സാൻഡ് ബാങ്ക്സ് കാണാനെത്തിയ വിദ്യാർഥിക്ക് പാമ്പു കടിയേറ്റു
Mail This Article
വടകര∙ വിനോദ സഞ്ചാര കേന്ദ്രമായ സാൻഡ് ബാങ്ക്സ് കാണാൻ എത്തിയ സംഘത്തിലെ വിദ്യാർഥിക്ക് പാമ്പ് കടിയേറ്റു. സാൻഡ് ബാങ്ക്സിന് ഉള്ളിൽ വച്ചാണ് വയനാട്ടിൽ നിന്ന് ബസിൽ എത്തിയ സംഘത്തിലുള്ള ആൺകുട്ടിയെ പാമ്പ് കടിച്ചത്. പിങ്ക് പൊലീസ് എത്തി സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ജില്ലയിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രമായ സാൻഡ് ബാങ്ക്സും പരിസരവും പുല്ലും കാടും വളർന്ന നിലയിലായതായി പരാതിയുണ്ട്. നിലത്ത് പാകിയ ഇളകിയ പൂട്ടുകട്ടകൾ കൂട്ടിയിട്ടത് ഇഴജന്തുക്കൾക്ക് സ്വൈര്യ വിഹാരം നടത്താൻ സൗകര്യമാണ്.
പരിസരം വൃത്തിയാക്കാൻ 2 പേരെ നിയമിച്ചെങ്കിലും പരിപാലനം കൃത്യമായി നടക്കാറില്ലെന്നും പരാതി ഉണ്ട്. ഡിടിപിസിക്കാണ് സാൻഡ് ബാങ്ക്സ് നടത്തിപ്പിന്റെ ചുമതല. പാമ്പ്, മുള്ളൻ പന്നി, ഉടുമ്പ്, കാട്ടുപൂച്ച, കീരി എന്നിവ നിറഞ്ഞതായും സഞ്ചാരികൾക്ക് ഭീഷണി ആയതായും നാട്ടുകാർ പറയുന്നു.ഇതിനകം പല തവണ പാമ്പുകളെ നാട്ടുകാർ പിടികൂടി വനം വകുപ്പിന് കൈമാറി. പരാതി ഉയർന്നതിനെ തുടർന്ന് സാൻഡ് ബാങ്ക്സിന് പുറത്ത് റോഡ് അരികിലെ കാടുകൾ നഗരസഭയുടെ നേതൃത്വത്തിൽ വൃത്തിയാക്കിയിരുന്നു.