ADVERTISEMENT

രാമനാട്ടുകര ∙ നല്ലൂർ–പെരുമുഖം–രാമനാട്ടുകര റോഡ് നവീകരണത്തിന്റെ ഭാഗമായി പറയൻകുഴി തോടിനു കുറുകെയുള്ള കലുങ്കിന്റെ പ്രവൃത്തി തുടങ്ങി. കാലപ്പഴക്കത്താൽ അപകടാവസ്ഥയിലുള്ള കലുങ്കാണ് പുനർ നിർമിക്കുന്നത്. റോഡിനു കുറുകെ 6 മീറ്റർ നീളത്തിലുള്ള കലുങ്കിന് 1.75 മീറ്റർ വീതം ഉയരവും 3 വീതിയുമുണ്ട്. ഒരു മാസത്തിനകം പ്രവൃത്തി പൂർത്തിയാക്കുകയാണ് ലക്ഷ്യം. പൂവന്നൂർ പള്ളി–മുട്ടിയറ കനാലിൽ എത്തുന്ന മഴവെള്ളം അനായാസം കടന്നു പോകുന്നതിനു സൗകര്യം ഒരുക്കിയാണ് നിർമാണം. 

നേരത്തേയുണ്ടായ വീതി കുറഞ്ഞ കലുങ്കിൽ മണ്ണടിഞ്ഞതിനാൽ ഒഴുക്ക് തടസ്സപ്പെടുക പതിവാണ്. ഇതു പരിഹരിക്കാനാണ് പുതിയ നിർമാണത്തിനു പദ്ധതിയിട്ടത്. കലുങ്ക് പൂർത്തിയാകുന്നതോടെ റോഡിന്റെ രണ്ടാംഘട്ട പ്രവൃത്തി തുടങ്ങാനാണ് പദ്ധതി. പൊതുമരാമത്ത് ഫണ്ടിൽ 4.09 കോടി രൂപ വകയിരുത്തിയാണ് നല്ലൂർ ഗവ.ഗണപത് സ്കൂൾ പരിസരം മുതൽ വടക്കേ ബസാർ വഴി രാമനാട്ടുകര പെരുമുഖം റോഡ് ജംക്‌ഷനിൽ എത്തുന്ന 3.57 കിലോമീറ്റർ പുനരുദ്ധരിക്കാൻ പദ്ധതിയിട്ടത്.

രാമനാട്ടുകര പെരുമുഖം റോഡ് ജംക്‌ഷനിൽ നിന്നു വടക്കേ ബസാർ വരെയുള്ള 1.7 കിലോമീറ്റർ ആദ്യഘട്ട ടാറിങ് നടത്തി. ബാക്കിയുള്ള 1.87 കിലോമീറ്ററിൽ പലയിടങ്ങളിലായി ഇടവിട്ട് ടാറിങ് നടത്തിയെങ്കിലും പൂർത്തീകരിച്ചിട്ടില്ല. കാലപരിധിക്കുള്ളിൽ പണി പൂർത്തീകരിക്കാത്തത് ജനകീയ പ്രതിഷേധത്തിന് ഇടയാക്കിയതോടെ പൊതുമരാമത്ത് അധികൃതർ ഇടപെട്ടു പഴയ കരാറുകാരനെ പ്രവൃത്തിയിൽ നിന്ന് ഒഴിവാക്കിയിരുന്നു. 

ബാക്കിയുള്ള ടാറിങ് പ്രവൃത്തി ഉൾപ്പെടുത്തി തയാറാക്കിയ 2.85 കോടിയുടെ പുതുക്കിയ എസ്റ്റിമേറ്റ് പ്രകാരമാണ് ഇപ്പോൾ പ്രവൃത്തി നടത്തുന്നത്. ഫറോക്ക്, രാമനാട്ടുകര നഗരസഭകളിലൂടെ കടന്നു പോകുന്നതാണ് നല്ലൂർ–പെരുമുഖം–രാമനാട്ടുകര റോഡ്. രാമനാട്ടുകരയിൽ നിന്നു വടക്കേ ബസാർ, കള്ളിക്കൂടം പെരുമുഖം, പുല്ലിക്കടവ്, കല്ലംപാറ, നല്ലൂർ ഭാഗങ്ങളിലേക്കു പോകാവുന്ന പ്രധാന ലിങ്ക് റോഡാണിത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com