ADVERTISEMENT

കോഴിക്കോട്∙ വ്യാജരേഖയുണ്ടാക്കി കുടുംബശ്രീ അംഗങ്ങൾ വായ്പ തട്ടിപ്പ് നടത്തിയ സംഭവത്തിൽ പ്രോജക്ട് ഓഫിസർക്കും കുടുംബശ്രീ നോർത്ത് സിഡിഎസിനും വീഴ്ചയുണ്ടായതായി കുടുംബശ്രീ സംസ്ഥാന മിഷന്റെ അന്വേഷണ റിപ്പോർട്ട്. വ്യാജരേഖ ചമച്ചു തട്ടിപ്പ് നടത്തിയ പൂഞ്ചോല, നന്മ ഭാരവാഹികളായ സബിത ചന്ദ്രൻ, പി.ഫെബിന എന്നിവർക്കെതിരെ ക്രിമിനൽ കേസ് എടുക്കാൻ പൊലീസിൽ പരാതി നൽകണമെന്നും അന്വേഷണ കമ്മിറ്റി ശുപാർശ ചെയ്തു.

കോഴിക്കോട് നോർത്ത് സിഡിഎസിലെ നന്മ, പൂഞ്ചോല അയൽക്കൂട്ടങ്ങളിലാണു തട്ടിപ്പ് നടത്തിയത്. ന്യൂനപക്ഷ വിഭാഗങ്ങൾക്കുള്ള വായ്പ ലഭിക്കാനായി  മറ്റു മതസ്ഥരായ ചിലരെ ന്യൂനപക്ഷങ്ങളാക്കി ചിത്രീകരിച്ചു വായ്പ തട്ടിപ്പ് നടത്തുകയായിരുന്നു. ഇതിനായി വ്യാജ ഫോട്ടോ വരെ സമർപ്പിച്ചതായി അന്വേഷണ കമ്മിറ്റി കണ്ടെത്തി. ആകെ 26 ലക്ഷം രൂപയാണ് തട്ടിപ്പ് നടത്തിയത്. 

അപേക്ഷാ ഫോമിലെ വിവരങ്ങൾ സൂക്ഷ്മ പരിശോധന നടത്തുന്നതിലും ആധികാരികത ഉറപ്പു വരുത്തുന്നതിലും തെറ്റായ അപേക്ഷകൾ നിരസിക്കുന്നതിലും പ്രോജക്ട് ഓഫിസർ ടി.കെ.പ്രകാശനും നോർത്ത് സിഡിഎസ് സംവിധാനത്തിന് ആകെയും വീഴ്ചയുണ്ടായെന്നു റിപ്പോർട്ടിൽ പറയുന്നു.

ഭരണസമിതി തീരുമാന പ്രകാരം അയൽക്കൂട്ടങ്ങളെ കണ്ടെത്താൻ ചുമതലപ്പെടുത്തിയ കേന്ദ്രാവിഷ്കൃത ഉപസമിതി, ധനകാര്യ മൈക്രോ ഫിനാൻസ് ഉപസമിതി എന്നിവർക്കും ഗുരുതര വീഴ്ചയുണ്ടായി. കോർപറേഷൻ മെംബർ സെക്രട്ടറിയും നോർത്ത് സിഡിഎസ് അക്കൗണ്ടന്റും തമ്മിൽ നല്ല രീതിയിലുള്ള ഉദ്യോഗസ്ഥ തല ബന്ധമില്ല. രണ്ടു പേരും പരസ്പരം പല തരത്തിലുള്ള കുറ്റാരോപണങ്ങൾ നടത്തുകയാണെന്ന വിമർശനവുമുണ്ട്. 

ഫെബിനയും സബിതയും ബോധപൂർവം തട്ടിപ്പു നടത്തുകയായിരുന്നു. 

ഇവർക്കെതിരെ നിയമനടപടി സ്വീകരിച്ചാലേ ഇത്തരം തട്ടിപ്പുകൾ അവസാനിക്കൂ എന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. സംസ്ഥാന മിഷൻ നിയോഗിച്ച അന്വേഷണ കമ്മിറ്റി സെപ്റ്റംബർ 19നു തെളിവെടുപ്പ് നടത്തിയ ശേഷമാണ് റിപ്പോർട്ട് സമർപ്പിച്ചത്.

നന്മ, പൂഞ്ചോല അയൽക്കൂട്ടങ്ങൾ സസ്പെൻഡ് ചെയ്യുകയും ഇരുവരെയും സ്ഥാനത്തു നിന്നു പുറത്താക്കുകയുമാണ് ഇതുവരെ എടുത്ത നടപടി. വായ്പ തുക ഇവരെ കൊണ്ട് തിരിച്ചടപ്പിക്കുകയും ചെയ്തിട്ടുണ്ട്. 

എന്നാൽ, തട്ടിപ്പിനെതിരെ നേരത്തെ പ്രോജക്ട് ഓഫിസർ പൊലീസിൽ പരാതി നൽകിയെങ്കിലും ഇതിൽ നടപടിയെടുക്കാനാകില്ലെന്ന് അറിയിച്ചു പരാതി മടക്കിയെന്നാണ് പൊലീസ് പറയുന്നത്. 

പിന്നാക്ക വികസന കോർപറേഷന്റെ പണമാണു നഷ്ടമായതെന്നും അതിനാൽ അവരാണു പരാതി നൽകേണ്ടത് എന്നും കോർപറേഷനെ അറിയിച്ചെന്നും പൊലീസ് പറയുന്നു.

 ഫലത്തിൽ വ്യാജരേഖയുണ്ടാക്കി തട്ടിപ്പു നടത്തിയെന്നു തെളിഞ്ഞെങ്കിലും പലിശ സഹിതം വായ്പ തിരിച്ചടപ്പിച്ച് കോർപറേഷൻ വിവാദത്തിൽ നിന്നു തലയൂരുകയായിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com