ADVERTISEMENT

കോഴിക്കോട് ∙ അണ്‍ എയ്ഡഡ് സ്‌കൂള്‍ മേഖലയിലെ വനിത അധ്യാപകര്‍ക്കും അനധ്യാപകര്‍ക്കുമായി വനിത കമ്മിഷന്‍ കോഴിക്കോട് ടൗണ്‍ഹാളില്‍ സംഘടിപ്പിച്ച പബ്ലിക് ഹിയറിങ് സങ്കടക്കടലായി മാറി. വിഷമങ്ങളുടെ മനോവ്യഥയോടെ എത്തിയവര്‍ പക്ഷേ പബ്ലിക് ഹിയറിംഗില്‍ തങ്ങളുടെ മനസിലെ ഭാരവും വിഷമങ്ങളും എല്ലാം അവതരിപ്പിച്ച് പുതിയ പ്രതീക്ഷയോടെയാണ് മടങ്ങിയത്. 

പബ്ലിക് ഹിയറിങ്ങില്‍ ഉയര്‍ന്നുവന്ന പ്രധാന നിര്‍ദേശങ്ങളും പരാതികളും: അണ്‍ എയ്ഡഡ് വിദ്യാഭ്യാസ മേഖലയിലെ സ്‌കൂളുകളെ നിരീക്ഷിക്കുന്നതിന് സര്‍ക്കാര്‍ തലത്തില്‍ സമിതി രൂപീകരിക്കണം. തൊഴില്‍ സുരക്ഷ ഉറപ്പാക്കണം. ക്രമക്കേടുകളും വീഴ്ചകളും കണ്ടെത്തി അന്വേഷണം നടത്തുന്നതിന് പ്രത്യേക വിജിലന്‍സ് സംവിധാനം രൂപം നല്‍കണം. അണ്‍ എയ്ഡഡ് വിദ്യാഭ്യാസ മേഖലയിലെ അധ്യാപകര്‍ക്കു കൂടി തൊഴില്‍ നിയമത്തിന്റെ സംരക്ഷണം നല്‍കണം. സ്‌കൂളിലെ എല്ലാ ജീവനക്കാര്‍ക്കും പൊതുഅവധി ഉറപ്പാക്കണം. കോവിഡ് കാലത്ത് സംസ്ഥാന സര്‍ക്കാര്‍ ദുര്‍ബല മേഖലകള്‍ക്ക് നല്‍കിയ സഹായം അണ്‍ എയ്ഡഡ് സ്‌കൂള്‍ മേഖലയിലെ ജീവനക്കാര്‍ക്കും ലഭ്യമാക്കണം. അണ്‍ എയ്ഡഡ് സ്‌കൂള്‍ മേഖലയിലും പെന്‍ഷന്‍ ഏര്‍പ്പെടുത്തണം. 

ശമ്പളം മുടക്കിയിരിക്കുന്ന അണ്‍ എയ്ഡഡ് സ്ഥാപനങ്ങള്‍ക്ക് വേതനം വിതരണം ചെയ്യുന്നതിന് നിര്‍ദേശം നല്‍കണം. പിഎഫ്, ഇഎസ്‌ഐ, ഗ്രാറ്റുവിറ്റി എന്നിവ ഏര്‍പ്പെടുത്തണം. കാലോചിതമായ വര്‍ധനവ് ഉറപ്പാക്കി ശമ്പള സ്‌കെയില്‍ നടപ്പാക്കണം. ജീവനക്കാര്‍ക്കൊപ്പം സ്ഥാപനവും പിഎഫ് വിഹിതം കൃത്യമായി അടയ്ക്കുന്നത് ഉറപ്പാക്കണം. ഇതില്‍ വീഴ്ച വരുത്തുന്ന സ്ഥാപനങ്ങള്‍ക്കെതിരേ അന്വേഷണം നടത്തി നടപടിയെടുക്കണം. പ്രസവ അവധി കൃത്യമായി ലഭ്യമാക്കണം. കരാര്‍ കൃത്യമായ വ്യവസ്ഥകളോടെ നടപ്പാക്കണം. നിയമനത്തിന് കൃത്യമായ ഉത്തരവ് ഏര്‍പ്പെടുത്തണം.

ആനുകൂല്യങ്ങളും അവകാശങ്ങളും ചോദിക്കുന്ന ജീവനക്കാരെ ഒറ്റപ്പെടുത്തുകയും വേര്‍തിരിവ് കാണിക്കുകയും പിരിച്ചു വിടുകയും ചെയ്യുന്ന നടപടി തടയണം. പീഡനത്തിന്റെ ഭാഗമായി മറ്റു ജീവനക്കാരുടെ ജോലി കൂടി ചെയ്യിക്കുന്നത് തടയണം. ജീവനക്കാര്‍ക്കും യൂണിയനുകള്‍ക്കും പ്രവര്‍ത്തന സ്വാതന്ത്ര്യം അനുവദിക്കണം. ജീവനക്കാരെ മാനസികമായി പീഡിപ്പിക്കുന്നതിനെതിരേ നടപടിയെടുക്കണം. ജീവനക്കാര്‍ക്ക് ആവശ്യമായ സ്റ്റാഫ് റൂം ശുചിമുറി ഉള്‍പ്പെടെ സൗകര്യങ്ങള്‍ ഉറപ്പാക്കണം. ജീവനക്കാരുടെ സ്വകാര്യത ലംഘിക്കുന്ന രീതിയില്‍ കാമറകള്‍ സ്ഥാപിക്കുന്നത് തടയണം. പുതിയ ജീവനക്കാര്‍ക്ക് കൂടുതല്‍ ശമ്പളവും പഴയ ജീവനക്കാര്‍ക്ക് യാതൊരു വര്‍ധനയും നല്‍കാതിരിക്കുന്നതും തടയണം. അവധിക്കാല ശമ്പളം നല്‍കാതിരിക്കുന്ന സ്ഥാപനങ്ങള്‍ക്കെതിരേ നടപടിയെടുക്കണം. അംഗീകാരമില്ലാത്ത സ്‌കൂളുകള്‍ അടച്ചു പൂട്ടണം.

പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് സര്‍ക്കാരിന് ശിപാര്‍ശ നല്‍കും: വനിത കമ്മിഷന്‍

അണ്‍ എയ്ഡഡ് സ്‌കൂള്‍ മേഖലയിലെ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്ത് പരിഹരിക്കുന്നതിന് സര്‍ക്കാരിന് ശിപാര്‍ശ സമര്‍പ്പിക്കുമെന്ന് വനിത കമ്മീഷന്‍ അധ്യക്ഷ അഡ്വ. പി. സതീദേവി പറഞ്ഞു. അണ്‍ എയ്ഡഡ് സ്‌കൂള്‍ അധ്യാപികമാര്‍ നേരിടുന്ന വിവിധ പ്രശ്‌നങ്ങള്‍ മനസിലാക്കുന്നതിന് കേരള വനിത കമ്മിഷന്‍ കോഴിക്കോട് ടൗണ്‍ ഹാളില്‍  സംഘടിപ്പിച്ച പബ്ലിക് ഹിയറിംഗ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു വനിത കമ്മിഷന്‍ അധ്യക്ഷ. 

കേരളത്തിന്റെ വിദ്യാഭ്യാസ മേഖലയില്‍ പ്രധാനപ്പെട്ട പങ്കു വഹിച്ചു കൊണ്ടിരിക്കുന്ന സ്ഥാപനങ്ങളാണ് അണ്‍ എയ്ഡഡ് സ്‌കൂളുകള്‍. ഇവിടെ ജോലി ചെയ്യാന്‍ നിയമിതരായിട്ടുള്ളവര്‍ ബിരുദമോ, ബിരുദാനന്തര ബിരുദമോ, ഗവേഷണ പരിചയമോ ഒക്കെയുള്ള ഉന്നത വിദ്യാഭ്യാസമുള്ളവരാണ്. ഇവരുടെ അവകാശങ്ങള്‍ സംരക്ഷിക്കപ്പെടേണ്ടതുണ്ട്. മാനേജ്‌മെന്റുകളുടെ പീഡനങ്ങള്‍ക്ക് ഈ മേഖലയിലെ അധ്യാപകരും അനധ്യാപകരും ഇരയാകുന്നുണ്ട്. തൊഴില്‍ മേഖലയില്‍ ഒട്ടേറെ അവകാശങ്ങള്‍ നേടിയെടുത്ത സംസ്ഥാനമാണ് കേരളം. 

തൊഴില്‍ മേഖലയില്‍ നേരിടുന്ന പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ടാണ് വനിത കമ്മീഷന്റെ മുന്നില്‍ വരുന്ന പരാതികളിലേറെയും. ജനകീയ ഇടപെടലുകളാണ് ഇന്നത്തെ അഭിമാനകരമായ നിലയില്‍ കേരളത്തെ എത്തിച്ചത്. അണ്‍ എയ്ഡഡ് സ്‌കൂള്‍ മേഖല ഉള്‍പ്പെടെ തൊഴില്‍ മേഖലയിലെ ചൂഷണങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് ജനകീയ ഇടപെടലിലൂടെ സാധിക്കുമെന്നും വനിത കമ്മിഷന്‍ അധ്യക്ഷ പറഞ്ഞു. 

 

 

English Summary:

Kerala Women's Commission Chairperson Addressing Teacher Issues: Insights from the Kozhikode Town Hall Public Hearing

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com