതു വിദ്യാർഥി ക്ലിക് ചെയ്താണ് ലാപ്ടോപ്പിൽ തട്ടിപ്പുമായി ബന്ധപ്പെട്ട തുടർ നിർദേശം വന്നതെന്നും ഉദ്യോഗസ്ഥർ പറഞ്ഞു. ചേളന്നൂർ ഇരുവള്ളൂർ കോറോത്തുപൊയിൽ കൈപ്പശ്ശേരി ഇ.ആദിനാഥ് ലാപ്ടോപ്പിൽ സിനിമ കണ്ടുകൊണ്ടിരിക്കെയാണ് വ്യാജ സന്ദേശം കണ്ടു ഭയന്ന് ജീവനൊടുക്കിയത്.