ADVERTISEMENT

കോഴിക്കോട്∙ കോവിഡ് പ്രതിസന്ധി മൂലം പിഎസ്‍സി പരീക്ഷകളിൽ പ്രതിസന്ധിയുണ്ടായതിനാൽ പ്രായപരിധിയിൽ ഇളവ് അനുവദിക്കണമെന്നാവശ്യപ്പെട്ട് പിഎസ്‍സി ഉദ്യോഗാർഥികൾ. വിവിധ സംസ്ഥാനങ്ങൾ പ്രായപരിധിയിൽ ഇളവു നൽകിയ മാതൃകയിൽ കേരളത്തിലും ഇനിയുള്ള പരീക്ഷകളിൽ ഇളവു നടപ്പാക്കണമെന്നാണ് ആവശ്യം.

കോവിഡ് വ്യാപനത്തിന്റെ കാലത്ത് കടുത്ത നിയന്ത്രണമുണ്ടായതും രണ്ടു ഘട്ട പരീക്ഷ പരിഷ്കാരം നടപ്പാക്കിയതും ഉദ്യോഗാർഥികൾക്കു തിരിച്ചടിയായിരുന്നു. കൂടുതൽ അപേക്ഷകരുണ്ടായിരുന്ന പ്രധാന പരീക്ഷകൾ ഏറെ വൈകിയാണു നടത്തിയത്. കോവിഡ് കാലത്ത് ലക്ഷക്കണക്കിന് ഉദ്യോഗാർഥികൾക്കു പരീക്ഷ എഴുതാൻ സർക്കാരിന്റെ പ്രത്യേക അനുമതി ലഭിക്കാനുണ്ടായ കാലതാമസമായിരുന്നു കാരണം.

അപേക്ഷിച്ചവർക്കാകട്ടെ ഒരു വർഷത്തിലേറെ നീണ്ട കാത്തിരിപ്പിനു ശേഷമാണു പ്രാഥമിക പരീക്ഷ എഴുതാനായത്. പിന്നെയും 9 മാസം കഴിഞ്ഞായിരുന്നു മുഖ്യ പരീക്ഷ. 2019ൽ വിജ്ഞാപനം പുറത്തിറക്കിയ എൽ‍ഡി ക്ലാർക്ക് പരീക്ഷയ്ക്ക് 2021 ഫെബ്രുവരി–ജൂലൈ മാസങ്ങളിലാണ് മുഖ്യ പരീക്ഷ നടത്തിയത്. വിജ്ഞാപനം വന്നു രണ്ടും മൂന്നും വർഷം കഴിഞ്ഞാണു റാങ്ക് പട്ടികകൾ തയാറായത്. മുൻകാലങ്ങളിൽ പെട്ടെന്നു തന്നെ പരീക്ഷയും റാങ്ക് പട്ടികകളും വരാറുണ്ടായിരുന്നു.

വിവിധ സംസ്ഥാനങ്ങൾ ഉദ്യോഗാർഥികൾക്ക് അനുകൂലമായ സമീപനം സ്വീകരിച്ചിട്ടുണ്ട്. 2020 ഡിസംബറിൽ പ്രായപരിധി പിന്നിട്ടവർക്ക് രാജസ്ഥാൻ 2024 വരെ പ്രായപരിധി അനുവദിച്ചിരുന്നു. നാഗാലാൻഡ്, മധ്യപ്രദേശ്, മഹാരാഷ്ട്ര, പുതുച്ചേരി എന്നിവിടങ്ങളിലു ഇളവ് അനുവദിച്ചിട്ടുണ്ട്. 2021ലും 2022ലും പ്രായപരിധി പിന്നിട്ടവർക്ക് തങ്ങളുടേതല്ലാത്ത കാരണത്താലാണ് അവസരം നഷ്ടമായിരിക്കുന്നത്. തങ്ങൾക്കു കൂടി അപേക്ഷിക്കാൻ കഴിയുന്ന വിധത്തിൽ വിജ്ഞാപനങ്ങൾ പ്രസിദ്ധീകരിക്കണമെന്നാണ് ഇവരുടെ ആവശ്യം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com