ADVERTISEMENT

കൊടിയത്തൂർ∙ പഞ്ചായത്തിലെ തോട്ടുമുക്കം ദേവസ്വം കാർഡിൽ പുതിയ ക്വാറിക്ക് അനുമതി തേടി സമർപ്പിച്ച രേഖകൾ വ്യാജമാണെന്ന് ഭരണസമിതിയുടെ കണ്ടെത്തൽ. ക്വാറിക്ക് അനുമതി നൽകേണ്ടതില്ലെന്നു യോഗം തീരുമാനിച്ചു. സമർപ്പിച്ച രേഖകളുടെ ആധികാരികത പരിശോധിക്കാൻ ബന്ധപ്പെട്ട വകുപ്പുകളെ സമീപിക്കാനും തീരുമാനമായി. അപേക്ഷയ്ക്കൊപ്പം ലഭിച്ച രേഖകൾ പരിശോധിക്കേണ്ട ആവശ്യം സെക്രട്ടറിക്കില്ല എന്നും ക്വാറിക്ക് അനുമതി നൽകണം എന്നുമുള്ള നിലപാടിലാണ് സെക്രട്ടറി. ഭരണസമിതിയിൽ യുഡിഎഫ്, വെൽഫയർ പാർട്ടി അംഗങ്ങളും പ്രതിപക്ഷത്തെ ഇടത് അംഗങ്ങളും തോട്ടുമുക്കം ദേവസ്വം കാർഡിലെ പുതിയ ക്വാറിക്ക് അനുമതി നൽകേണ്ട എന്ന തീരുമാനത്തിലാണ്.സെക്രട്ടറിയുടെ നിലപാടിനെതിരെ അംഗങ്ങൾ എതിർപ്പുമായി രംഗത്തെത്തി. കഴിഞ്ഞ ദിവസം നടത്തിയ പരിശോധനയിൽ രേഖകൾ വ്യാജമാണെന്ന് തെളിഞ്ഞതായി പ്രസിഡന്റ് ദിവ്യ ഷിബുവും വൈസ് പ്രസിഡന്റ് ഫസൽ കൊടിയത്തൂരും പറഞ്ഞു. 

ക്വാറിക്ക് അനുമതി നൽകരുതെന്ന് കഴിഞ്ഞ ദിവസം സ്ഥലത്ത് പരിശോധന നടത്തിയ ജൈവവൈവിധ്യ പരിസ്ഥിതി സമിതിയുടെ റിപ്പോർട്ടും കൺവീനർ ബാബു പൊലുകുന്നത്ത് അവതരിപ്പിച്ചു. പഞ്ചായത്ത് അംഗങ്ങളായ സിജി കുറ്റിക്കൊമ്പിൽ, ശിഹാബ് മാട്ടുമുറി, എം.ടി.റിയാസ്, വി.ഷംലൂലത്ത്, ടി.കെ.അബൂബക്കർ തുടങ്ങിയവരും ക്വാറിക്ക് അനുമതി നൽകരുതെന്ന് ആവശ്യപ്പെട്ടു. ഭരണസമിതി തീരുമാനവും അപേക്ഷയുമായി ബന്ധപ്പെട്ട് നിലവിലെ അവസ്ഥകളും സർക്കാരിനെ അറിയിക്കുമെന്ന് സെക്രട്ടറി ടി.ആബിദ പറഞ്ഞു.

പ്രതിഷേധവുമായി ജനങ്ങൾ

ക്വാറിക്ക് അനുമതി നൽകരുതെന്ന് ആവശ്യപ്പെട്ട് ഭരണ സമിതി യോഗം നടക്കുന്നതിനിടയിൽ തോട്ടുമുക്കം ദേവസ്വം കാർഡ് ഭാഗത്തുള്ളവർ പഞ്ചായത്ത് ഓഫിസിനു മുന്നിൽ പ്രതിഷേധവുമായി എത്തി. ശുദ്ധജലത്തെ വരെ ബാധിക്കുന്ന അവസ്ഥയായിരിക്കും ഒരു ക്വാറി കൂടി മേഖലയിൽ തുടങ്ങിയാലെന്ന് നാട്ടുകാർ പറയുന്നു. 

ക്വാറിക്ക് അനുമതി നൽകുന്നതിനെതിരെ പ്രതിഷേധവുമായി യുഡിഎഫ്, വെൽഫയർ പാർട്ടി പ്രവർത്തകരും രംഗത്തെത്തി. ക്വാറിക്ക് അനുമതി നൽകാനുള്ള സെക്രട്ടറിയുടെ തീരുമാനം പുനഃപരിശോധിക്കണമെന്നും ആവശ്യമുന്നയിച്ചു. എൻ.കെ.അഷ്റഫ്, മാത്യു തറപ്പുതൊട്ടി, സുജ ടോം. മുനീർ ഗോതമ്പ് റോഡ്, പുതിയോട്ടിൽ ബഷീർ, റഫീഖ് കുറ്റ്യോട്ട്, സാലിം ജി റോഡ് തുടങ്ങിയവർ നേതൃത്വം നൽകി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com