തൊടിയിൽ ബലിതർപ്പണ ഭൂമിയിൽ നിർമാണ പ്രവർത്തനങ്ങൾ അനുവദിക്കില്ല: ഹിന്ദു ഐക്യവേദി
Mail This Article
കോഴിക്കോട്∙ തൊടിയിൽ ബലിതർപ്പണ ഭൂമിയിൽ നിർമാണ പ്രവർത്തനങ്ങൾ അനുവദിക്കില്ലെന്ന് ഹിന്ദു ഐക്യവേദി. വെള്ളയിൽ - ബലി തർപ്പണ കേന്ദ്രവും കോഴിക്കോട്ടെ പ്രശസ്തമായ ഗണേശ വിഗ്രഹ നിമഞ്ജന സ്ഥാനവും, അനവധി ക്ഷേത്രങ്ങളുടെ ആറാട്ട് സ്ഥലവും, മത്സ്യ തൊഴിലാളി വിശ്രമ കേന്ദ്രവുമായ തൊടിയിൽ ബലിതർപ്പണ ഭൂമിയിൽ കടപ്പുറത്തിന്റെ സ്വഭാവികത നഷ്ടപ്പെടുത്തുന്ന ഒരു നിർമ്മാണ പ്രവർത്തനവും അനുവദിക്കില്ലെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന ജനറൽ സെക്രട്ടറി കെ. ഷൈനു പറഞ്ഞു.
തൊടിയിൽ ഹിന്ദു ഐക്യവേദി പ്രവർത്തക കൺവെൻഷനിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. തൊടിയിൽ കടപ്പുറം ഹിന്ദു മത്സ്യ തൊഴിലാളികൾക്കും ഹിന്ദു സമൂഹത്തിനും ബാലികേറാമലയാക്കാനുള്ള ഗൂഢാലോചന ജനങ്ങളെ അണിനിരത്തി തകർക്കുമെന്നും കെ. ഷൈനു പറഞ്ഞു.
നിർദ്ദിഷ്ട പാർക്കിങ് പദ്ധതിയിൽ നിന്നും അധികൃതർ പിൻമാറിയില്ലെങ്കിൽ ശക്തമായ പ്രക്ഷോഭത്തിന് നേതൃത്വം നൽകുവാനും ഹിന്ദു ഐക്യവേദി കൺവെൻഷൻ തീരുമാനിച്ചു, അരയ സമാജങ്ങൾ, വിവിധ രാഷ്ട്രീയ പാർട്ടികൾ, വിവിധ ആരാധനാലയങ്ങൾ, സാമുദായിക സംഘടനകൾ , ക്ഷേത്ര ഭാരവാഹികൾ തുടങ്ങിയവയുടെ പ്രതിനിധികൾ പങ്കെടുക്കുന്ന ജനകീയ കൺവെൻഷൻ തൊടിയിൽ കടപ്പുറത്ത് വിളിച്ചു ചേർക്കുവാനും ഹിന്ദു ഐക്യവേദി കൺവെൻഷൻ തീരുമാനിച്ചു.
ഹിന്ദു ഐക്യവേദി തൊടിയിൽ സ്ഥാനീയ സമിതി ഭാരവാഹികളായി പ്രമോദ് (പ്രസിഡണ്ട്) ടി.പ്രമോദ് (വൈസ് പ്രസിഡണ്ട്) ടി. ഉല്ലാസ് ( ജനറൽ സെക്രട്ടറി) ടി. ഉമേഷൻ ( സെക്രട്ടറി ) ടി അനിൽകുമാർ ( ട്രഷറർ ) തുടങ്ങി 11അംഗ സ്ഥാനീയ സമിതി രൂപീകരിച്ചു. തൊടിയിൽ അശോകൻ അധ്യക്ഷത വഹിച്ചു, ബി.ജെ.പി നടക്കാവ് മണ്ഡലം സോഷ്യൽ മീഡിയ കൺവീനർ ടി അർജുൻ, ബിജെപി വെള്ളയിൽ ഏരിയ പ്രസിഡന്റ് വർഷ അർജുൻ, ജനറൽ സെക്രട്ടറി അരുൾ ദാസ്. വി എച്ച് പി. പ്രഖണ്ട് പ്രസിഡണ്ട് ടി.ഭാർഗ്ഗവൻ എന്നിവർ സംബന്ധിച്ചു. ടി രാജേഷ് സ്വാഗതവും, സി വി പ്രമോദ് നന്ദിയും പറഞ്ഞു.