ADVERTISEMENT

കോഴിക്കോട്∙ ഉപതിരഞ്ഞെടുപ്പ് നടക്കുന്ന വാർഡിൽ നവകേരള സദസ്സിനു വേദിയൊരുക്കുന്നതിൽ അപാകതയില്ലെന്നു സംസ്ഥാന തിരഞ്ഞെടുപ്പു കമ്മിഷൻ. കുറ്റ്യാടി മണ്ഡലത്തിലെ നവകേരളസദസ്സ് മേമുണ്ടയിൽ നടത്തുന്നത് തിരഞ്ഞെടുപ്പു ലംഘനമാണെന്ന പരാതികൾ തള്ളി. ഇതുസംബന്ധിച്ച് യുഡിഎഫ് പരാതി ഉന്നയിച്ചതിനെ തുടർന്നാണ് സംസ്ഥാന തിരഞ്ഞെടുപ്പു കമ്മിഷണർ എ.ഷാജഹാൻ ഉത്തരവിറക്കിയത്.

പുതിയ പ്രഖ്യാപനങ്ങളില്ലാതെയും ഗുണഭോക്താക്കളെ തിരഞ്ഞെടുക്കാതെയും തിരഞ്ഞെടുപ്പു ചട്ടങ്ങൾ പാലിക്കുന്നുവെന്ന് ഉദ്യോഗസ്ഥർ ഉറപ്പാക്കണമെന്നും കമ്മിഷന്റെ ഉത്തരവിലുണ്ട്. കുറ്റ്യാടി മണ്ഡലത്തിന്റെ നവകേരളസദസ്സ് 24ന് വൈകിട്ട് 4.30ന് നടക്കുന്നത് വില്യാപ്പള്ളി പഞ്ചായത്തിലെ മേമുണ്ട ഹയർ സെക്കൻഡറി സ്കൂൾ ഗ്രൗണ്ടിലാണ്. 

മുഖ്യമന്ത്രിയും മന്ത്രിമാരും ഇതിൽ പങ്കെടുക്കും. ജില്ലയിൽ ഉപതിരഞ്ഞെടുപ്പ് നടക്കുന്ന 4 വാർഡുകളിലൊന്നായ ചല്ലിവയലിന് അടുത്താണ് മേമുണ്ട. രണ്ടും വില്യാപ്പള്ളി പഞ്ചായത്തിലാണ്. തിരഞ്ഞെടുപ്പു ചട്ടം പഞ്ചായത്തിനു മൊത്തം ബാധകമായിരിക്കെ പരിപാടി ഇവിടെ നടത്തുന്നത് ചട്ടലംഘനമാണെന്ന് യുഡിഎഫ് വില്യാപ്പള്ളി പഞ്ചായത്ത് കമ്മിറ്റി തിരഞ്ഞെടുപ്പു കമ്മിഷനും കലക്ടർക്കും പാതി നൽകിയിരുന്നു. നവകേരളസദസ്സ് മേമുണ്ടയിൽനിന്നു മാറ്റിയില്ലെങ്കിൽ കോടതിയെ സമീപിക്കുമെന്ന് യുഡിഎഫ് ജില്ലാ കമ്മിറ്റിയും വ്യക്തമാക്കിയിരുന്നു. 

നവകേരള സദസ്സ് നടക്കുന്നതിനാൽ മേമുണ്ടയിലേതിനു സമാനമായ സാഹചര്യം സംസ്ഥാനത്ത് പലയിടത്തും നിലനിൽക്കുന്നതിനാലാണ് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷൻ ശനിയാഴ്ച പ്രത്യേക ഉത്തരവിറക്കിയത്.

ഉപതിരഞ്ഞെടുപ്പ്
സംസ്ഥാനത്ത് 33 വാർഡുകളിലാണ് ഡിസംബർ 12ന്  ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്. അതിൽ നാലെണ്ണം കോഴിക്കോട് ജില്ലയിലെ വാർഡുകളിലാണ്. ഉപതിരഞ്ഞെടുപ്പ് സംബന്ധിച്ച വിജ്ഞാപനം വന്നത് നവംബർ 16ന് ആണ്. നാമനിർദേശപത്രിക 23 വരെ സമർപ്പിക്കാം. സൂക്ഷ്മപരിശോധന 24ന്. 27 വരെ പത്രിക പിൻവലിക്കാം.  വോട്ടെടുപ്പ് ഡിസംബർ 12ന് രാവിലെ 7 മുതൽ വൈകിട്ട് 6 വരെ. വോട്ടെണ്ണൽ ഡിസംബർ 13ന് രാവിലെ 10 മുതൽ. ഡിസംബർ 14ന് തിരഞ്ഞെടുപ്പു നടപടികൾ പൂർത്തിയാക്കണമെന്നും 2024 ജനുവരി 12ന് അകം തിരഞ്ഞെടുപ്പു ചെലവ് കണക്ക് സമർപ്പിക്കണം.

യുഡിഎഫ് ഗവർണർക്കു പരാതി നൽകി
തിരഞ്ഞെടുപ്പുചട്ടം നിലനിൽക്കുന്ന പഞ്ചായത്തിൽ നവകേരളസദസ്സ് നടത്തുന്നതിനെതിരെ പരാതി നൽകിയിട്ടും തിരഞ്ഞെടുപ്പു കമ്മിഷൻ നടപടി സ്വീകരിക്കാത്ത സാഹചര്യത്തിൽ പരിപാടി മേന്മുണ്ട ഹൈസ്കൂളിൽ നിന്നു മാറ്റണമെന്നാവശ്യപ്പെട്ട് യുഡിഎഫ് ജില്ലാ കമ്മിറ്റി ഗവർണർക്കു പരാതി നൽകി. തിരഞ്ഞെടുപ്പുചട്ട ലംഘന വിഷയത്തിൽ തിരഞ്ഞെടുപ്പു കമ്മിഷൻ ഇടപെടാത്തതിനാൽ ഗവർണർ അടിയന്തരമായി ഇടപെടണമെന്നും യുഡിഎഫ് ജില്ലാ ഭാരവാഹികളായ കെ. ബാലനാരായണൻ, അഹമ്മദ് പുന്നക്കൽ എന്നിവർ പരാതിയിൽ ചൂണ്ടിക്കാട്ടി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com