ADVERTISEMENT

രാമനാട്ടുകര∙ കനത്ത മഴയിൽ ഫാറൂഖ് കോളജ് കുറ്റൂളങ്ങാടി പരിയാരത്ത് ചാലി പാടശേഖരത്തിൽ വ്യാപക നെൽക്കൃഷി നാശം. 8 ഏക്കർ പാടത്ത് കൊയ്ത്തിനു പാകമായ നെൽക്കതിരുകൾ വെള്ളത്തിൽ മുങ്ങി. മെതിക്കാൻ വച്ച കതിർക്കറ്റകൾ നനഞ്ഞും നശിച്ചു. കഴിഞ്ഞ രാത്രി പെയ്ത അപ്രതീക്ഷിത മഴയിൽ വയൽ നിറയെ വെള്ളം കെട്ടിക്കിടക്കുകയാണ്. രാത്രി 11നു തുടങ്ങിയ മഴ 3 മണിക്കൂറോളം നീണ്ടു. കൊയ്ത്തു കഴിഞ്ഞു കറ്റ കെട്ടി വയലിൽ സൂക്ഷിച്ച നെല്ല് പൂർണമായും നനഞ്ഞു. 3 ഏക്കറിൽ കൃഷിയിറക്കിയ തോട്ടോളി ചിന്നനു മാത്രം 2 ലക്ഷം രൂപയുടെ നഷ്ടമുണ്ടായി.  വെള്ളം ഒഴിഞ്ഞു പോയില്ലെങ്കിൽ കൃഷിക്കാരുടെ നഷ്ടം വർധിക്കും. കതിരുകൾ മുളയ്ക്കാനും വൈക്കോൽ ഉപയോഗിക്കാനും പറ്റാത്ത സ്ഥിതിയാകും. 

കൊയ്തെടുത്ത വൈക്കോൽ പാടത്ത് നനഞ്ഞു കുതിർന്നു. ഏറെ അധ്വാനിച്ചു നടത്തിയ കൃഷി മഴയിൽ നശിച്ചതു കർഷകർക്കു കനത്ത തിരിച്ചടിയായി. രാവിലെ മുട്ടിയറ ചീർപ്പിന്റെ ബണ്ട് തുറക്കാത്തതിനാൽ തീരെ വെള്ളം ഒഴിഞ്ഞു പോയില്ല. നഗരസഭ അധികൃതരെ അറിയിച്ചതു പ്രകാരം വേലിയിറക്ക തക്കത്തിൽ വൈകിട്ട് 4നാണു ചീർപ്പ് തുറന്നത്. രാത്രിയോടെ വെള്ളം ഇറങ്ങി തുടങ്ങിയിട്ടുണ്ട്. ബാങ്കുകളിൽനിന്നും മറ്റു ധനകാര്യ സ്ഥാപനങ്ങളിൽനിന്നും വായ്പയെടുത്താണ് പലരും കൃഷി ചെയ്തത്. കൃഷിനാശം നഗരസഭ, കൃഷി വകുപ്പ് അധികൃതരെ വിവരം അറിയിച്ചു. കൃഷി ഓഫിസർ വി.സായൂജ് എത്തി വിവരങ്ങൾ ശേഖരിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com