ADVERTISEMENT

കോഴിക്കോട്∙ ജില്ലാ കലാമേള സമാപിച്ചു. ഇനി കൊല്ലത്തു നടക്കുന്ന സംസ്ഥാന കലോത്സവത്തിനുള്ള ഒരുക്കങ്ങളുടെ തിരക്കിലേക്ക്. ഇത്തവണ ആശങ്കകൾ ഉയർത്തിയ കലോത്സവമായിരുന്നു. അതേസമയം പ്രതീക്ഷകൾ നൽകുന്നതുമായിരുന്നു. 19 വേദികളിൽ 309 ഇനങ്ങളിലായി നടന്ന മത്സരങ്ങളിൽ ആകെ 10107 വിദ്യാർഥികൾ പങ്കെടുത്തതായാണ് ഔദ്യോഗിക കണക്ക്. സമയക്കുറവിൽ ശ്വാസംമുട്ടിയെങ്കിലും രാപകൽ അധ്വാനിച്ചാണ് വിവിധ അധ്യാപക സംഘടനകൾ കൈകോർത്ത് കലോത്സവം സംഘടിപ്പിച്ചത്. സംഘാടനം മുതൽ ഭക്ഷണശാല വരെ പരാതികൾ പരമാവധി കുറച്ച്  മികച്ച രീതിയിൽ നടത്താൻ കഴിഞ്ഞിട്ടുമുണ്ട്. ഈ സംഘാടനരീതി ഏറെ പ്രതീക്ഷ നൽകുന്നതാണ്. ഏതു കലോത്സവവും എന്നപോലെ ഇത്തവണയും പരാതികൾ ഉയർന്നത് വിധിനിർണയത്തെക്കുറിച്ചാണ്. ഉപജില്ലാതലത്തിൽനിന്നുള്ള അപ്പീലുകളെക്കുറിച്ചു പോലും അട്ടിമറി ആരോപണങ്ങൾ ഉയർന്നിരുന്നു.

അപ്പീൽകമ്മിറ്റിയിലെ അംഗമായിരുന്ന നർത്തകി വി.പി.മൻസിയ താൻ അപ്പീൽ നൽകാത്ത കുട്ടികളും പട്ടികയിൽ തിരുകിക്കയറ്റപ്പെട്ടുവെന്ന് ഫെയ്സ് ബുക് പോസ്റ്റിൽ ആരോപിച്ചു. വിധിനിർണയത്തെച്ചൊല്ലി വിദ്യാർഥികളടക്കമുള്ളവർ മത്സരസ്ഥലത്തു നടത്തിയ പ്രതിഷേധം അതിരുകടന്നതാണ് ഇത്തവണത്തെ കലോത്സവം ബാക്കിവയ്ക്കുന്ന ആശങ്ക. ഒരു മത്സരയിനത്തിന്റെ ഫലപ്രഖ്യാപനം നടത്തുന്നതിനിടെ ചില സ്കൂളുകളിലെ വിദ്യാർഥികൾ ശബ്ദമുയർത്തുകയും ആക്രോശിക്കുകയും കൂക്കിവിളിക്കുകയുമൊക്കെ ചെയ്തു. പൊലീസ് എത്തി കുട്ടികളെ നീക്കുകയാണ് ചെയ്തത്. രണ്ടു സ്കൂളുകൾക്കു വിദ്യാഭ്യാസ ഉപഡയറക്ടർ വിലക്ക് ഏർപ്പെടുത്തുകയും ചെയ്തു. വിദ്യാർഥികൾക്ക് ഇനി പരീക്ഷത്തിരക്കാണ്. പരീക്ഷകൾ കഴിഞ്ഞയുടനെ അവധിക്കാലത്ത് പരിശീലനങ്ങൾ പൊടിപൊടിക്കും. എന്നാൽ മാത്രമേ ജനുവരി ആദ്യയാഴ്ച കൊല്ലത്തുനടക്കുന്ന കലോത്സവത്തിൽ സ്വർണക്കപ്പിൽ മുത്തമിടാൻ കഴിയൂ.

ട്രോഫികൾ കൈമാറൽ ഇന്ന്
ജില്ലാ സ്കൂൾ കലോത്സവത്തിലെ ഓവറോൾ ചാംപ്യന്മാർ അടക്കമുള്ള ജേതാക്കളുടെ റോളിങ് ട്രോഫികൾ കൈമാറൽ ഇന്നു വൈകിട്ട് 3ന് പേരാമ്പ്ര ഹയർസെക്കൻഡറി സ്കൂളിൽ നടക്കും. റോളിങ് ട്രോഫികൾ കൈപ്പറ്റുന്നതിന് ഉപജില്ല, സ്കൂൾ അധികൃതർ നിർബന്ധമായും എത്തിച്ചേരണം. നൽകാൻ ബാക്കിയുള്ള  സർട്ടിഫിക്കറ്റുകളും ട്രോഫികളും ഇന്നു സമ്മാനിക്കും. ഇത് വിദ്യാലയ അധികൃതരോ ഉപജില്ലാ കൺവീനർമാരോ ഏറ്റുവാങ്ങണം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com