കടുവഭീതിയിൽ ജനം
Mail This Article
വിപുലമായ പരിശോധന നടത്തണം
താമരശ്ശേരി∙ ചുരത്തിൽ കഴിഞ്ഞ ദിവസം കടുവയെ കണ്ടതോടെ യാത്രക്കാർ ഭീതിയുടെ നിഴലിൽ. ഏതാനും മാസം മുൻപ് ചിപ്പിലിത്തോട്ടിൽ ദേശീയ പാതയോരം വരെ കാട്ടാനക്കൂട്ടം എത്തിയതു മാത്രമാണ് ഒറ്റപ്പെട്ട സംഭവം. കടുവ ചുരം ഇറങ്ങി ഉൾവനത്തിലേക്കു പോയതായി വനപാലകർ പറയുമ്പോഴും നാട്ടുകാരുടെ ആശങ്ക ഒഴിയുന്നില്ല. വയനാട് മേപ്പാടി വനമേഖലയും കോഴിക്കോട് അത്തിക്കോട് കക്കയം വനമേഖലയും അതിർത്തി പങ്കിടുന്ന ചുരത്തിൽ കഴിഞ്ഞ വ്യാഴാഴ്ച പുലർച്ചെ 5 മണിയോടെയാണ് കടുവയെ കണ്ടത്. ആദ്യം കണ്ട ടിപ്പർ ഡ്രൈവർ ചുരത്തിൽ പട്രോളിങ് നടത്തികൊണ്ടിരുന്ന ഹൈവേ പൊലീസിനെ വിവരം അറിയിച്ചു. ഹൈവേ പൊലീസും പിന്നാലെ എത്തിയ വനം വകുപ്പ് റാപ്പിഡ് റെസ്പോൺസ് ടീമും കടുവയെ കണ്ടു.
ഹൈവേ പൊലീസ് ദൃശ്യം വിഡിയോയിൽ പകർത്തി. ചുരം വനമേഖലയുടെ താഴ്‌വാരം ആളുകൾ തിങ്ങിപ്പാർക്കുന്ന സ്ഥലമാണ്. ചുരത്തിൽ കടുവ സാന്നിധ്യം സ്ഥിരീകരിച്ചതോടെ ഇവരും ഭീതിയിലാണ്. വയനാട് ജില്ലയിലെ വാകേരി കൂടല്ലൂരിൽ വയലിൽ പുല്ല് അരിയാൻ പോയ യുവാവിനെ കടുവ കടിച്ചുകൊന്ന സംഭവത്തോടെ നാട്ടുകാരുടെ പരിഭ്രാന്തി വർധിച്ചിരിക്കുകയാണ്. കടുവ ചുരത്തിൽ തന്നെ ഉണ്ടെങ്കിൽ കൂടു വച്ച് പിടികൂടണമെന്നാണ് നാട്ടുകാരുടെ ആവശ്യം. നാമമാത്രമായ ആർആർടി അംഗങ്ങൾ ദേശീയ പാതയോരത്തു നടത്തുന്ന പതിവു നിരീക്ഷണത്തിനു പകരം ചുരം വനമേഖലയിൽ പൊലീസും വനംവകുപ്പും ചേർന്ന് വിപുലമായ പരിശോധന നടത്തി ജനങ്ങളുടെ ഭീതി അകറ്റണം.
നജ്മുന്നീസ ഷെരീഫ്, പുതുപ്പാടി പഞ്ചായത്ത് പ്രസിഡന്റ്
വന്യമൃഗ ശല്യം മൂലം വനമേഖലയിലെ ജനങ്ങൾ കൃഷി ഇറക്കാനാവാതെ വലയുമ്പോഴാണ് ചുരത്തിൽ കടുവ ഇറങ്ങിയതും ജനങ്ങൾ ഭീതിയിലായതും. വനം വകുപ്പ് കർശന പരിശോധന നടത്തി ജനങ്ങളുടെ ഭീതി അകറ്റാൻ ആവശ്യമായ നടപടികൾ സ്വീകരിക്കണം.
ബിജു വാച്ചാലിൽ,പൊതുപ്രവർത്തകൻ
വന്യമൃഗ ശല്യം മൂലം മലയോരങ്ങളിലെ താമസക്കാർ കൃഷി ഉപേക്ഷിച്ച് മാറിത്താമസിച്ചുകൊണ്ടിരിക്കുകയാണ്. ഇതിനിടയിലാണ് ചുരത്തിൽ കടുവ ഇറങ്ങിയത്. കടുവയെ പിടികൂടാനാവശ്യമായ നടപടി ഉടൻ സ്വീകരിക്കണം. അതുവരെ ചുരത്തിൽ 24 മണിക്കൂറും റാപ്പിഡ് റെസ്പോൺസ് ടീമിന്റെ പരിശോധന തുടരണം