ADVERTISEMENT

പേരാമ്പ്ര∙ ജില്ലാ സ്കൂൾ കലോത്സവം സമാപിച്ചെങ്കിലും ജേതാക്കൾ ആരെന്നറിയാൻ കാത്തിരിപ്പ്. സാങ്കേതിക തകരാർ മൂലം ഔദ്യോഗിക ഫലപ്രഖ്യാപനം സമാപനദിവസമായ ഇന്നലെ നടന്നില്ല. ഇന്നലെ രാത്രി എട്ടുവരെയുള്ള കണക്കുകൾ പ്രകാരം 4  മത്സരഇനങ്ങളുടെ ഫലം പ്രഖ്യാപിക്കാൻ ബാക്കിയുണ്ട്. മുൻവർഷത്തെ ചാംപ്യൻമാരായ സിറ്റി ഉപജില്ലയാണ് 893 പോയിന്റുമായി മുന്നിൽ. 823 പോയിന്റുമായി ചേവായൂർ ഉപജില്ലയാണു രണ്ടാമത്. 804 പോയിന്റുമായി കൊയിലാണ്ടി ഉപജില്ല മൂന്നാം സ്ഥാനത്താണ്. സ്കൂളുകളിൽ 

312 പോയിന്റുമായി സിൽവർഹിൽസ് എച്ച്എസ്എസ്സാണു മുന്നേറുന്നത്. മേമുണ്ട എച്ച്എസ്എസ് 282 പോയിന്റുമായി രണ്ടാം സ്ഥാനത്തും പേരാമ്പ്ര എച്ച്എസ്എസ് 226 പോയിന്റുമായി മൂന്നാം സ്ഥാനത്തുമാണ്. യുപി വിഭാഗത്തിൽ 174 പോയിന്റുമായി ഫറോക്ക് ഉപജില്ലയാണു ലീഡ് ചെയ്യുന്നത്. കുന്നുമ്മൽ ഉപജില്ല 170 പോയിന്റുമായി രണ്ടാമതാണ്. 164 വീതം പോയിന്റുമായി പേരാമ്പ്രയും സിറ്റി ഉപജില്ലയും തൊട്ടുപിന്നിലുണ്ട്. എച്ച്എസ് വിഭാഗത്തിൽ 356 പോയന്റുമായി സിറ്റി ഉപജില്ല മുന്നേറുന്നു. ചേവായൂർ ഉപജില്ല 337 പോയിന്റുമായി രണ്ടാം സ്ഥാനത്തുണ്ട്. കൊയിലാണ്ടി ഉപജില്ല 335 പോയിന്റുമായി മൂന്നാമതാണ്. 

ജില്ലാ സ്കൂൾ കലോത്സവത്തിന്റെ സമാപനസമ്മേളനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി ഉദ്ഘാടനം ചെയ്യുന്നു.
ജില്ലാ സ്കൂൾ കലോത്സവത്തിന്റെ സമാപനസമ്മേളനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി ഉദ്ഘാടനം ചെയ്യുന്നു.

എച്ച്എസ്എസ് വിഭാഗത്തിൽ 378 പോയിന്റുമായി സിറ്റി ഉപജില്ലയാണ് ആദ്യസ്ഥാനത്ത്. 341 പോയിന്റുമായി ചേവായൂർ രണ്ടാമതും 336 പോയിന്റുമായി ബാലുശ്ശേരി ഉപജില്ല മൂന്നാമതുമാണ്. യുപി സംസ്കൃതോത്സവത്തിൽ മേലടി ഉപജില്ല 95 പോയന്റുമായി ഒന്നാമതെത്തി. 89 പോയിന്റുനേടിയ പേരാമ്പ്ര ഉപജില്ലയാണ് രണ്ടാംസ്ഥാനത്ത്. 88 പോയിന്റുമായി മുക്കം മൂന്നാംസ്ഥാനത്താണ്. എച്ച്എസ് സംസ്കൃതോത്സവത്തിൽ 90 പോയിന്റുമായി ബാലുശ്ശേരി ഉപജില്ല മുന്നിലാണ്.

88 പോയിന്റു നേടിയ കുന്നുമ്മൽ രണ്ടാംസ്ഥാനത്തും 86 പോയിന്റുനേടിയ തോടന്നൂർ മൂന്നാം സ്ഥാനത്തുമാണ്.അറബിക് വിഭാഗത്തിൽ യുപിയിൽ നാദാപുരം 67 പോയിന്റുമായി ഒന്നാമതെത്തി. 65 വീതം പോയിന്റുമായി താമരശ്ശേരിയും കൊയിലാണ്ടിയും രണ്ടാമതാണ്. 63 പോയിന്റുമായി പേരാമ്പ്രയാണു മൂന്നാം സ്ഥാനത്ത്. അറബിക് എച്ച്എസ് വിഭാഗത്തിൽ 95 പോയിന്റുമായി നാദാപുരമാണ് ആദ്യ സ്ഥാനത്ത്. 93 പോയിന്റുമായി കുന്നുമ്മലാണ് രണ്ടാമത്. 91 പോയിന്റുനേടിയ കൊടുവള്ളി മൂന്നാമതെത്തി. 

സമാപന സമ്മേളനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി ഉദ്ഘാടനം ചെയ്തു. ബ്ലോക് പഞ്ചായത്ത് പ്രസിഡന്റ് എൻ.പി.ബാബു അധ്യക്ഷനായിരുന്നു.  വൈസ് പ്രസിഡന്റ് സി.കെ.പാത്തുമ്മ, ജില്ലാ പഞ്ചായത്ത് അംഗം സി.എം. ബാബു, ചങ്ങരോത്ത് പഞ്ചായത്ത് പ്രസിഡന്റ് ഉണ്ണി വേങ്ങേരി, ഡിഡിഇ സി.മനോജ്കുമാർ, ആർഡിഡി എം.കെ.സന്തോഷ് കുമാർ, ജി.മനോജ്, കെ.വി.പ്രമോദ്, ഷാജു.പി.കൃഷ്ണൻ. കെ.നിഷിത, പി.സുനിൽകുമാർ, സ്വപ്ന ജൂലിയറ്റ് തുടങ്ങിയവർ പ്രസംഗിച്ചു.

ഹൈസ്കൂൾ വിഭാഗം പൂരക്കളിയിൽ സംസ്ഥാന തലത്തിലേക്കു യോഗ്യത നേടിയ രാമനാട്ടുകര നിവേദിത വിദ്യാപീഠം ഇഎംഎച്ച്എസ്എസ് ടീം.
ഹൈസ്കൂൾ വിഭാഗം പൂരക്കളിയിൽ സംസ്ഥാന തലത്തിലേക്കു യോഗ്യത നേടിയ രാമനാട്ടുകര നിവേദിത വിദ്യാപീഠം ഇഎംഎച്ച്എസ്എസ് ടീം.

എച്ച്എസ്എസ് മൂകാഭിനയ മത്സരവേദിയിൽ പ്രതിഷേധം
പേരാമ്പ്ര ∙ എച്ച്എസ്എസ് മൂകാഭിനയ മത്സരവുമായി ബന്ധപ്പെട്ട് വൻ ആരോപണം; വിദ്യാർഥികളും അധ്യാപകരും വേദിയിൽ കനത്ത പ്രതിഷേധമുയർത്തി. വേദിയിൽ പ്രതിഷേധിച്ച കുട്ടികളെ പുറത്തിറക്കി. തുടർന്ന് സംഘാടകസമിതി ഓഫിസുകൾക്കുമുന്നിൽ കുട്ടികൾ പ്രതിഷേധിച്ചു. പേരാമ്പ്ര ചെറുവണ്ണൂർ റോഡിലെ പതിമൂന്നാം വേദിയിലാണ് എച്ച്എസ്എസ് മൂകാഭിനയ മത്സരം നടത്തിയത്. 23 ടീമുകളിൽ ആറു ടീമുകൾ വന്നില്ല. ബാക്കിയുള്ള 17 ടീമുകളിൽ മികച്ച പ്രകടനം നടത്തിയ 6 ടീമുകളെ ഒഴിവാക്കി നിലവാരമില്ലാത്ത ടീമിനു സമ്മാനം നൽകിയെന്നാണ് ആരോപണം ഉയർന്നത്.

ഇന്നലെ വൈകിട്ട് മത്സരം തുടങ്ങുന്നതിനു മുൻപു വിധികർത്താക്കളെക്കുറിച്ച് മൂന്നു സ്കൂളുകൾ വിദ്യാഭ്യാസ ഉപഡയറക്ടർക്കും പ്രോഗ്രാം കമ്മിറ്റിക്കും പരാതി നൽകിയിരുന്നു. പക്ഷേ, അധികൃതർ പരാതി അവഗണിച്ചു. മത്സരശേഷം ഇവർ ഫലം പ്രഖ്യാപിച്ചതോടെയാണ് വിദ്യാർഥികളും അധ്യാപകരും വൻ പ്രതിഷേധം ഉയർത്തിയത്. പ്രതിഷേധം കനത്തതോടെ ഇവരെ പൊലീസും അധികൃതരും ഇറക്കിവിട്ടു. 

വെയിലും മഴയും യുപിയിലെ  മികച്ച നാടകം 
പേരാമ്പ്ര ∙ പ്രകൃതിയിൽ നിന്നു പഠിക്കേണ്ട നല്ല പാഠങ്ങളെ ഓർമപ്പെടുത്തിയും പെൺകുട്ടികൾക്കു നേരിടേണ്ടി വരുന്ന അരുതുകളെ ചോദ്യം ചെയ്തുമുള്ള കോഴിക്കോട് സെന്റ് വിൻസെന്റ് കോളനി ഗേൾസ് സ്കൂൾ അവതരിപ്പിച്ച നാടകമായ വെയിലും മഴയും യുപി വിഭാഗം മലയാളം നാടകത്തിൽ ഒന്നാം സ്ഥാനം നേടി. 

മലയാള നാടകം, യുപി, സെന്റ് വിൻസന്റ് കോളനി ഗേൾസ് എച്ച്എസ്എസ്
മലയാള നാടകം, യുപി, സെന്റ് വിൻസന്റ് കോളനി ഗേൾസ് എച്ച്എസ്എസ്

അന്തരിച്ച നാടകകൃത്ത് എ.ശാന്തകുമാറിന്റെ രചനയിൽ പ്രദോഷ് മുദ്രയാണ് ഇതിന്റെ സംവിധാനം നിർവഹിച്ചത്. വിഖ്യാത സിനിമ സംവിധായകൻ അകിര കുറസോവയുടെ ഡ്രീംസ് എന്ന സിനിമയുടെ സ്വതന്ത്ര നാടക ആവിഷ്കാരമായാണ് ശാന്തകുമാർ ഇതിന്റെ രചന നിർവഹിച്ചത്. ശ്രീപാർവതി, ദീത്യ, കെ.ആരാധ്യ, ദേവാഗന, സൻമയ, തൃതിയ, ഇവ മരിയ, അഭയശ്രീ, തൻമയ, റിതിക എന്നീ കുട്ടികളാണ് അരങ്ങിലെത്തിയത്. 

ഹൈസ്കുൾ വിഭാഗത്തിലെ സെന്റ് വിൻസെന്റ് കോളനി ഗേൾസ് സ്കൂളിലെ കുട്ടികളുടെ നാടകവും മികച്ച പ്രകടനമാണ് കാഴ്ചവച്ചത്. മോപ്പസാങ്ങിന്റെ കഥയുടെ സ്വതന്ത്ര നാടക ആവിഷ്കാരമായ ‘ആ പാവം മൃഗം ആ മനുഷ്യനെക്കുറിച്ച് എന്തു വിചാരിച്ചിട്ടുണ്ടാകും’ എന്ന നാടകമാണ് എച്ച്എസ് വിഭാഗത്തിൽ ഈ സ്കൂളിലെ കുട്ടികൾ അവതരിപ്പിച്ചത്. എ ഗ്രേഡ് നേടി.

പൂരക്കളിയിൽ 23–ാം തവണയും മേമുണ്ട 
പേരാമ്പ്ര∙ ഹയർ സെക്കൻഡറി വിഭാഗം പൂരക്കളിയിൽ തുടർച്ചയായ 23–ാം തവണയാണ്  മേമുണ്ട എച്ച്എസ്എസ് സംസ്ഥാന സ്കൂൾ കലോത്സവത്തിനു യോഗ്യത നേടുന്നത്.  കഴിഞ്ഞ 22 തവണയും സംസ്ഥാന സ്കൂൾ കലോൽസവത്തിൽ മേമുണ്ട സ്കൂൾ എ ഗ്രേഡ് നേടിയിരുന്നു. വി.എസ്.വേദാർഥിന്റെ നേതൃത്വത്തിൽ സാരംഗ്, സനൽ, സനിൽ, അൻവിൻ ദ്രുവത്, സായൂജ്, അൻസ്വർ, സോനു നിർമൽ, അഹിത്ത്, നിവേദ്, അഭയ്, ഋത്വിക് എന്നിവരാണു ടീമിൽ ഉണ്ടായിരുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com