ADVERTISEMENT

കോഴിക്കോട്∙ കോടതിയിൽ കെട്ടിവച്ച ഭൂമി പണയം വച്ച് സിപിഎം നേതാവ് വായ്പത്തട്ടിപ്പു നടത്തിയെന്ന് പരാതി. സിപിഎം കോഴിക്കോട് നോർത്ത് ഏരിയ കമ്മിറ്റി അംഗവും അശോകപുരം ലോക്കൽ സെക്രട്ടറിയും കോഴിക്കോട് ടൗൺ ബാങ്ക് വൈസ് ചെയർമാനുമായ ഒ.എം.ഭരദ്വാജിനെതിരെയാണു പരാതി. പാർട്ടി പ്രവർത്തകർ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദനും തട്ടിപ്പിനിരയായ സഹകരണ സംഘം സെക്രട്ടറി സഹകരണ വകുപ്പിനും പരാതി.എരഞ്ഞിപ്പാലം സിറ്റി ജനത വെൽഫെയർ സഹകരണ സംഘം സെക്രട്ടറിയാണു ഭരദ്വാജിനെതിരെ പരാതി നൽകിയത്. 2016ൽ ഭരദ്വാജ് ആറര സെന്റ് സ്ഥലം പണയം വച്ചു 7 ലക്ഷം രൂപ സംഘത്തിൽ നിന്നു വായ്പയെടുത്തു. വായ്പ കുടിശികയായി സ്ഥലം ഏറ്റെടുക്കാൻ നടപടികൾ ആരംഭിച്ചപ്പോഴാണ് കോഴിക്കോട് ഒന്നാം ക്ലാസ് മജിസ്ട്രേട്ട് കോടതിയിൽ 2 കേസുകളിൽ വസ്തു ജാമ്യം ആയി ഈ ഭൂമി കെട്ടിവച്ചിട്ടുണ്ടെന്നു കണ്ടെത്തിയത്. ഭൂമിയിൽ ക്രയവിക്രയം തടഞ്ഞ് തഹസിൽദാറുടെ ഉത്തരവുണ്ടെന്നും കണ്ടെത്തി.

കുടിശ്ശിക നിലനിൽക്കെയാണ് ഭരദ്വാജ് സിറ്റി ടൗൺ ബാങ്ക് ഡയറക്ടർ ബോർഡിലേക്കു മൽസരിച്ചത്. ഒരു സ്ഥാപനത്തിൽ കുടിശികയുള്ളയാൾ മറ്റൊരു സംഘത്തിൽ മത്സരിക്കുന്നത് സഹകരണ ചട്ടങ്ങൾക്ക് വിരുദ്ധമാണെന്നും പരാതിയിൽ പറയുന്നു. അന്വേഷണം നടത്തിയ സഹകരണ വകുപ്പ് അസിസ്റ്റന്റ് റജിസ്ട്രാർ പരാതി ശരിയാണെന്നു കണ്ടെത്തി. ഭരദ്വാജിനെ കാലിക്കറ്റ് ടൗൺ ബാങ്ക് വൈസ് ചെയർമാൻ സ്ഥാനത്തു നിന്ന് അയോഗ്യനാക്കുന്നതു സംബന്ധിച്ച നടപടികൾക്കായി പരാതി ടൗൺ ബാങ്ക് ഉൾപ്പെടുന്ന കോഴിക്കോട് യൂണിറ്റിലേക്കു മാറ്റുകയും ചെയ്തിട്ടുണ്ട്.

അഭിഭാഷകൻ കൂടിയായ ഭരദ്വാജ് പാർട്ടിയെയും കോടതിയെയും സൊസൈറ്റിയെയും മനഃപൂർവം കബളിപ്പിച്ചിരിക്കുകയാണെന്നു പാർട്ടി പ്രവർത്തകൻ സിപിഎം നേതൃത്വത്തിനു നൽകിയ പരാതിയിൽ പറയുന്നു. ഇതുസംബന്ധിച്ച് അന്വേഷിക്കാൻ ജില്ലാ നേതൃത്വത്തിനു നിർദേശം നൽകണമെന്നും സിപിഎം പ്രവർത്തകൻ പാർട്ടിക്കു നൽകിയ പരാതിയിൽ പറയുന്നു. എന്നാൽ വായ്പത്തട്ടിപ്പു നടത്തിയെന്ന ആരോപണം തെറ്റാണെന്ന് ഒ.എം.ഭരദ്വാജ് പറഞ്ഞു.

വായ്പ കുടിശികയുണ്ടെന്നതു ശരിയാണ്. 2016ൽ വായ്പ എടുത്തു. കോവിഡ് പ്രതിസന്ധി മൂലം അടയ്ക്കാൻ കഴിഞ്ഞില്ല. ഈ വായ്പ എടുക്കുന്ന സമയത്ത് ഭൂമി കോടതിയിൽ കെട്ടിവച്ചിട്ടില്ലായിരുന്നു. 2013ലെ രണ്ടു കേസുകളുമായി ബന്ധപ്പെട്ട് 2019ൽ ആണ് ഭൂമി കോടതി അറ്റാച്ച് ചെയ്തത്. അതിനാൽ അറ്റാച്ച്മെന്റ് മറച്ചുവച്ചു വായ്പ എടുത്തു എന്ന ആരോപണം തെറ്റാണ്. കേസുകളിൽ ജാമ്യം എടുത്തതോടെ അറ്റാച്ച്മെന്റ് ഇപ്പോൾ ഒഴിവായിട്ടുണ്ട്. നിലവിൽ ഭൂമി സംബന്ധിച്ച് അത്തരമൊരു നിയമ പ്രശ്നമില്ല. വായ്പ കുടിശികയിൽ പകുതി അടച്ചിട്ടുണ്ട്. ബാക്കി ഉടൻ അടച്ചു തീർക്കും. ഒരു സംഘത്തിൽ വായ്പ കുടിശികയിരിക്കെ മറ്റൊരിടത്തു മത്സരിക്കുന്നതിനു തടസ്സങ്ങളില്ല, ഇതു സാധൂകരിക്കുന്ന കോടതി വിധികളുണ്ടെന്നും ഭരദ്വാജ് വ്യക്തമാക്കി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com