നിപ്പ ചികിത്സയിൽ ലോകത്തെ നയിക്കാൻ കേരളത്തിനു കഴിയും: മന്ത്രി വീണാ ജോർജ്
Mail This Article
കോഴിക്കോട് ∙ മെഡിക്കൽ കോളജിലെ നിപ്പ ഗവേഷണ കേന്ദ്രം രാജ്യാന്തര നിലവാരത്തിലുള്ള കേന്ദ്രമാക്കാൻ കേരളത്തിനു കഴിയുമെന്ന് മന്ത്രി വീണാ ജോർജ്. ഇതിനായി കൂടുതൽ അടിസ്ഥാന സൗകര്യങ്ങൾ ഏർപ്പെടുത്തും. നിപ്പവിമുക്ത പ്രഖ്യാപനവും മെഡിക്കൽ കോളജിൽ കേരള വൺ ഹെൽത്ത് സെന്റർ ഫോർ നിപ്പ റിസർച് ഉദ്ഘാടനവും നിർവഹിക്കുകയായിരുന്നു മന്ത്രി.
നിപ്പ ചികിത്സയിൽ ലോകത്തെ നയിക്കുകയെന്ന ഉത്തരവാദിത്തമാണ് കേരളത്തിനുള്ളത്. നിപ്പയുടെ ഗവേഷണത്തിനു പ്രധാന തുടക്കമാണിത്. മോണോക്ലോണൽ ആന്റിബോഡി ഇവിടെത്തന്നെ ഉണ്ടാക്കുമെന്നും ഇതിനുള്ള പ്രവർത്തനം തുടങ്ങിയതായും മന്ത്രി പറഞ്ഞു. നിപ്പ നിർണയത്തിൽ നട്ടെല്ലായാണ് മെഡിക്കൽ കോളജ് മൈക്രോബയോളജി വിഭാഗം പ്രവർത്തിച്ചത്.
സാധാരണ നിപ്പ മരണനിരക്ക് 70– 90% വരെയാണ്. എന്നാൽ, ഇവിടെ 30 ശതമാനമായി പിടിച്ചുകെട്ടാൻ കഴിഞ്ഞു. നിപ്പ ചികിത്സയിലും പ്രതിരോധ പ്രവർത്തനങ്ങളിലും എല്ലാവരും ഊണും ഉറക്കവും ഇല്ലാതെയാണ് പ്രവർത്തിച്ചത്.
നിപ്പ പ്രതിരോധ പ്രവർത്തനങ്ങളിൽ പങ്കാളികളായവരെ മന്ത്രി ആദരിച്ചു. മേയർ ബീന ഫിലിപ് അധ്യക്ഷത വഹിച്ചു. എംഎൽഎമാരായ ഇ.കെ.വിജയൻ, കെ.പി.കുഞ്ഞമ്മദ് കുട്ടി, കാനത്തിൽ ജമീല, കെ.എം.സച്ചിൻദേവ്, ഡിഎംഇ ഡോ. തോമസ് മാത്യു, ഡിഎച്ച്എസ് ഡോ. കെ.ജെ.റീന, ഡിഎംഒ ഡോ. കെ.കെ.രാജാറാം, പ്രിൻസിപ്പൽ ഡോ. എൻ.അശോകൻ, ഡിപിഎം ഡോ. സി.കെ.ഷാജി, സൂപ്രണ്ട് ഡോ. എം.പി.ശ്രീജയൻ തുടങ്ങിയവർ പ്രസംഗിച്ചു.