മുറിച്ചിട്ട മരങ്ങൾ മാറ്റിയില്ല ; അപകടം റോഡരികത്ത്
Mail This Article
നരിക്കുനി ∙ മരങ്ങളുടെ ഭീഷണി ഒഴിവാക്കിയപ്പോൾ മെയിൻ റോഡിൽ അതിലും വലിയ ഭീഷണികൾ. നന്മണ്ട – പടനിലം റോഡിൽ വിവിധ ഭാഗങ്ങളിൽ ഭീഷണിയായ തണൽ മരങ്ങൾ മുറിച്ചിട്ടത് റോഡിൽ തുടരുന്നതാണ് അപകട ഭീഷണി ഉയർത്തുന്നത്.2 മാസം മുൻപാണ് ചാലിയേക്കര, ചെങ്ങോട്ടുപൊയിൽ ഭാഗങ്ങളിലെ തണൽ മരങ്ങൾ മുറിച്ചത്. വലിയ നാട്ടു മാവുകളുടെ ശിഖരങ്ങളും മുറിച്ചിരുന്നു. മുറിച്ച മരങ്ങളുടെ തടികളും ശിഖരങ്ങളും റോഡിലാണ് സൂക്ഷിച്ചിട്ടുള്ളത്. ഇതുകാരണം കാൽനടയാത്രക്കാരും ഇരുചക്രവാഹന യാത്രക്കാരും വലിയ പ്രയാസമാണ് അനുഭവിക്കുന്നത്.
തിരക്കുള്ള ചാലിയേക്കര ഭാഗത്ത് റോഡിന്റെ 2 വശങ്ങളിലും തടികൾ കൂട്ടിയിട്ടിരിക്കുകയാണ്. നരിക്കുനി ഗവ. എച്ച്എസ്എസ് വിദ്യാർഥികളും ഇതുവഴി നടന്നു പോകുന്ന ഒട്ടേറെ യാത്രക്കാരുമാണ് വലയുന്നത്.ചെങ്ങോട്ടുപൊയിൽ ജംക്‌ഷനിൽ തന്നെയാണ് മുറിച്ച മരങ്ങൾ സൂക്ഷിച്ചിട്ടുള്ളത്. വാഹനങ്ങൾ അരികു ചേർന്നു പോകുമ്പോൾ വലിയ അപകട ഭീഷണിയാണ് ഇവിടെയുള്ളത്. റോഡിലെ കയ്യേറ്റം കാരണം എൽപി സ്കൂൾ വിദ്യാർഥികളും പ്രയാസത്തിലാണ്.ചാലിയേക്കര വളവിൽ ഇരു വശങ്ങിൽ നിന്നും വാഹനങ്ങൾ വരുമ്പോൾ നടന്നു പോകുന്നവർക്ക് അരികിലേക്കു മാറി നിൽക്കാൻ പോലും പറ്റുന്നില്ല. നടന്നു പോകുന്ന സ്ത്രീകളുടെ വസ്ത്രങ്ങൾ മരക്കമ്പുകളിൽ കുടുങ്ങുന്നതായും പരാതിയുണ്ട്.
സ്കൂളുകൾ വിദ്യാർഥികൾക്ക് ഭീഷണിയാകുന്ന മരങ്ങൾ റോഡിൽ നിന്ന് മാറ്റണമെന്ന് ഒട്ടേറെ തവണ അധികൃതരോട് ആവശ്യപ്പെട്ടതായി നാട്ടുകാർ പറഞ്ഞു.വർഷങ്ങൾക്ക് മുൻപ് നൽകിയ പരാതിയിലാണ് 2 മാസം മുൻപ് മരങ്ങൾ മുറിക്കാൻ നടപടി ഉണ്ടായത്.ആറുമാസം മുൻപ് നന്മണ്ട അമ്പലപ്പൊയിലിൽ വച്ച് മരത്തിന്റെ കൊമ്പ് ഒടിഞ്ഞു വീണ് സ്കൂട്ടർ യാത്രക്കാരനായ അധ്യാപകൻ മരിച്ചിരുന്നു.മുറിച്ചിട്ട മരങ്ങൾക്ക് വനം വകുപ്പ് നിശ്ചയിച്ച തുക ലേലത്തിൽ ലഭിക്കാത്തതാണു ഇവ മാറ്റുന്നതിനു തടസ്സമെന്ന് അധികൃതർ പറഞ്ഞു. വാക പോലുള്ള തണൽ മരങ്ങൾ വലിയ വില നൽകി എടുക്കാൻ ആരും തയാറാകുന്നില്ല. ആദ്യം ഇ ടെൻഡർ നടത്തിയെങ്കിലും ആരും നടത്തിയില്ല. പിന്നീട് ഒരു തവണ ലേലം നടത്തിയെങ്കിലും അന്ന് വനം വകുപ്പ് നിശ്ചയിച്ച തുകയുടെ പത്തിൽ ഒന്നു പോലും വിളിക്കാൻ ആരും തയാറായില്ല.