ADVERTISEMENT

കോഴിക്കോട്∙ സർക്കാർ ആശുപത്രികളിലേക്ക് അവശ്യമരുന്നുകൾ വിതരണം ചെയ്യുന്ന കേരള മെഡിക്കൽ സർവീസസ് കോർപറേഷൻ കേസുകളിൽ നിരന്തരം പരാജയപ്പെടുന്ന സാഹചര്യത്തിൽ കേസ് നടത്തിപ്പിനായി പ്രത്യേക സമിതിക്കു രൂപം നൽകി. മരുന്നു നിലവാരം, ടെൻഡർ നടപടിക്രമങ്ങൾ, നിയമനം തുടങ്ങിയവ സംബന്ധിച്ചു വിവിധ കോടതികളിലും കമ്മിഷനുകളിലുമുള്ള കേസുകളുടെ മേൽനോട്ടമാണു മാനേജിങ് ഡയറക്ടർ െചയർമാനായുള്ള 7 അംഗ സമിതിയുടെ ചുമതല.

െടൻഡർ വ്യവസ്ഥകൾ ലംഘിക്കുന്ന കമ്പനികൾക്കുള്ള തുക കോർപറേഷൻ തടഞ്ഞു വയ്ക്കുന്നതിനെതിരെ ഹൈക്കോടതിയിൽ ഉൾപ്പെടെ ഒട്ടേറെ കേസുകൾ നടക്കുന്നുണ്ട്. മിക്ക കേസുകളിലും തുടർച്ചയായി പരാജയപ്പെടുന്നതു കോർപറേഷന്റെ വിശ്വാസ്യതയെയും സാമ്പത്തിക ഭദ്രതയെയും പ്രതികൂലമായി ബാധിക്കുന്നുണ്ടെന്നു വിലയിരുത്തിയാണു പുതിയ നടപടി.

ചെയർമാനു പുറമേ ഫിനാൻസ് ഡയറക്ടർ, ജനറൽ മാനേജർ, അഡ്മിനിസ്ട്രേറ്റീവ് ഓഫിസർ, സീനിയർ സൂപ്രണ്ട്, എച്ച്ആർ അസിസ്റ്റന്റ് മാനേജർ, അവശ്യമരുന്നു വിഭാഗം അസിസ്റ്റന്റ് എന്നിവരാണു സമിതി അംഗങ്ങൾ. ഇവരിൽ ചിലരുടെ നിയമനങ്ങൾക്കെതിരെ ഗുരുതര ആരോപണങ്ങൾ നിലനിൽക്കുന്നതു കണക്കിലെടുക്കാതെയാണു സമിതിയിൽ ഉൾപ്പെടുത്തിയിരിക്കുന്നതെന്ന് ഒരു വിഭാഗം ചൂണ്ടിക്കാട്ടുന്നു.

രണ്ടാഴ്ചയിലൊരിക്കൽ സമിതി യോഗം ചേരണമെന്നാണു നിർദേശം. കേസുകൾ സംബന്ധിച്ച തപാൽ ലഭിക്കുന്നതിനു പിന്നാലെ സ്വീകരിക്കേണ്ട നടപടിക്രമങ്ങളും നിർദേശിച്ചിട്ടുണ്ട്. ഫയൽ തീർപ്പാക്കുന്നതിനു മുൻപു കേസ് സംബന്ധിച്ചു ലീഗൽ കമ്മിറ്റിയുടെ നിയമോപദേശം വേണ്ടി വന്നാൽ തേടണമെന്നും വ്യക്തമാക്കിയിട്ടുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com