ADVERTISEMENT

കോഴിക്കോട്∙ ഐഎൻടിയുസി ജില്ലാ സമ്മേളനം നടക്കുന്ന ദിവസം തന്നെ ബ്ലോക്ക് ഭാരവാഹികൾക്ക് കോൺഗ്രസ് ജില്ലാ കമ്മിറ്റി നേതൃത്വ പരിശീലന ക്യാംപ് സംഘടിപ്പിച്ചതിനെതിരെ രൂക്ഷവിമർശനവുമായി ഐഎൻടിയുസി സംസ്ഥാന പ്രസിഡന്റ് ആർ.ചന്ദ്രശേഖരൻ.  ഈ ദിവസംതന്നെ കോൺഗ്രസ് ബ്ലോക്ക് കമ്മിറ്റികൾക്ക് ക്യാംപ് സംഘടിപ്പിച്ചത് അക്ഷന്തവ്യമായ പോരായ്മയാണ്. പാർട്ടിക്കു നാലു വോട്ടു കിട്ടാനാണ് ഇത്തരം പരിപാടികൾ നടത്തുന്നതെന്ന് ഓർക്കണം. മറ്റൊരു പാർട്ടിയിലും ഇതു നടക്കില്ല. സിപിഎമ്മിലോ സിപിഐയിലോ ഇതു കാണില്ലെന്ന് ചന്ദ്രശേഖരൻ പറഞ്ഞു. 

ഐഎൻടിയുസി നേതാക്കൾക്കും  വിമർശനം
ഐഎൻടിയുസി ഭാരവാഹികൾക്ക് ഈ രീതിയിൽ മുന്നോട്ടു പോകാനാവില്ലെന്ന് അദ്ദേഹം പറ‍ഞ്ഞു. എല്ലാം ജില്ലാ പ്രസിഡന്റ് ചെയ്തോട്ടെ എന്ന രീതിയിൽ നീങ്ങാനാകില്ല. സമ്മേളനത്തിൽ വൈകിയെത്തിയവരെയും രൂക്ഷമായി വിമർശിച്ചു. മാസവരിസംഖ്യ കൃത്യമായി പിരിച്ചെടുക്കണമെന്ന് നിർദേശം നൽകി.  നരേന്ദ്രമോദിയും പിണറായിയും ഭരിക്കുന്ന കാലത്താണ് ഒന്നും ചെയ്യാതെ മായികലോകത്ത് നടക്കുന്നതെന്നും കുറ്റപ്പെടുത്തി. പഞ്ചായത്തുകൾ തോറും 5 പേരുടെ കർമസേന രൂപീകരിക്കണമെന്ന നിർദേശം ആരും നടപ്പാക്കിയിട്ടില്ല. സംസ്ഥാന സമ്മേളനം കഴിഞ്ഞാൽ 15 ദിവസത്തിനകം ഇതു പൂർത്തിയാക്കണം. 

ഐഎൻടിയുസി ജില്ലാ പ്രസിഡന്റ് കെ.രാജീവ് അധ്യക്ഷത വഹിച്ചു. കെപിസിസി ജനറൽ സെക്രട്ടറി കെ.ജയന്ത്, പി.എം.നിയാസ്, ഡോ.എം.പി.പത്മനാഭൻ, സംസ്ഥാന ജനറൽ സെക്രട്ടറിമാരായ ടി.എ.റെജി, മനോജ് എടാണി, എൻ.സുബ്രഹ്‌മണ്യൻ, എം.രാജൻ, നിഷാബ് മുല്ലോളി, അനന്തൻ നായർ, കെ.ഷാജി, എം.പി ജനാർദനൻ, സുനീഷ് മാമിയിൽ, എം.ടി.സേതുമാധവൻ, കെ.പി.സക്കീർ, എം.കെ.ബീരാൻ, എ.പി.പീതാംബരൻ എന്നിവർ പ്രസംഗിച്ചു. തൊഴിലുറപ്പു തൊഴിലാളികളെ ഭീഷണിപ്പെടുത്തി പാർട്ടി പരിപാടികളിൽ പങ്കെടുപ്പിക്കുന്നതിൽനിന്ന് സിപിഎം പിന്മാറണമെന്ന് ഐഎൻടിയുസി വനിതാ വിഭാഗം സംസ്ഥാന പ്രസിഡന്റ്‌ എസ്.എൻ.നുസൂറ അവശ്യപ്പെട്ടു. ഐഎൻടിയുസി ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി നടന്ന വനിതാ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ.  ജില്ലാ പ്രസിഡന്റ്‌ വി.പി.തസ്‌ലീന അധ്യക്ഷത വഹിച്ചു. ടി.നുസ്റത്ത്, കെ.സുജാത, പി.സുമലത, സജിത മൊകവൂർ, കെ.കാർത്യായനി, പി.വി.ചന്ദ്രിക, യു.സി.സൗമ്യ എന്നിവർ പ്രസംഗിച്ചു. 

മാതൃസംഘടന കോൺഗ്രസ് തന്നെ: ഡിസിസി പ്രസിഡന്റ്
കോഴിക്കോട്∙ ഐഎൻടിയുസി ജില്ലാ സമ്മേളനത്തിൽ പങ്കെടുക്കേണ്ടവരെ കോൺഗ്രസ് ക്യാംപിൽനിന്നു വിട്ടുകൊടുത്തിട്ടുണ്ടെന്ന് ഡിസിസി പ്രസിഡന്റ് കെ.പ്രവീൺകുമാർ. 606 പേർക്കാണ് കോൺഗ്രസ് നേതൃപരിശീലന ക്യാംപ് സംഘടിപ്പിച്ചത്. അതിൽ 9 പേർ മാത്രമാണ് ഐഎൻടിയുസിയിൽനിന്ന് ഉണ്ടായിരുന്നത്.  അവരെ ജില്ലാ സമ്മേളനത്തിലേക്ക് വിട്ടുകൊടുത്തു. ഐഎൻടിയുസി കോൺഗ്രസിന്റെ ട്രേഡ് യൂണിയൻ സംഘടനയാണ്. മാതൃസംഘടന കോൺഗ്രസ് തന്നെയാണ്. ജില്ലയിൽ കോൺഗ്രസും ഐഎൻടിയുസിയും തമ്മിൽ നല്ല ബന്ധമാണെന്നും ഡിസിസി പ്രസിഡന്റ് പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com