ADVERTISEMENT

കോഴിക്കോട്∙  മലബാറിന്റെ അഭിമാന പദ്ധതിയായ കോഴിക്കോട്–വയനാട് തുരങ്കപ്പാത നിർമാണത്തിനുള്ള ഒരുക്കങ്ങൾ അന്തിമ ഘട്ടത്തിലേക്ക്. 1643.33 കോടി രൂപ ചെലവു പ്രതീക്ഷിക്കുന്ന ആനക്കാംപൊയിൽ –കള്ളാടി – മേപ്പാടി ഇരട്ട തുരങ്കപ്പാത നിർമാണത്തിനായി കൊങ്കൺ റെയിൽവേ ടെൻഡർ ക്ഷണിച്ചു. ഒരു വർഷം നീണ്ട പരിസ്ഥിതി ആഘാത പഠനത്തിന്റെ അടിസ്ഥാനത്തിൽ ഇരുജില്ലകളിലെയും ജനങ്ങളുടെ അഭിപ്രായങ്ങൾ കൂടി സ്വരൂപിച്ചു കഴിഞ്ഞാൽ നടപടിക്രമങ്ങൾ പൂർത്തിയാക്കും. 

ഫെബ്രുവരി 23 ആണ് ടെൻഡർ സമർപ്പിക്കാനുള്ള അവസാന തീയതി. 2024 മാർച്ചോടെ നിർമാണക്കമ്പനിയെ കണ്ടെത്തി പദ്ധതി ഏൽപിക്കാനാണു കൊങ്കൺ റെയിൽവേയുടെ ശ്രമം. നാലു വർഷത്തിനുള്ളിൽ നിർമാണം പൂർത്തിയാക്കാനും ലക്ഷ്യമിടുന്നു. 

ഏറ്റെടുക്കേണ്ട ഭൂമി സംബന്ധിച്ച ചർച്ചകൾ അന്തിമ ഘട്ടത്തിലാണ്. 40 കോടി ചെലവിൽ അറുപതോളം പേരുടെ 11 ഹെക്ടർ സ്വകാര്യ ഭൂമിയാണ് കോഴിക്കോട് ജില്ലയിൽ ഏറ്റെടുക്കുന്നത്. വിലനിർണയവും ഭൂഉടമകളുമായുള്ള ചർച്ചകളും ഇന്നലെ പൂർത്തിയാക്കി. വയനാട്ടിലേതു വരും ദിവസങ്ങളിൽ നടക്കും. 

പദ്ധതിക്കായി ആകെ ഉപയോഗിക്കേണ്ടതു 34.31 ഹെക്ടർ വനഭൂമിയാണ്. ഇതിൽ 34.10 ഹെക്ടറും ഭൂഗർഭപാതയാണ്. ഏറ്റെടുക്കുന്ന വനഭൂമിക്കു പകരം വനമാക്കി മാറ്റേണ്ട ഭൂമി വനം വകുപ്പ് വയനാട് ജില്ലയിൽ കണ്ടെത്തിയിട്ടുണ്ട്.  പദ്ധതിക്കായി ഉപയോഗിക്കുന്ന ഭൂമിക്കു പകരം 17.263 ഹെക്ടർ ഭൂമിയിൽ മരം വച്ചു പിടിപ്പിക്കുകയും അതു റിസർവ് വനമായി വിജ്ഞാപനം ചെയ്ത് േകന്ദ്ര മന്ത്രാലയത്തെ അറിയിക്കുകയും വേണം. ഇതിനുള്ള നടപടികളും അന്തിമ ഘട്ടത്തിലാണ്. 

സംസ്ഥാന പരിസ്ഥിതി ആഘാത സമിതിയുടെ ആവശ്യത്തെ തുടർന്നാണ് ഒരു വർഷം നീളുന്ന പഠനം നടത്തിയത്. ഇതിന്റെ റിപ്പോർട്ട് സമിതിക്കു സമർപ്പിച്ചു കഴിഞ്ഞു. അന്തിമ നടപടി എന്ന നിലയിലാണു പൊതുജനാഭിപ്രായം കൂടി കേൾക്കുന്നത്. ഇതിനുള്ള തെളിവെടുപ്പു വയനാട്ടിൽ ഡിസംബർ 11നും കോഴിക്കോട്ട് ഡിസംബർ 13നും നടത്തും. 

അതു പൂർത്തിയാക്കുകയും ഭൂ ഉടമകൾക്കുള്ള നഷ്ടപരിഹാരം അക്കൗണ്ടിലേക്കു നൽകുകയും ചെയ്യുന്നതോടെ മലബാറിന്റെ സ്വപ്ന പദ്ധതിക്കു ചിറകു മുളയ്ക്കും. വയനാട് ചുരത്തിലെ ഗതാഗതസ്തംഭനങ്ങളും അതോടെ ഓർമയാകും.

English Summary:

Kozhikode-Wayanad Tunnel Project Nears Commencement: Tenders Invited for Rs 1643.33 Crore Mega Tunnel

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com