ADVERTISEMENT

കോഴിക്കോട് ∙ വയോജനങ്ങളെ കുടുംബത്തിൽ നിന്നും സമൂഹത്തിന്റെ മുഖ്യധാരയിൽ നിന്നും മാറ്റി നിർത്തുന്നത് ഒഴിവാക്കണമെന്ന് കോർപറേഷൻ വജ്ര ജൂബിലി ആഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന വയോജനോത്സവത്തിലെ നാലാം ദിവസം നടന്ന പാനൽ ചർച്ച അഭിപ്രായപ്പെട്ടു. കുടുംബ ബന്ധങ്ങൾ ശക്തിപ്പെടുത്തുകയാണ് ഇതിനുള്ള പോംവഴിയെന്നും വിദഗ്ധർ വ്യക്തമാക്കി. വയോജനങ്ങളിലെ മാനസിക പ്രശ്നങ്ങളിൽ പ്രധാനമാണ് ഡിമെൻഷ്യയും വിഷാദരോഗവും. വിഷാദരോഗം ഫലപ്രദമായി ചികിത്സിച്ചു മാറ്റാവുന്നതാണ്. ഉത്കണ്ഠയും വയോജനങ്ങളിൽ വളരെ കൂടുതലാണ്.

വൃദ്ധസദനങ്ങൾ വയോജനങ്ങൾക്കു സന്തോഷത്തോടെ താമസിക്കുന്നതിനും മറ്റാളുകളുമായി ഇടപഴകി ജീവിക്കുന്നതിനും ഒറ്റപ്പെടലിൽ നിന്ന് മോചനം നേടുന്നതിനുമുള്ള ഇടങ്ങളായി മാറണമെന്നും അഭിപ്രായം ഉയർന്നു. കോർപറേഷനിലെ ഓരോ വാർഡിലും വയോജനങ്ങൾക്ക് ഒന്നിച്ചിരിക്കാൻ സൗകര്യമുള്ള ഇടങ്ങളോ കേന്ദ്രങ്ങളോ ഉണ്ടാക്കുന്നതു ഗൗരവമായി പരിഗണിക്കേണ്ടതുണ്ടെന്നും പാനൽ ചർച്ച നിർദേശിച്ചു. ‘വയോജനങ്ങളും മാനസികാരോഗ്യവും’ എന്ന വിഷയം ഡോ. മോഹനചന്ദ്രൻ ഉദ്ഘാടനം ചെയ്തു. മേയർ ബീന ഫിലിപ്, ഡോ. രാജു ബൽറാം എന്നിവർ പ്രസംഗിച്ചു.

വിഷാദ രോഗം പോലുള്ള മാനസിക രോഗങ്ങളും മാനസിക സമ്മർദങ്ങളും നെഞ്ചുവേദന, നടുവേദന തുടങ്ങിയ ശാരീരിക പ്രശ്നങ്ങളായാണു പുറത്തുവരുന്നതെന്നും ഇത് തിരിച്ചറിയാൻ കഴിയണമെന്നും ‘ആരോഗ്യത്തോടെ വയസ്സാകുക ശാരീരിക ആരോഗ്യം വയോജനങ്ങളിൽ’ എന്ന വിഷയത്തെ കുറിച്ച് നടന്ന പാനൽ ചർച്ച അഭിപ്രായപ്പെട്ടു. ഡോ. ടി.പി.മെഹറ‌ൂഫ് രാജ് ചർച്ച നിയന്ത്രിച്ചു. ഡോ. ചാന്ദ്നി, ഡോ. ഖദീജ മുംതാസ്, ഡോ.ഹാരിഷ് എംഡി, ഡോ. ഷീല മാത്യു, ഡോ. റോയ് ആർ ചന്ദ്രൻ എന്നിവർ ചർച്ചയിൽ പങ്കെടുത്തു.

വിവിധ വാർഡുകളിലെ മുതിർന്ന പൗരന്മാർ കലാപരിപാടി അവതരിപ്പിച്ചു. സിനിമാ ഗാനങ്ങൾ, ലളിത ഗാനം, സംഘഗാനം, സംഘ നൃത്തം, നാടൻ പാട്ടുകൾ, കപ്പിൾ ഡാൻസ്, നാടോടി നൃത്തം, ഒപ്പന, കുറവൻ ഡാൻസ്, സിനിമാറ്റിക് ഡാൻസ്, സിംഗിൾ ഡാൻസ്, കർഷക ഡാൻസ്, തിരുവാതിരക്കളി തുടങ്ങിയ കലാപരിപാടികൾ വേദിയിൽ അരങ്ങേറി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com