ADVERTISEMENT

കടലുണ്ടി ∙ ആഴികളും വൻമലകളും താണ്ടി കടലുണ്ടിയിലേക്ക് ദേശാടനപ്പറവകൾ കൂട്ടത്തോടെ എത്തിത്തുടങ്ങി. പക്ഷിസങ്കേതത്തിൽ റെയിൽ പാലത്തിനു സമീപത്തെ ചെളിത്തിട്ടയിൽ തീറ്റ തേടുകയാണ് വിരുന്നുകാർ. കടൽക്കാക്ക, മണൽകോഴി, പച്ചക്കാലി, ചോരക്കാലി, ചെറിയ മണലൂതി തുടങ്ങിയ പക്ഷികൾ ധാരാളം എത്തിയിട്ടുണ്ട്.

കമ്യൂണിറ്റി റിസർവിൽ സന്ദർശകർക്ക് കൗതുകമായി റെഡ് നോട്ട് പക്ഷികളും ഇവിടെയുണ്ട്. ദേശാടനപക്ഷികളുടെ വരവു തുടങ്ങിയതോടെ ഇനിയുള്ള 3 മാസം കടലുണ്ടി തീരം പക്ഷികളുടെ ചിറകടിയൊച്ചയാൽ മുഖരിതമാകും.സൈബീരിയ, റഷ്യ, കസഖ്സ്ഥാൻ മറ്റു മധ്യേഷ്യൻ രാജ്യങ്ങൾ എന്നിവിടങ്ങളിൽ നിന്നാണു ദേശാടനപ്പക്ഷികൾ പ്രധാനമായും കടലുണ്ടിയിൽ എത്താറുള്ളത്. സാധാരണ സെപ്റ്റംബർ, ഒക്ടോബർ മാസങ്ങളിൽ വരാറുള്ള പക്ഷികൾ ഇത്തവണ കാലാവസ്ഥ വ്യതിയാനം കാരണം വൈകിയാണ് എത്തിയത്.

കടലും പുഴയും ചേരുന്ന അഴിമുഖവും വേലിയിറക്ക സമയത്ത് രൂപപ്പെടുന്ന ചെളിത്തിട്ടയും, പരന്നു കിടക്കുന്ന കണ്ടൽക്കാടുകളുമാണ് പക്ഷികൾക്കു കടലുണ്ടിയെ സ്വർഗ തീരമാക്കുന്നത്. ഒപ്പം ചെറു മത്സ്യങ്ങൾ, ചെമ്മീൻ, ഒച്ച്, ഞണ്ട്, വിരകൾ തുടങ്ങിയ സമൃദ്ധമായ ഭക്ഷണവും അവയെ ആകർഷിക്കുന്നു.എന്നാൽ കഴിഞ്ഞ ഏതാനും വർഷങ്ങളായി ദേശാടനപ്പക്ഷികളുടെ വരവിൽ വലിയ തോതിൽ കുറവു വന്നിട്ടുണ്ട്. തണുപ്പ് തുടങ്ങിയതോടെയാണ് പക്ഷികളുടെ വരവ് കൂടിയതെങ്കിലും തീറ്റപ്പാടത്ത് മണൽ വ്യാപിച്ചത് ഇരതേടലിനെ ബാധിച്ചു.

കടലുണ്ടിക്കടവ് പാലത്തിനു സമീപം അമിതമായ മണൽത്തിട്ട രൂപപ്പെട്ടത് അഴിമുഖത്ത് ആവാസവ്യവസ്ഥയിൽ വലിയ മാറ്റങ്ങൾ സൃഷ്ടിച്ചിട്ടുണ്ട്. പക്ഷിസങ്കേതത്തോടു ചേർന്നുള്ള മത്സ്യബന്ധന ബോട്ടുകളുടെ സാന്നിധ്യവും കിളികളുടെ ഭീഷണിയാണ്. ബോട്ടുകളിൽ നിന്നൊഴുകി വെള്ളത്തിൽ പരക്കുന്ന ഇന്ധനവും മറ്റും പക്ഷികളുടെ വരവിനും ഇരതേടലിനും ദോഷം ചെയ്യുന്നതായാണു വിലയിരുത്തൽ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com