മാങ്ങാപൊയിൽ പെട്രോൾ പമ്പിലെ കവർച്ച: അന്വേഷണം ഊർജിതമാക്കി

Mail This Article
മുക്കം∙ മാങ്ങാപൊയിലിൽ പെട്രോൾ പമ്പിൽ ജീവനക്കാരന്റെ കണ്ണിൽ മുളകു പൊടി വിതറി കവർച്ച നടത്തിയ സംഭവത്തിൽ പൊലീസ് അന്വേഷണം ഊർജിതമാക്കി. സംസ്ഥാനാന്തര മോഷണ സംഘമാണ് കവർച്ചയ്ക്കു പിന്നിലെന്ന് പൊലീസ് സംശയിക്കുന്നു. വിവിധ സ്ക്വാഡുകളുടെ നേതൃത്വത്തിലാണ് അന്വേഷണം. സിസിടിവി ദൃശ്യങ്ങളും പരിശോധിക്കുന്നു. കഴിഞ്ഞ ദിവസം പുലർച്ചെയോടെ ആണ് പെട്രോൾ പമ്പിൽ പെട്രോൾ അടിക്കാനെന്ന വ്യാജേന പമ്പിലെത്തി കവർച്ച നടത്തി രക്ഷപ്പെട്ടത്. തമിഴ്നാട്ടിൽ നിന്നുള്ള മോഷണ സംഘമാണോ കവർച്ചയ്ക്കു പിന്നിലെന്നും പൊലീസ് സംശയിക്കുന്നു. മുളകു പൊടി വിതറുകയും ഉടുമുണ്ട് ഉരിഞ്ഞു ജീവനക്കാരൻ സുരേഷ് ബാബുവിനെ വരിഞ്ഞു മുറുക്കുകയും ചെയ്താണ് പണം അപഹരിച്ചത്. തമിഴ് നാട്ടിലെ മേട്ടുപാളയത്തും സമാന രീതിയിൽ അടുത്ത കാലത്ത് മോഷണം നടന്നിരുന്നതായി പൊലീസ്. മേട്ടുപാളയത്തെയും ഇവിടത്തെയും സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചാണ് മുക്കം ഇൻസ്പെക്ടർ കെ.സുമിത്ത് കുമാറിന്റെ നേതൃത്വത്തിൽ അന്വേഷണം മുന്നോട്ടു പോകുന്നത്.