ലോ കോളജിൽ കെഎസ്‌യു നേതാവിന് എസ്എഫ്ഐ ആക്രമണത്തിൽ പരുക്ക്
Mail This Article
കോഴിക്കോട് ∙ നവംബറിൽ നടന്ന കോളജ് യൂണിയൻ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടു സംഘർഷം നിലനിൽക്കുന്ന വെള്ളിമാടുകുന്ന് ഗവ. ലോ കോളജിൽ രണ്ടാം വർഷ വിദ്യാർഥിയും കെഎസ്‌യു യൂണിറ്റ് ഭാരവാഹിയുമായ സഞ്ജയ് ജസ്റ്റിനെ എസ്എഫ്ഐ പ്രവർത്തകർ കൂട്ടം ചേർന്നു മർദിച്ചതായി പരാതി. തലയ്ക്കും കഴുത്തിനു പിന്നിലും ഗുരുതരമായി പരുക്കേറ്റ ജസ്റ്റിനെ ഗവ.മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചേവായൂർ പൊലീസ് അന്വേഷണം തുടങ്ങി. അക്രമികളായ വിദ്യാർഥികൾ പൊലീസ് എത്തിയതറിഞ്ഞ് ഓടി രക്ഷപ്പെട്ടു. ജസ്റ്റിനെ മർദിക്കുന്നതിന്റെ മൊബൈൽ ഫോൺ ദൃശ്യങ്ങൾ പൊലീസ് പരിശോധിക്കുന്നുണ്ട്.
ക്ലാസ് ആരംഭിച്ചു 30 മിനിറ്റിനു ശേഷമാണ് ആക്രമണം. സംസാരിക്കാനുണ്ടെന്ന് അറിയിച്ച് ജസ്റ്റിനെ രണ്ടു പേർ ക്ലാസിനു പുറത്തേക്ക് എത്തിക്കുകയായിരുന്നു. തുടർന്നു വരാന്തയിൽ പത്തിലേറെ വിദ്യാർഥികൾ തടഞ്ഞു വച്ചു ചോദ്യം ചെയ്തു. ഇതിനിടയിൽ പ്രകോപനമില്ലാതെ ചില വിദ്യാർഥികൾ കൂട്ടം ചേർന്നു മർദിക്കുകയായിരുന്നു. കെഎസ്‌യു പ്രവർത്തകർ എത്തിയാണ് ജസ്റ്റിനെ രക്ഷപ്പെടുത്തി ആശുപത്രിയിൽ എത്തിച്ചത്.
∙ ലോ കോളജിൽ നിരന്തരം അക്രമം നടത്തി കോളജിന്റെ സമാധാന അന്തരീക്ഷം തകർക്കാനുള്ള എസ്എഫ്ഐ നീക്കത്തെ ചെറുത്തു തോൽപിക്കുമെന്നു കെഎസ്‌യു ജില്ലാ പ്രസിഡന്റ് വി.ടി.സൂരജ് പറഞ്ഞു.
മാരകായുധങ്ങൾ ഉപയോഗിച്ചു ക്യാംപസിനകത്ത് ക്രൂരമായ ആക്രമണമാണ് എസ്എഫ്ഐ പ്രവർത്തകർ കെഎസ്‌യു യൂണിറ്റ് ഭാരവാഹി സഞ്ജയ് ജസ്റ്റിനെതിരെ നടത്തിയത്. കഴിഞ്ഞ 23 ന് നടന്ന ആക്രമണത്തിൽ കെഎസ്‌യു പ്രവർത്തകരായ അബ്ദുൽ മൊഹ്സിൻ, അമൽ ജ്യോതി ഷബാൻ എന്നിവർക്കു പരുക്കേറ്റിരുന്നതായി ചേവായൂർ പൊലീസ് പറഞ്ഞു. ഇതിനെതിരെ നിലവിൽ കേസുണ്ട്.