‘ബരീ, ഒരു ചായ കുടിച്ചിട്ട് പൊയ്ക്കോളി’; കന്റീനിലെ ചിത്രങ്ങൾ കണ്ടും ആസ്വദിക്കാം
Mail This Article
കോഴിക്കോട്∙ ‘‘ബരീ, ഒരു ചായ കുടിച്ചിട്ട് പൊയ്ക്കോളി’’ വിളിക്കുന്നത് സിറ്റി പൊലീസാണ്. വെറുതെ വിളിക്കുകയല്ല, കലാകാരന്മാരായ പൊലീസുകാർ വരച്ച ചിത്രങ്ങളാണ് കന്റീനിൽ എത്തുന്നവരെ ചൂടുചായയ്ക്കു ക്ഷണിക്കുന്നത്.
സിറ്റി പൊലീസിനു കീഴിലെ സിറ്റി പൊലീസ് കോ–ഓപ്പറേറ്റീവ് കൺസ്യൂമർ സ്റ്റോർ നടത്തുന്ന കന്റീനിന് ഇന്നലെ മുതൽ പുതു രുചിയാണ്. ആ രുചിക്കു ചേരുന്ന ചിത്രങ്ങളാണ് കന്റീനിന്റെ ചുമരിൽ പൊലീസുകാർ വരച്ചത്.
എആർ ക്യാംപിലെ സിവിൽ പൊലീസ് ഓഫിസർമാരായ അരവിന്ദ് പയമ്പ്ര, അഭയ് ബി.ദാസ്, കെ.എം.രജിൻ എന്നിവർ ചേർന്നാണ് ഒറ്റ ദിവസം കൊണ്ടു പൊലീസിന്റെ നല്ല മുഖങ്ങൾ കന്റീനിൽ വരച്ചത്. 2018ലെ പ്രളയത്തിലെ രക്ഷാ പ്രവർത്തനങ്ങൾ, റോഡ് അപകടത്തിൽ പെട്ടവരുടെ ജീവൻ രക്ഷിക്കുന്നത്, റോഡ് മുറിച്ചു കടക്കാൻ സഹായിക്കുന്ന ട്രാഫിക് പൊലീസ്.. തുടങ്ങിയ യഥാർഥ ഇടപെടലുകളാണ് കന്റീനിൽ ചിത്രങ്ങളായി മാറിയത്. കൂട്ടത്തിൽ കോഴിക്കോടിന്റെ പ്രതാപം വിവരിക്കുന്നവയുമുണ്ട്.
‘‘പൊലീസിന്റെ കന്റീനല്ലേ, ചായ കുടിക്കാൻ എത്തുന്നവരോട് അൽപം പൊലീസ് വിശേഷം കൂടി പറയാമെന്നു കരുതിയാണു ചിത്രങ്ങൾ വരച്ചത്’’– കൺസ്യൂമർ സ്റ്റോർ പ്രസിഡന്റ് എ.എസ്.സന്തോഷ്, സെക്രട്ടറി കെ.വി.വിജീഷ് എന്നിവർ പറയുന്നു. പുതിയ രൂപത്തിൽ കന്റീൻ പ്രവർത്തനം തുടങ്ങുമ്പോൾ പുതിയ മുഖം വേണമെന്നു തോന്നി. പൊലീസിന്റെ നന്മമുഖം വരച്ചു ചേർക്കുക എന്നത് പൊലീസുകാരുടെ തന്നെ ആശയമായിരുന്നു–ഭാരവാഹികൾ പറയുന്നു.
മിതമായ നിരക്കിൽ പൊതുജനങ്ങൾക്കു കൂടി തുറന്നു കൊടുക്കുന്ന കന്റീൻ രാവിലെ 7 മുതൽ വൈകിട്ട് 7 വരെ പ്രവർത്തിക്കും. കന്റീൻ സിറ്റി പൊലീസ് കമ്മിഷണർ രാജ്പാൽ മീണ ഉദ്ഘാടനം ചെയ്തു. സിറ്റി പൊലീസ് കമ്മിഷണർ ഓഫിസ് വളപ്പിലാണ് കന്റീൻ.